വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും മരിയ ഭക്തിയും 

ദൈവമാതാവിന്റെ വലിയ ഭക്തനായിരുന്നു. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരിശുദ്ധ മറിയം അത്ഭുതകരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതിലൊന്നാണ് പാപ്പായ്ക്ക് നേരെയുണ്ടായ വധശ്രമത്തിനിടെ പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണം അദ്ദേഹത്തിനു ലഭിച്ചത്. ആ സംഭവത്തെ ഒരിക്കല്‍ക്കൂടി അനുസ്മരിക്കാം, പാപ്പായെപ്പോലെ മറിയത്തെ അമ്മയായി ഏറ്റുപറഞ്ഞ്, അവളുടെ സംരക്ഷണം ജീവിതത്തിലുടനീളം തേടുകയും ചെയ്യാം.

1980 നവംബര്‍ 26-ന് അലി അങ്ഗ എന്നൊരു മനുഷ്യന്‍ പരിശുദ്ധ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരാളെ കൊലപ്പെടുത്തിയതിനു ശേഷം ടര്‍ക്കിയിലെ ജയിലില്‍ നിന്ന് രക്ഷപെട്ട ഈ മനുഷ്യനെ കണ്ടെത്താന്‍ ഒരു കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞില്ല. 1981 മെയ് 9-ന് റോമിലെ ഒരു ഹോട്ടലില്‍ അലി അങ്ഗ മുറിയെടുത്തു. മെയ് 13-ന് ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇറങ്ങുമ്പോള്‍ പാപ്പായെ വെടിവച്ചു കൊല്ലണം, അതു മാത്രമായിരുന്നു ഉന്നം തെറ്റാതെ വെടി വയ്ക്കാനറിയുന്ന, മുന്‍പ് ഒരാളെ നിഷ്‌കരുണം വധിച്ച അലിയുടെ ലക്ഷ്യം.

മെയ് 13, പരിശുദ്ധ അമ്മ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മദിവസം. സമയവും 5.13. പാപ്പ തന്റെ വാഹനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലൂടെ വരികയാണ്. ഒരു പെണ്‍കുഞ്ഞിനെ കയ്യിലെടുത്ത് ഉമ്മവച്ച ശേഷം പാപ്പ അവളെ മാതാപിതാക്കന്മാര്‍ക്കു നീട്ടി. തൊട്ടുപിന്നില്‍ നിന്ന് അലി അങ്ഗ തന്റെ മറച്ചു വച്ചിരുന്ന തോക്കെടുത്ത് വെടിയുതിര്‍ത്തു. രണ്ടു ബുള്ളറ്റുകള്‍ പാപ്പയുടെ അടിവയറ്റിലേയ്ക്ക് തുളഞ്ഞുകയറി. മറ്റൊന്ന് ഇടംകയ്യിലെ രണ്ടുവിരലുകള്‍ തകര്‍ത്തു. പിന്നെയൊന്ന് കൈമുട്ടിനെ തൊട്ടുരുമ്മി കടന്നുപോയി. വാഹനം നിന്നു. അംഗരക്ഷകര്‍ പാപ്പയെ പൊതിഞ്ഞു.

പാപ്പായെ ആംബുലന്‍സിലാക്കി ജെമെല്ലി ആശുപത്രിയിലേയ്ക്ക് വാഹനം കുതിച്ചു. എത്ര വേഗം പോയാലും 25 മിനിട്ടെടുക്കും ആശുപത്രിയിലെത്താന്‍. പക്ഷേ, അന്ന് 9 മിനിറ്റ് കൊണ്ട് അവര്‍ പാപ്പയെ ആശുപത്രിയിലെത്തിച്ചു. ആറു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ പുറത്തെടുക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്തു. മരണത്തെ അതിജീവിച്ച പാപ്പയെ മെയ് 18-ന് മുറിയിലേയ്ക്ക് മാറ്റി. അന്ന് പാപ്പായെ കരങ്ങളില്‍ താങ്ങിയത് പരിശുദ്ധ അമ്മയാണെന്ന് വിശ്വസിക്കപ്പെടുന്നു.

പാപ്പായുടെ അവസാനത്തെ തീര്‍ത്ഥാടനം ദൈവമാതാവിനുള്ള നന്ദി പ്രകാശനമായിരുന്നിരിക്കണം. അവസാനത്തെ തീര്‍ത്ഥാടനം പാപ്പ നടത്തുന്നത് ലൂര്‍ദ്ദിലേയ്ക്കാണ്. ലോകത്തെയും സഭയെയും മുഴുവന്‍ പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തില്‍ അന്ന് പരിശുദ്ധ പിതാവ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ