വിശുദ്ധ ജോണ്‍ മരിയ വിയാനി

ദിവ്യകാരുണ്യ ഈശോയില്‍ എത്രയും സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയസഹോദരങ്ങളേ,
“ആര്‍സിലേയ്ക്കുള്ള വഴി എനിക്ക് കാണിച്ചുതരിക. എന്നാല്‍, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി നിനക്കു ഞാന്‍ കാണിച്ചുതരാം” എന്ന് പറഞ്ഞുകൊണ്ട് ആര്‍സ് എന്ന കൊച്ചുഗ്രാമത്തില്‍ എത്തിച്ചേരുകയും ഒടുവില്‍ ആര്‍സിലേയ്ക്കുള്ള വഴി സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ചവിട്ടുപടിയാക്കിത്തീര്‍ക്കുകയും ചെയ്ത ഒരു വിശുദ്ധന്‍.

സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുകയാണ് ഒരു പുരോഹിതന്റെ ദൗത്യമെന്ന് തിരിച്ചറിയുകയും, “നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്ന് പറഞ്ഞുകൊണ്ട് നിത്യപുരോഹിതനായ ഈശോ ശിഷ്യന്മാര്‍ വഴി സഭയെ ഭരമേല്‍പിച്ച വി. കുമ്പസാരമെന്ന കൂദാശയെ അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിക്കാന്‍ പരിശ്രമിച്ചതുവഴി കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി എന്ന് അറിയപ്പെടുന്ന ഒരു വ്യക്തിത്വം.

മെലിഞ്ഞുണങ്ങിയ ശരീരവും കവിളൊട്ടിയ മുഖവും കൂപ്പിയ കൈകളും ശാന്തമായ മുഖവുമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വിശുദ്ധന്‍. വി. ജോണ്‍ മരിയ വിയാനിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മുടെയുള്ളില്‍ നിറയുന്ന ഏതാനും ചിന്തകളാണിവ. എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ഗുരുവിന്റെ വാക്കുകളെ നെഞ്ചോടുചേര്‍ത്ത് കണ്ണുനീരിന്റെ മാമ്മോദീസായിലൂടെ നിത്യപുരോഹിതനായ ഈശോയ്ക്ക് അനേകം ആത്മാക്കളെ നേടിയ വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു.

മൈനര്‍ സെമിനാരിയില്‍ വന്ന നാള്‍ മുതല്‍ ഓരോ വൈദികവിദ്യാര്‍ത്ഥിയും കേള്‍ക്കുന്ന ഒരു വാചകമുണ്ട്: ‘ഓരോ ദൈവവിളിയും ഒരു ജനതയുടെ നിലവിളിക്കുള്ള ഉത്തരമാണ്.’ അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ നിലവിളിക്കുള്ള ദൈവത്തിന്റെ ഉത്തരമായിരുന്നു വിയാനിയച്ചന്റെ തെരഞ്ഞെടുപ്പ്.
ഫ്രഞ്ച് വിപ്ലവത്തിന്റെ ആക്രമണത്താല്‍ വികൃതമായിത്തീര്‍ന്ന സഭയുടെ മുഖത്തെ വിയാനിയച്ചന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. പള്ളിയെന്നോ പട്ടക്കാരനെന്നോ ഉള്ള വാക്കുകള്‍ അവജ്ഞ മാത്രം ക്ഷണിച്ചു വരുത്തുന്നതായിരുന്നിട്ടും ഒരു വൈദികനായിത്തീരണം എന്നതില്‍ നിന്നും അദ്ദേഹം പിന്നോട്ടുപോയില്ല. ലോകത്തിന്റേതായ മാനദണ്ഡങ്ങള്‍ക്കു മുമ്പില്‍ പരാജയപ്പെട്ടപ്പോഴും പലതവണ തിരസ്‌കൃതനായപ്പോഴും ‘കര്‍ത്താവേ, അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും’ എന്നു പ്രാര്‍ത്ഥിച്ച കുഷ്ഠരോഗിയെപ്പോലെ വിശുദ്ധനും പ്രാര്‍ത്ഥിച്ചു – “കര്‍ത്താവേ, അങ്ങേയ്ക്ക് ഹിതകരമെങ്കില്‍ എന്നെ വൈദികനാക്കണമേ.”

ബാഹ്യദര്‍ശനത്തിനപ്പുറത്തേയ്ക്ക് ഹൃദയത്തിന്റെ നൈര്‍മ്മല്യതയെ തിരിച്ചറിയുന്ന ദൈവം അദ്ദേഹത്തെ വൈദികപദവിയിലേയ്ക്ക് പിടിച്ചുയര്‍ത്തി. വിശ്വാസവും സഭാപ്രവര്‍ത്തനവും താറുമാറായ ആ സ്ഥിതിയില്‍ ഏതെങ്കിലുമൊരു ചെറിയ ഇടവകയില്‍ വേദപാഠം പഠിപ്പിക്കാന്‍ ഉപകരിക്കുമെന്നാണ് അധികാരികള്‍ വിയാനിയെക്കുറിച്ചു ചിന്തിച്ചത്. എന്നാല്‍, അതേ വിയാനി തന്നെ വൈദികരുടെ മുഴുവന്‍ മദ്ധ്യസ്ഥനായിത്തീര്‍ന്നു എന്നതാണ് ചരിത്രം.

വൈദികരുടെ മദ്ധ്യസ്ഥനായിത്തീര്‍ന്ന വി. വിയാനിയുടെ തിരുനാള്‍ ആചരിക്കുന്ന ഈ അവസരത്തില്‍, പൗരോഹിത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്ന നമ്മുടെ മുമ്പിലും ഏതാനും ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് മിശിഹായുടെ മണവാട്ടിയായ സഭയെ നാം എത്രമാത്രം ഉള്ളുകൊണ്ട് സ്‌നേഹിക്കുന്നു എന്നത്. ഒരുപക്ഷേ, ഇന്നത്തെ സമൂഹത്തില്‍ നാം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്.

സഭയുടെ തെറ്റുകളും കുറവുകളും ചാനലുകളിലെ ചര്‍ച്ചയ്ക്കും സോഷ്യല്‍ മീഡിയായിലെ ആഘോഷങ്ങള്‍ക്കും വഴിമാറുമ്പോള്‍ പലപ്പോഴും നമ്മുടെ ഹൃദയവും ശിരസ്സും താണുപോകുന്നു. എന്നാല്‍, സഭയുടെ കുറവുകള്‍ നിരത്തുന്നവരുടെ മുമ്പില്‍ താണുപോകേണ്ടവരല്ല നമ്മളെന്ന് വിയാനിയച്ചന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് സഭയെ സമൂഹത്തിന്റെ ശത്രുവായി ചിത്രീകരിച്ച ഒരു കാലഘട്ടത്തിലാണ് വി. വിയാനി ജീവിച്ചത്. കാലത്തിന്റെ പുഴുക്കുത്തുകള്‍ സഭയെ എല്ലാ കോണുകളില്‍ നിന്നും ആക്രമിച്ചിട്ടും തള്ളിപ്പറഞ്ഞിട്ടും ഒരിക്കല്‍പ്പോലും വിയാനിയച്ചന്‍ സഭയോടുള്ള തന്റെ സ്‌നേഹത്തില്‍ സംശയം പ്രകടിപ്പിച്ചില്ല. എന്തെന്നാല്‍, എല്ലാ പീഢകളും ചെന്നവസാനിക്കുന്നത് ഉയിര്‍പ്പിന്റെ മഹത്വത്തിലേയ്ക്കാണ്.

വിയാനിയച്ചന്റെ ജീവിതത്തില്‍ വിളങ്ങിനിന്നിരുന്ന ഒരു സുകൃതമാണ് അധികാരികളോടും സഹോദരങ്ങളോടുമുള്ള വിധേയത്വം. പലതവണ തെറ്റിദ്ധരിക്കപ്പട്ടപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും തന്റെ ആത്മീയത കാപട്യമാണെന്ന് പറഞ്ഞപ്പോഴുമുള്ള വിയാനിയച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു: “എന്റെ, അജ്ഞതയും കഴിവുകേടും ഞാന്‍ സമ്മതിക്കുന്നു. എന്റെ ആത്മാവിന്റെ കാര്യം ശ്രദ്ധിക്കാന്‍ താല്‍പര്യം കാണിച്ചതില്‍ നന്ദി പറയുന്നു. ദൈവത്തോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.”

നിന്നെ നിന്ദിക്കുന്ന വരെ സ്‌നേഹിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച ഈശോയുടെ വാക്കുകളാണ് തന്റെ ജീവിതത്തിലൂടെ വിയാനിയച്ചന്‍ നമുക്ക് പ്രാവര്‍ത്തികമാക്കി തരുന്നത്. അധികാരികളെയും സഹോദരങ്ങളെയും സ്‌നേഹിക്കുവാനും അവരുടെ കുറവുകള്‍ ക്ഷമിക്കുവാനും അവരെ നമ്മുടെ തന്നെ വളര്‍ച്ചയ്ക്കായുള്ള ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുവാനും വിയാനിയച്ചന്‍ നമ്മെ പഠിപ്പിക്കുന്നു. നിന്റെ സഹോദരന്‍ എവിടെ എന്ന ദൈവത്തിന്റെ ചോദ്യത്തിന് സ്വന്തം സഹോദരന്റെ കരങ്ങള്‍ പിടിച്ചുതന്നെ ദൈവത്തോട് ഉത്തരം പറയുവാന്‍ കഴിയണം.

സ്വര്‍ഗ്ഗത്തിനായി ആത്മാക്കളെ നേടുന്നതില്‍ വ്യാപൃതനായിരുന്നിട്ടും ലോകത്തിന്റേതായ അംഗീകാരങ്ങള്‍ വിയാനിയച്ചനെ തേടിയെത്താതിരുന്നില്ല. വിയാനിയച്ചന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് മെത്രാന്‍ അദ്ദേഹത്തിന് കാനാന്‍ സ്ഥാനവും, ഗവണ്മെന്റ് പ്രഭുസ്ഥാനവും നല്‍കി ആദരിച്ചു. എന്നാല്‍ ഇതിനോടുള്ള വിയാനിയച്ചന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഈ കടമകളാകുന്ന അംഗീകാരങ്ങളും പിടിച്ച് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ഈശോ പറയും: വിയാനിയച്ചാ, നിനക്ക് കിട്ടേണ്ടതെല്ലാം താഴെ നിന്ന് കിട്ടിയില്ലേ. ഇനി ഇങ്ങോട്ട് വരണ്ട എന്ന്.”

നമ്മുടെ ജീവിതയാത്രയില്‍ പേരിനും പ്രശസ്തിക്കും അധികാരത്തിനുമായി എപ്പോഴെങ്കിലും നാം പരിശ്രമിക്കുന്നെങ്കില്‍ നമ്മുടെ വിളിയുടെ ലക്ഷ്യത്തില്‍ നിന്നും നാം വഴുതിമാറിയെന്ന് വിയാനിയച്ചന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വയം ഉയര്‍ത്തുക എന്നതിനപ്പുറത്തേയ്ക്ക് ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം.

അനുതാപം ആവശ്യമില്ലാത്ത 99 നീതിമാന്മാരേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെ തേടിയിറങ്ങിയ പുരോഹിതനായിരുന്നു വിയാനിയച്ചന്‍. ഒരിക്കല്‍, കുമ്പസാരക്കൂട്ടിലിരുന്ന് കരയുന്ന വിയാനിയച്ചനോട് ഒരാള്‍ ചോദിച്ചു: “പിതാവേ, അങ്ങ് എന്തിനാണ് കരയുന്നത്?” അതിന് അദ്ദേഹം നല്‍കിയ ഉത്തരം: “നിങ്ങളുടെ ആത്മാവിന്റെ സ്ഥിതിയോര്‍ത്ത് നിങ്ങള്‍ കരയാത്തതിനാലാണ് ഞാന്‍ കരയുന്നത്” എന്നായിരുന്നു.

വി. കുമ്പസാരത്തെയും അത് ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന പുരോഹിതരെയും സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും കാണുന്ന ഒട്ടേറെ സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നുണ്ട്. നിത്യപുരോഹിതനായ ഈശോയുടെ പ്രതിപുരുഷന്‍ എന്നതിനേക്കാള്‍, മറ്റുള്ളവരുടെ കുറവുകളറിഞ്ഞ് സന്തോഷിക്കാന്‍ ശ്രമിക്കുന്ന സാഡിസ്റ്റുകളായി വരെ പുരോഹിതരും വി. കുമ്പസാരവും ചിത്രീകരിക്കപ്പെട്ടു. എന്നാല്‍, വിയാനിയച്ചന്റെ ജീവിതം നമ്മുടെ മുമ്പില്‍ പറഞ്ഞുവയ്ക്കുന്ന ഒരു കാര്യമുണ്ട്. ആത്മാര്‍ത്ഥമായി ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരാളെയെങ്കിലും ദൈവത്തിലേയ്ക്ക് അടുപ്പിക്കണമെന്ന ആഗ്രഹത്തോടെ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോള്‍ ദൈവം അവിടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിലൂടെ കാല്‍വരിയില്‍ സകലര്‍ക്കും വേണ്ടി ബലിയായിത്തീര്‍ന്ന നിത്യപുരോഹിതന്റെ യഥാര്‍ത്ഥ ശിഷ്യരായി നാമോരോരുത്തരും മാറുകയാണ്.

ഒരുക്കമുള്ള കരങ്ങളിലേ അഭിഷേകം നല്‍കപ്പെടുകയുള്ളൂ. വി. വിയാനിയുടെ ജീവിതമാതൃക വൈദികരും വൈദികാര്‍ത്ഥികളും എത്തരത്തിലാണ് ഒരുക്കമുള്ളവരായിരിക്കേണ്ടതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭയെ സ്‌നേഹിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക, ലോകത്തിന്റെ ആദരവുകളേക്കാള്‍ ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കുക. ഒരുക്കമുള്ള കരങ്ങളോടെ നിത്യപുരോഹിതനായ ഈശോയെ വഹിച്ചുകൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനും അനേകര്‍ക്കു മുമ്പില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കുവാനുമുള്ള കൃപാവരത്തിനായി വി. ജോണ്‍ മരിയ വിയാനിയുടെ മാദ്ധ്യസ്ഥ്യം നമുക്ക് യാചിക്കാം.

ബ്ര. അമല്‍ ചിറമുകത്ത് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.