ആരാണ് പുരോഹിതനെന്ന ചോദ്യത്തിന് വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ മറുപടി

  ജയ്മോന്‍ കുമരകം

  പുരോഹിതരുടെ മദ്ധ്യസ്ഥനായ വിയാനിയുടെ പുരോഹിത ചിന്തകള്‍ കാണാതെ പോകരുത്. അദ്ദേഹം പറയുന്നു:- പൗരോഹിത്യം മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്ന കൂദാശയാണ്. ആരാണ് പുരോഹിതന്‍? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവന്‍.

  വൈദികനേയും മാലാഖയേയും ഒന്നിച്ചു കണ്ടാല്‍ വൈദികനായിരിക്കും ആദ്യം ഞാന്‍ സ്വസ്തി പറയുക. കാരണം മാലാഖ ദൈവത്തിന്റെ മിത്രം മാത്രമാണ്. വൈദികനോ, ദൈവത്തിന്റെ പ്രതിനിധിയും. അതുകൊണ്ടാണ് വിശുദ്ധ ത്രേസ്യാ പുണ്യവതി വൈദികന്‍ നടന്നുപോയ സ്ഥലം ആദരവോടെ ചുംബിച്ചിരുന്നത്. മറിയം വഴി യേശുവിനെ ലോകത്തിനു കിട്ടി. പുരോഹിതര്‍ വഴി യേശുവിനെ എന്നും നമുക്കു കിട്ടുന്നു. എന്നാല്‍ മറിയമോ, മാലാഖയോ മുഖേന പാപമോചനം നമുക്കു കിട്ടത്തില്ല. അതിന് വൈദികന്‍തന്നെ വേണം.

  യേശുപേലും പുരോഹിതനെ അനുസരിക്കുന്നു. എപ്പോള്‍? ദിവ്യബലിയില്‍ ”ഇതെന്റെ ശരീരമാകുന്നു; ഇതെന്റെ രക്തമാകുന്നു” എന്ന് ഉച്ചരിക്കുന്ന മാത്രയില്‍. പുരോഹിതരില്ലാത്ത അവസ്ഥ എന്തായിരിക്കും?. ദിവ്യബലിയില്ല. ബലിപീഠമില്ല. ദൈവാലയ ഗോപുരങ്ങളില്ല. മണിനാദങ്ങളില്ല.

  ഗാനാലാപനങ്ങളില്ല. വചന വ്യാഖ്യാനങ്ങളില്ല. കൂദാശകളുടെ നീര്‍ച്ചാലുകളില്ല. അവയുളവാക്കുന്ന ദുരവസ്ഥ ഭീതിദമാണ്. അതിനാല്‍ വൈദികനെ കാണുമ്പോള്‍ ഇങ്ങനെ ചിന്തിക്കണം. ”അദ്ദേഹമാണ് എന്നെ ദൈവമകനാക്കിയത്. എന്റെ പാപം മോചിച്ചത്.

  എനിക്ക് ആത്മീയ ഭക്ഷണം തന്നത് . അതിന്റെ താക്കോല്‍കാരനും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ അധികാരം എത്ര വലുത്. ദൈവത്തിന്റെ അതേ അധികാരം നല്‍കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്ക് ഗോതമ്പപ്പത്തെ ദൈവമാക്കി മാറ്റുന്നു. അത് പ്രപഞ്ചത്തെ സൃഷ്ടിച്ചതിലും മഹത്തരമല്ലേ? ദൈവത്തിന്റെ ഹൃദയസന്തോഷമായ പുരോഹിതാ, നിന്റെ മാഹാത്മ്യം എത്ര മഹനീയം..!”

  മാതാപിതാക്കളോട് അദേഹം പറയുന്നു. ”അമ്മമാര്‍ കുട്ടികളെ മോടിപിടിപ്പിക്കുന്നു. എന്നാല്‍ അവരുടെ ആത്മാവിനെ അലങ്കരിക്കുന്നില്ല. മക്കളേ, മണ്ണോടു മണ്ണാകുന്ന ഈ മണ്‍ശരീരത്തെ തൃപ്തിപ്പെടുത്തുന്നുവോ? നിത്യയായി ജീവിക്കുന്ന ആത്മാവിനെ പരിഗണിക്കാത്തതെന്ത്?

  കാറ്റു വഴിയരികില്‍ അടിച്ചുകൂട്ടുകയും പെട്ടെന്ന് ചിതറിച്ചുകളയുകയും ചെയ്യുന്ന മണ്‍കൂനപോലെയല്ലേ നമ്മള്‍? പലരും കരുതും ആത്മരക്ഷ അസാധ്യമെന്ന്. വളരെ എളുപ്പമാണ്. നന്മചെയ്യുക, തിന്മ ഉപേക്ഷിക്കുക. അത്രയേ വേണ്ടൂ. കൊട്ടാരത്തില്‍ സകല സൗഭാഗ്യങ്ങളും സൗജന്യമായി തന്നു പരിപാലിക്കുന്ന രാജാവിനെപ്പോലെയാണു ദൈവം.

  അപ്രിയമുണ്ടാക്കി രാജാവിനെ അലോസരപ്പെടുത്താതിരുന്നാല്‍ മാത്രം മതി. മക്കളേ, ഓര്‍മ്മിക്കുക – ലോകം കടന്നുപോകും; സ്വര്‍ഗ്ഗം എന്നുമുണ്ടാകും. ദൈവത്തോടൊപ്പമുള്ള ആത്മാവ് അമ്മയുടെ മടിയിലെ കുഞ്ഞു പോലെയാണ്. പാപം പരാമര്‍ശിക്കുമ്പോള്‍ വിശുദ്ധ ബര്‍ണാര്‍ദിനെ ഉദ്ധരിച്ച് വിയാനി ഇങ്ങിനെ പറയുമായിരുന്നു: ”കര്‍ത്താവേ, എന്റെ പാപം വഴി ഞാനാണ് നിന്നെ വീണ്ടും വീണ്ടും ക്രൂശിച്ചത്. എന്നോടു പൊറുക്കേണമേ”. മരണ വിനാഴികയില്‍ ഇപ്രകാരം ദൈവം നമ്മോടു ചോദിക്കുമെന്നും വിയാനി കൂട്ടിച്ചേര്‍ത്തിരുന്നു: ”മകനേ, നിന്നെ സ്‌നേഹിച്ച എന്നെ എന്തിനാണ് നീ വീണ്ടും വീണ്ടും ക്രൂശിച്ചത്?”.

  പാപപരിഹാര ബലിയായ വിശുദ്ധ കുര്‍ബാനയെപ്പറ്റി വിശുദ്ധന്‍ ഇപ്രകാരം പഠിപ്പിരുന്നു: ”തുലാസിന്റെ ഒരു തട്ടില്‍ വിശുദ്ധ കുര്‍ബാന വയ്ക്കുക; മറ്റേ തട്ടില്‍ മനുഷ്യവര്‍ഗ്ഗം ചെയ്തിട്ടുള്ള എല്ലാ പുണ്യങ്ങളും. വിശുദ്ധ കുര്‍ബാനവച്ചതട്ട് താണുപോകും. കാരണം, അത് ദൈവത്തിന്റെ പ്രവൃത്തിയാണ്; മറ്റേത് മനുഷ്യരുടേയും!”.

  മരിച്ചയാള്‍ പുനര്‍ജനിക്കുമെന്നറിഞ്ഞാല്‍ അയാളെ കാണാന്‍ നാം അങ്ങോട്ടോടും. എങ്കില്‍, കുരിശില്‍ മരിച്ച യേശു ദിവ്യ ബലിയില്‍ ജനിക്കുന്നതു കാണാന്‍ അങ്ങോട്ടോടാത്തതെന്താണ്.? വീണ്ടും വിയാനി പഠിപ്പിക്കുന്നു: ”വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസമുള്ളവര്‍ക്ക് കുര്‍ബാന സ്വീകരണ ശേഷം യേശു അവരുടെ ഉള്ളില്‍ സ്ഫടികത്തിനുള്ളിലെ ദീപം പോലെ തെളിഞ്ഞു നില്‍ക്കുന്നതു കാണാനാവും. അപ്പോള്‍ യാചിക്കുന്ന അപേക്ഷകള്‍ തിരു ശരീരരക്തങ്ങളുടെ യോഗ്യതയാല്‍ ദൈവം സാധിച്ചുതരും.

  വിശുദ്ധ വിയാനി പുണ്യവാനേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…

  ജയ്മോൻ കുമരകം

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.