പ്രഘോഷിക്കുന്നത് പ്രവർത്തിച്ചു കാണിക്കുവാനായി ഒരു വിശുദ്ധയുടെ ജീവിതം കൊണ്ടുള്ള ആഹ്വാനം

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൻ പ്രസംഗിച്ചതുപോലെ തന്നെ ജീവിതത്തിൽ പ്രവർത്തിച്ചുകാണിച്ച അമേരിക്കയിലെ ആദ്യത്തെ വിശുദ്ധയാണ് വി. എലിസബത്ത് ആൻ സെറ്റോൺ. ദരിദ്രരുടെയും അനാഥരുടെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയൊക്കെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുവാൻ തൽപരരാകണമെന്ന് യേശു തന്റെ പ്രബോധനങ്ങളിൽ ഉദ്ബോധിപ്പിച്ചതുപോലെ തന്നെ അത് മനസ്സിലാക്കിക്കൊണ്ട് ജീവിച്ച ഒരു വിശുദ്ധയാണ് എലിസബത്ത് ആൻ.

ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അല്പം ബുദ്ധിമുട്ടാണ്. എങ്കിലും വിശുദ്ധരുടെ ജീവിതങ്ങളിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത് ഇതൊക്കെ നമുക്കും സാധ്യമാകുമെന്നാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്കൻ ജനതയ്ക്കും അതുപോലെ തന്നെ ലോകത്തിനു തന്നെയും മാതൃകയായി വർത്തിച്ച ഈ വിശുദ്ധയുടെ ജീവിതം ഓരോ ക്രൈസ്തവനും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച വേളയിൽ ജോൺ XXIII -ാമൻ പാപ്പാ അവരുടെ കാരുണ്യപ്രവർത്തനങ്ങൾ, എത്രത്തോളം ഒരു ജനതയെ ദുരിതത്തിൽ നിന്നും രക്ഷപെടുത്തിയെന്ന് വിശദമാക്കിയിരുന്നു. ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ഹൃദയത്തിൽ സ്വാംശീകരിച്ച അവൾ സ്വന്തം ജീവിതത്തിൽ തന്നെ അത് പ്രാവർത്തികമാക്കുകയായിരുന്നു. വി. വിൻസെന്റ് ഡി പോളിന്റെ ആദർശങ്ങളോട് ചേർന്നുകൊണ്ട്, തന്റെ കുടുംബജീവിതം എന്ന വലിയ വിളിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ അനാഥരെയും രോഗികളെയും ശുശ്രൂഷിക്കുകയും കുഞ്ഞുങ്ങളെയും അഗതികളെയും സംരക്ഷിക്കുകയും അനാഥമന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്ത വിശുദ്ധജീവിതമായിരുന്നു അവരുടേത്. ഇരുപത്തിമൂന്നാം സങ്കീർത്തനത്തെ പ്രാർത്ഥനയായി ഹൃദയത്തിലും തന്റെ ഓരോ പ്രവർത്തികളിലും ചേർത്തുവച്ചിരുന്ന അവർ, വിശുദ്ധ കുർബാനയോടും വിശുദ്ധ ബലിയോടും പരിശുദ്ധ കന്യകാമാറിയത്തോടും അങ്ങേയറ്റം ഭക്തിയും ആദരവും ജീവിതത്തിലുടനീളം പുലർത്തിയിരുന്നു.

ദൈവവചനം ഗ്രഹിച്ച് അത് പാലിക്കുന്നവൻ ഭാഗ്യവാന്മാരാണ്. ക്രൈസ്തവജീവിതത്തിന്റെ അന്തഃസത്തയെ സംഗ്രഹിക്കുന്ന ഈ വചനം വിശ്വാസത്തിന്റെയും പ്രവർത്തിയുടെയും സമന്വയമാണ്. ഇതിലൂടെയാണ് നിത്യജീവിതത്തിന്റെ മഹത്വത്തിൽ പ്രവേശിക്കുക. അതിനാൽ തന്നെ വി. എലിസബത്ത് തീർച്ചയായും ഭാഗ്യവതിയാണ്. കാരണം ദൈവവചനം അനുസരിച്ചു ജീവിക്കുവാൻ അവർക്ക് സാധിച്ചു എന്നുള്ളതു തന്നെ.

സുവിശേഷം വായിച്ചാൽ മാത്രം പോരാ, ജീവിതത്തിൽ പകർത്തുവാൻ ബദ്ധശ്രദ്ധ പാലിക്കണമെന്ന് പഠിപ്പിച്ചുതന്ന വിശുദ്ധയുടെ ജീവിതം വൈദികരും സന്യസ്തരുമടങ്ങുന്ന എല്ലാ വിശ്വാസികൾക്കും ഒരു ധീരകാവ്യം പോലെ ഹൃദയത്തിൽ ചേർക്കാവുന്നതാണ്.

നാം പങ്കിടുന്ന സ്നേഹത്തിലും കരുണയിലും നിന്ന് മറ്റുള്ളവർ മനസ്സിലാക്കട്ടെ നാം ക്രിസ്ത്യാനികളാണെന്ന്; ക്രിസ്തു നൽകിയ സ്നേഹമാണ് നാം മറ്റുള്ളവർക്കായി പകുത്തുനൽകുന്നതെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.