പരിശുദ്ധ കന്യകാമറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?

പരിശുദ്ധ കന്യകാമറിയം എന്നെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ? മറിയം കത്തെഴുതിയതായി ചരിത്രത്തിൽ ഉറപ്പുള്ള തെളിവുകൾ ഒന്നുമില്ലങ്കിലും മറിയത്തിന്റെ ഈ ഭൂമിയിലെ ജീവിതത്തിനിടയിൽ ഒരു വിശുദ്ധന്റെ കത്തിനു മറുപടിയായി പരിശുദ്ധ മറിയം കത്തെഴുതി എന്ന് ശക്തമായ ഒരു പാരമ്പര്യം സഭയിലുണ്ട്. ആ വിശുദ്ധന്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17.

എ.ഡി. 35-ൽ സിറിയയിലാണ് വി. ഇഗ്നേഷ്യസ് ജനിച്ചത്. സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ്. ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ശിശുക്കളെപ്പോലെ ആകുവിൻ എന്നുപറഞ്ഞ് യേശു ഒരു ശിശുവിനെ സുവിശേഷത്തിൽ ചൂണ്ടിക്കാണിക്കുന്നു (മത്തായി 18:3). സഭാപാരമ്പര്യമനുസരിച്ച് ഈ ശിശു അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസാണെന്നു പറയപ്പെടുന്നു. കാലക്രമേണ അദേഹം അന്ത്യോക്യായിലെ മൂന്നാമത്തെ മെത്രാനും ആദിമസഭയിലെ വലിയ ഒരു സഭാപിതാവുമായി.

പരിശുദ്ധ കന്യാകാമറിയത്തിന്റെ സ്വർഗ്ഗാരോപണം എന്നാണ് എന്ന് കൃത്യമായി പറയാൻ കഴിയുകയില്ല. പക്ഷേ, പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ എ.ഡി. 44-നും 55-നും ഇടയ്ക്കാണ് ഇതു സംഭവിച്ചത്.  അങ്ങനെയാണങ്കിൽ വി. ഇഗ്നേനേഷ്യസ് പരിശുദ്ധ കന്യകാമറിയത്തെ കണ്ടിട്ടുണ്ടാവാം.

ഇഗ്നേഷ്യസിന്റെ ഗുരുവായ വി. യോഹന്നാൻ മറിയത്തെ ഭവനത്തിൽ സ്വീകരിച്ചതിനാൽ, യോഹന്നാന്റെ വീട്ടിൽ വച്ച് ഇഗ്നേനേഷ്യസ്‌ പരിശുദ്ധ മറിയത്തെ കണ്ടിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ അവർ തമ്മിൽ കത്തിടപാടുകൾക്കു സാധ്യതയുണ്ട്. എന്തുതന്നെയായാലും മധ്യകാലഘട്ടത്തിലെ സുവർണ്ണ ഐതീഹ്യത്തിൽ (Golden Legend) മറിയവും ഇഗ്നേഷ്യസും തമ്മിൽ കത്തിടപാടുകൾ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യം കത്തെഴുതിയത് വി. ഇഗ്നേഷ്യസാണ്.

‘ക്രിസ്തുവിനു ജന്മം നൽകിയ മറിയത്തിന് അവളുടെ ഇഗ്നേഷ്യസ്’ എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ഒരു തുടക്കക്കാരനും നിന്റെ യോഹന്നാന്റെ ശിഷ്യനുമായ എന്നെ നീ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. യോഹന്നാനിൽ നിന്നാണ് യേശുവിനെപ്പറ്റിയും അവന്റെ പ്രബോധങ്ങളെപ്പറ്റിയും അത്ഭുതകരമായ പല കാര്യങ്ങളെപ്പറ്റിയും പഠിച്ചത്. അവ കേട്ട് ഞാൻ പലപ്പോഴും അത്ഭുതസ്‌തംബ്ദനായിട്ടുണ്ട്. നീ എല്ലായ്പ്പോഴും ഈശോയോട് അടുത്തായിരുന്നതുകൊണ്ടും അവന്റെ രഹസ്യങ്ങൾ നിന്നോട് പങ്കുവച്ചിരുന്നതുകൊണ്ടും ഞാൻ കേട്ട കാര്യങ്ങൾ ഉറപ്പിക്കുക എന്നതാണ് എന്റെ ഹൃദയാഭിലാഷം. ഞങ്ങളോട് വാത്സല്യം കാണിക്കണമേ, പ്രത്യേകമായി പുതുതായി മാമ്മോദീസാ സ്വീകരിച്ച എന്നോടൊപ്പമുള്ളവരുടെ വിശ്വാസം അങ്ങു വഴിയും അങ്ങിലൂടെയും അങ്ങിലും വർദ്ധിപ്പിക്കണമേ.

ഇഗ്നേഷ്യസിന്റെ ഈ കത്തിന് പരിശുദ്ധ കന്യകാമറിയം മറുപടി അയച്ചു എന്നും പാരമ്പര്യത്തിൽ പറയുന്നു.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹശിഷ്യൻ ഇഗ്നേഷ്യസിന് , ക്രിസ്തുവിന്റെ എളിയദാസി എഴുതുന്ന കത്ത്’ എന്നാണ് കത്ത് ആരംഭിക്കുന്നത്. യോഹന്നാനിൽ നിന്നു നീ കേട്ടതും പഠിച്ചതുമായ കാര്യങ്ങൾ സത്യമാണ്. അവയെ വിശ്വസിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യുക. ക്രിസ്തീയസമർപ്പണം നിർവ്വഹിക്കുന്നതിലും ജീവിതത്തെ രൂപപ്പെടുത്തുന്നതിലും അവ നിയന്ത്രിക്കുന്നതിലും ദൃഢചിത്തനാവുക. നിന്നെയും നിന്റെ കൂടെയുള്ളവരെയും സന്ദർശിക്കാൻ യോഹന്നാനോടൊപ്പം ഞാൻ വരും. വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും അവ ധൈര്യപൂർവ്വം പ്രഘോഷിക്കുകയും ചെയ്യുക. പീഡനങ്ങളുടെ കാഠിന്യം നിന്നെ ചഞ്ചലചിത്തനാകാൻ അനുവദിക്കരുത്. നിന്റെ ആത്മാവ് ധൈര്യമുള്ളതായിരിക്കുകയും നിന്റെ രക്ഷയായ ദൈവത്തിൽ സന്തോഷിക്കുകയും ചെയ്യട്ടെ.

ഈ കത്തുകളുടെ സത്യാവസ്ഥ അറിയില്ലെങ്കിലും നൂറ്റാണ്ടുകളായി ഈ കഥ കൈമാറി വരുന്നു. ഈ കത്തിന്റെ ശരിതെറ്റുകൾ തിരയുന്നതിനു പകരം ഈ കത്തിന്റെ സന്ദേശം നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം. പരിശുദ്ധ കന്യകാമറിയത്തോടുള്ള സവിശേഷമായ ബന്ധത്തിൽ വളരുക. അപ്പോൾ അമ്മ നമ്മളെ വിശുദ്ധ കുർബാനയിലേയ്ക്കു വളർത്തും. പരിശുദ്ധ മറിയത്തോടപ്പം വളർന്ന ഇഗ്‌നേഷ്യസ് വിശുദ്ധ കുർബാനയെ “അമർത്യതയുടെ ഔഷധമായി” കണ്ടതില്‍ അതിശയോക്തി പറയാനാവില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.