കുസൃതി കുരുന്നുകളെ കയ്യിലെടുക്കാൻ വിശുദ്ധ ഡോൺ ബോസ്‌കോ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ

    പിരുപിരുപ്പന്മാരായ കുഞ്ഞുങ്ങളെ കൊണ്ട് മാതാപിതാക്കൾ ഏറെ വിഷമിക്കുന്നത് നാം കാണാറുണ്ട്. പ്രത്യേകിച്ചും ആൺ കുട്ടികളിലാണ് വികൃതിയും പിടിവാശിയും കുരുത്തക്കേടും ഒക്കെ കൂടുതൽ കാണുന്നത്.

    ആൺകുട്ടികളിലെ  വികൃതി നിയന്ത്രിക്കുവാനും അവരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കും. അതിനായി വിശുദ്ധ ഡോൺ ബോസ്‌കോയുടെ ജീവിതം മാതൃകയാക്കാം. അദ്ദേഹം തന്റെ ജീവിതത്തിലൂടെ വികൃതികളായ ആൺകുട്ടികളെ നേർവഴിക്കു നയിക്കാനുള്ള ഏതാനും മാർഗ്ഗങ്ങൾ കാണിച്ചു തരുന്നുണ്ട്. അവയിലൂടെ നമുക്ക് ഒന്നു കടന്നു പോകാം.

    1. ശിക്ഷകൾ ഒഴിവാക്കാം

    കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതും അമിതമായി ശാസിക്കുന്നതും ഒഴിവാക്കാനുള്ള പഴുതുകൾ അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുഞ്ഞുങ്ങളിലെ വികൃതി ഒഴിവാക്കാൻ ശിക്ഷകൾ മാത്രം നൽകിയത് കൊണ്ട് ഒരു കാര്യവുമില്ല. അവരെ സ്നേഹിക്കുകയും വേണം. അത് അവർക്കു മനസ്സിലാകുമ്പോൾ, തങ്ങളുടെ പ്രവർത്തികൾ തങ്ങളെ ഏറെ  സ്നേഹിക്കുന്ന മാതാപിതാക്കളെ വേദനിപ്പിക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ അവരിൽ മാറ്റങ്ങൾ വന്നുകൊള്ളും.

    2. ആൺ കുട്ടികൾക്കൊപ്പം അച്ഛന്മാർ കൂടുതൽ സമയം ചിലവിടുക

    കുട്ടികൾ വികൃതികളാണ് എന്ന് കരുതി അവരെ മാറ്റി നിർത്തരുത്. അവർക്കൊപ്പം കൂടുതൽ നേരം ചിലവിടുവാൻ അച്ഛന്മാർ സമയം കണ്ടെത്തണം. ഡോൺബോസ്‌കോ ചെയ്തതും അത് തന്നെയാണ്. അദ്ദേഹം വികൃതികളായ തന്റെ വിദ്യാർത്ഥികൾക്കൊപ്പം കളിച്ചും ചിരിച്ചും ആടിയും പാടിയും മരം കയറിയും ഒക്കെ ആയിരുന്നു. തങ്ങളുടെ ഏതൊരു പ്രവർത്തിക്കും ഒപ്പമായിരുന്ന അദ്ദേഹത്തെ അവർ സ്നേഹിച്ചു. അതിനാൽ കുട്ടികൾക്കൊപ്പം ഏറെനേരം ആയിരിക്കുക.

    3. ജോലികൾ നൽകുക  

    വികൃതിയാണ് എന്നു കരുതി കുട്ടികളെ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തരുത്. അവരെ ഓരോ ജോലികൾ ഏൽപ്പിക്കുക. ഡോൺ ബോസ്‌കോ ഏറ്റവും വികൃതികളായിരുന്ന കുട്ടികളെയാണ് പ്രധാനപ്പെട്ട ജോലികൾ ഏൽപ്പിച്ചിരുന്നത്. ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോൾ ആദ്യത്തെ തവണ തന്നെ അവർ ഏറ്റവും പെർഫെക്റ്റ് ആയി ചെയ്യണം എന്ന് ശഠിക്കരുത്. തെറ്റുകൾ പറഞ്ഞു കൊടുത്ത് അവരെ ഒപ്പം നിർത്തണം. അങ്ങനെ ചെയ്യുമ്പോൾ കുട്ടികൾ മാതാപിതാക്കളെ സ്നേഹിക്കും.