എന്തുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് ആരോടും കലഹിച്ചില്ല?

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

‘കൈകൾ രണ്ടും വിരിച്ചുപിടിച്ച് ധ്യാനപൂർവ്വം പ്രാർത്ഥിച്ചാൽ ആരും ഒരു കുരിശായി രൂപപ്പെടുമെന്നും ഒരു വശത്തേയ്ക്ക് തല ചായ്ച്ചാൽ ക്രൂശിതനാകുമെന്നും’ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച പുണ്യവാൻ, അസ്സീസിയിലെ വി. ഫ്രാൻസിസ്.

ഇന്ന് പലതിനെയും തച്ചുടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മൾ. വ്യവസ്ഥകൾക്കെതിരെയുള്ള പടപ്പുറപ്പാടിനായി കോപ്പു കൂട്ടുന്ന നമ്മൾ, അസ്സീസ്സിയുടെ തെരുവിലൂടെ ഉന്മാദിയെപ്പോലെ നടന്നുനീങ്ങിയ ഫ്രാൻസിസിനെ മാതൃകയാക്കണം. കാരണം, അയാളുടെ യുദ്ധം തന്നോടുതന്നെ ആയിരുന്നു. എല്ലാ പടപ്പുറപ്പാടുകളുടെയും ആത്യന്തികലക്ഷ്യം സ്വന്തം അസ്തിത്വം ഉറപ്പിക്കുക എന്നതാണ്. നമ്മുടെ കലഹങ്ങളുടെയെല്ലാം പിന്നിലുള്ള അടിസ്ഥാനകാരണവും ഇതുതന്നെ. ഏതു വിധേനയെങ്കിലും എനിക്ക് പേരെടുക്കണം, പ്രശസ്തനാകണം.

യുദ്ധത്തിൽ പങ്കെടുത്ത് വിജയം നേടി രാജാവിൽ നിന്ന് ബഹുമതി ലഭിച്ചു മാടമ്പിയായി സ്വന്ത നാട്ടിൽ പ്രതാപത്തോടെ വാഴണമെന്ന ചിന്തയെ, ഫ്രാൻസിസ് എന്ന പ്രഭുകുമാരൻ ബലി കൊടുത്തപ്പോഴാണ് അസ്സീസിയിലെ ഫ്രാൻസിസ് ജനിക്കുന്നത്. ഫ്രാൻസിസ് നമ്മെ പഠിപ്പിക്കുന്നതും അതാണ്. മാറ്റം ഉണ്ടാകണം അത് അനിവാര്യമാണ്. പക്ഷെ, തുടക്കം നമ്മിൽ നിന്നു തന്നെ ആകണം.

‘സ്വയം മാറുന്നവനേ മറ്റുള്ളവരെ മാറ്റാൻ പറ്റൂ. നവീകരിക്കപ്പെട്ടവനേ മറ്റുള്ളവരെ നവീകരിക്കാനാകൂ.’ തച്ചുടച്ചു നശിപ്പിക്കുന്നതോ, വ്യവസ്ഥിതികൾക്കെതിരെ പോരാടുന്നതോ മാത്രമല്ല വിപ്ളവം. ഫ്രാൻസിസ് തന്നോടു തന്നെ പോരാടി വിജയം നേടിയവനാണ്. തന്നോടു തന്നെ പോരാടി ജയം നേടിയതു കൊണ്ടാണ്, പന്നികളോട് സുവിശേഷം പ്രഘോഷിക്കുക എന്ന മാർപാപ്പയുടെ വാക്കുകളെ ശിരസ്സാവഹിച്ചു കൊണ്ട് ഫ്രാൻസിസ് എന്ന ചെറുപ്പക്കാരനും അയാളുടെ ഒരു ചെറു സാർത്ഥവാഹക സംഘവും പന്നികളോട് സുവിശേഷം പ്രഘോഷിക്കുവാനായി പോയതും പിന്നീട് മാർപാപ്പയിൽ നിന്ന് നെറ്റിത്തടത്തിൽ ഒരു ചെറു കുരിശടയാളമുദ്ര ഏറ്റുവാങ്ങി കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ വചനോപാസകരായി ആ ചെറുസംഘം രൂപം പ്രാപിച്ചതും.

അതുകൊണ്ടു തന്നെയാണ് ‘പ്രാഞ്ചിയേട്ടൻ ആൻഡ് സെയിന്റ് ‘ എന്ന സിനിമയിൽ സംവിധായകനായ രഞ്ജിത്ത്, വിശുദ്ധനായ ഫ്രാൻസിസിലൂടെ പേരും പ്രശസ്തിയും ലഭിക്കാൻ പുരസ്കാരങ്ങളുടെ പിന്നാലെ പരക്കം പായുന്ന അരിപ്രാഞ്ചിയോടു പറയുന്നത്: ‘ജീവിതത്തിൽ ജയിച്ചു എന്ന് നീ കരുതുന്നവരൊന്നും യഥാർത്ഥത്തിൽ വിജയിച്ചവരല്ല.’

നമുക്ക് നമ്മെ തന്നെ രൂപപ്പെടുത്താം. ഫ്രാൻസിസ് ഉറച്ചുനിന്നത് നസറായന്റെ കാലടിയിൽ തന്നെയാണ്. നസറായന്റെ കാലടികളെ അക്ഷരംപ്രതി പിന്തുടരുമ്പോഴും ഫ്രാൻസിസ് ആരോടും കലഹിച്ചില്ല. ഒന്നിനെയും പരിഹസിച്ചില്ല. ആർക്കുമെതിരെ പട പൊരുതിയില്ല. ഒടുവിൽ ഫ്രാൻസിസിലൂടെ സഭ നവീകരിക്കപ്പെട്ടു. നമ്മൾ ആയിരിക്കുന്ന സഭയ്ക്ക് അപചയങ്ങളും കുറവുകളും മുറിവുകളുമുണ്ടെങ്കിൽ നമുക്ക് നമ്മെത്തന്നെ നവീകരിച്ച് സഭയെ വിശുദ്ധീകരിക്കാം.

അടിക്കുറിപ്പ്: ഫ്രാൻസിസ്‌ പറഞ്ഞതനുസരിച്ച്‌ ജീവിതത്തിൽ മാറ്റം വരുത്തിയ പ്രാഞ്ചിയേട്ടൻ, പോളിക്ക് പറഞ്ഞുകൊടുക്കുന്ന വാക്കുകൾ ഇവിടെ കുറിക്കുന്നു:
“മ്മള് ജയിക്കാത്തിടത്ത്‌ വേറൊരാള് ജയിക്കാൻ, മ്മള് കരണമാവുന്നതും മ്മടെ ജയം തന്നെയാ…”

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഡയറക്ടർ, മലങ്കര സുറിയാനി കത്തോലിക്കാ യുവജന പ്രസ്ഥാനം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.