ജപമാലയെ സ്‌നേഹിക്കാന്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിര്‍ദ്ദേശിച്ച 5 മാര്‍ഗ്ഗങ്ങള്‍

    സുദീര്‍ഘമായ, എന്നാല്‍ അമ്മയോടൊപ്പം ഈശോയുടെ ജീവിത വഴികളില്‍ സഞ്ചരിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ് ജപമാല. പരിശുദ്ധ അമ്മയോടൊപ്പം ഇശോയിലേയ്ക്ക് യാത്ര ചെയ്യുന്ന ജപമാലയ്ക്ക് വലിയ ശക്തിയാണ് ഉള്ളത്. എന്നാല്‍ അല്പം സമയം കൂടുതല്‍ എടുക്കുന്നത് കൊണ്ട് തന്നെ പലര്‍ക്കും അതില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കുവാന്‍ കഴിയാറില്ല.

    ഈ സാഹചര്യത്തില്‍ ജപമാലയെ സ്‌നേഹിക്കുവാനും പ്രാര്‍ത്ഥനയിലെ മടുപ്പ് മാറ്റുവാനും ഉതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മുന്നോട്ട് വയ്ക്കുന്നുണ്ട്. ജപമാലയെ ഏറെ സ്‌നേഹിച്ച ആ പ്രാര്‍ത്ഥനയെ നെഞ്ചോട് ചേര്‍ത്ത ജോണ്‍ പോള്‍ പാപ്പായുടെ ആ നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

    1 . ചെറിയ പരിചയപ്പെടുത്തല്‍

    കുട്ടികള്‍ക്കും ചില സമയങ്ങളില്‍ മുതിര്‍ന്നവര്‍ക്കും ജപമാല ചൊല്ലുമ്പോള്‍ മടുപ്പ് അനുഭവപ്പെടുന്നു എന്ന് നിരീക്ഷിച്ച ജോണ്‍ പോള്‍ പാപ്പാ ആദ്യം നിര്‍ദ്ദേശിച്ച പോംവഴി കുട്ടികള്‍ക്ക് അവയെ ചെറുതായി പരിചയപ്പെടുത്തുക എന്നതാണ്. ഒറ്റയടിക്ക് എല്ലാം കൂടി പറഞ്ഞു കുട്ടികളെ മടുപ്പിക്കാതെ ഓരോ രഹസ്യങ്ങള്‍ ധ്യാനിക്കുവാനും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും പഠിപ്പിക്കുക എന്നതാണ് നല്ല മാര്‍ഗ്ഗം എന്ന് പാപ്പ പറയുന്നു.

    2 . ഓരോ രഹസ്യങ്ങളുടെയും ചിത്രങ്ങള്‍

    ഓരോ രഹസ്യങ്ങളുടെയും ചിത്രങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്നത് മറ്റൊരു നല്ല മാര്‍ഗ്ഗമാണ് എന്ന് പാപ്പ പറഞ്ഞിരുന്നു. കാരണം ചിത്രങ്ങള്‍ക്ക് ആളുകളുടെ മനസിനെ സ്വാധീനിക്കുവാന്‍ കഴിയും. അത് ആ രഹസ്യത്തിന്റെ പ്രാധാന്യത്തെയും അര്‍ത്ഥത്തെയും മനസിലാക്കി കൊടുക്കുവാനും ഉള്‍ക്കൊള്ളുവാനും സഹായിക്കും.

    3 . വിശുദ്ധ ഗ്രന്ഥ വായന

    പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പ് ബൈബിള്‍ വായിക്കുന്നത് ഒരാളുടെ മനസിനെ ഏകാഗ്രമാക്കുവാനും ധ്യാനാത്മകമാക്കുവാനും കഴിയും. വിശുദ്ധ ഗ്രന്ഥം വായിച്ചു കഴിഞ്ഞ് അല്‍പനേരം മനസിനെ ശാന്തമാക്കുക. തുടര്‍ന്ന് ജപമാല ചൊല്ലുവാന്‍ ആരംഭിക്കുക. അപ്പോള്‍ കൂടുതല്‍ ശ്രദ്ധയോടും ഭക്തിയോടും കൂടെ ജപമാല ചൊല്ലുവാന്‍ കഴിയും.

    4 . ചെറിയ പ്രാര്‍ത്ഥന

    രഹസ്യം ധ്യാനിച്ച് കഴിഞ്ഞ്, അതിലൂടെ നാം പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഈശോയ്ക്കു സമര്‍പ്പിച്ചുകൊണ്ട് ഒരു ചെറിയ പ്രാര്‍ത്ഥനയാകാം. അത് ഇപ്പോള്‍ പ്രാര്‍ത്ഥിക്കുക നമ്മുടെ ആവശ്യമാണെന്ന തോന്നല്‍ ഉണ്ടാകുന്നതിനും തീക്ഷണതയോടെ അതില്‍ പങ്കെടുക്കുന്നതിനും സഹായിക്കും എന്ന് ജോണ്‍ പോള്‍ പാപ്പാ ഓര്‍മിപ്പിച്ചിരുന്നു.

    5 . പാട്ട് പാടുക

    നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ ഗാനരൂപം നമുക്ക് ലഭ്യമാണ്. ഇടയ്ക്കിടെ ഈ പാട്ടുകള്‍ ഉപയോഗിക്കുന്നത് ആവര്‍ത്തന വിരസത ഒഴിവാക്കുവാനും പൂര്‍ണ്ണമായ പങ്കാളിത്വം ഉറപ്പാക്കുവാനും കുട്ടികള്‍ക്ക് വേഗത്തില്‍ ഇഷ്ടപ്പെടുന്നതിനും കാരണമാകും.

    ഈ അഞ്ചു കര്യങ്ങളാണ് ജപമാല പ്രാര്‍ത്ഥനയെ കൂടുതല്‍ ലളിതമാക്കുവനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിര്‍ദ്ദേശിക്കുന്നത്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.