മാനസികരോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിക്ക് തുടക്കം കുറിച്ച വിശുദ്ധ

വര്‍ഷങ്ങള്‍ പിന്നിട്ടാലും വി. ഡിംഫ്‌നയുടെ ജീവചരിത്രം നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കും. അതെങ്ങനെയണെന്നല്ലേ, ഐറിഷ് രാജകുമാരി പദവിയില്‍ നിന്നും വിശുദ്ധരുടെ പട്ടികയിലേക്കുയര്‍ത്തപ്പെട്ട ഈ വിശുദ്ധ, വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടത് മുതൽ മാനസികരോഗം ബാധിച്ച ആളുകളുടെ പ്രത്യേക മദ്ധ്യസ്ഥയായും സംരക്ഷകയായും അറിയപ്പെടുന്നു. ഇപ്രകാരം അറിയപ്പെടാൻ കാരണം, ഈ വിശുദ്ധയുടെ നാടായ ഗീൽ എന്ന സ്ഥലത്തെ ‘ഫാമിലി ഫോസ്റ്റർ കെയർ’ എന്ന മാനസികരോഗികൾക്കായുള്ള ചികിത്സാ രീതിയാണ്.

കൗമാരപ്രായത്തിൽ തന്നെ ഡിഫ്നയുടെ അമ്മ മരിച്ചു. അതിനുശേഷം വളരെയേറെ പരിഭ്രാന്തനും ദുഖിതനുമായ അവളുടെ പിതാവ് മകളെ വിവാഹം കഴിച്ചയക്കുക എന്നതാണ് ഒരു പരിഹാരമെന്ന് തീരുമാനിച്ചു. അതറിഞ്ഞ ഡിഫ്ന രണ്ട് സുഹൃത്തക്കളോടൊപ്പം വീട്ടിൽനിന്നും ഓടിപ്പോയി. കുറച്ചുനാൾ ആരും അറിയാതെ ജീവിച്ചു. പക്ഷേ ഒടുവിൽ ബെൽജിയത്തിലെ ഗീലിൽ അവളുടെ പിതാവ് അവളെ കണ്ടുമുട്ടി. അവിടെവച്ച് അവൾക്ക് വിവാഹം വേണ്ടെന്ന് അവൾ പിതാവിനോട് പറഞ്ഞു. അതിനുശേഷം വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ മാതൃകയായി.

മാനസിക രോഗികളായ കുടുംബാംഗങ്ങളെ തീർത്ഥാടകർ വി. ഡിംഫ്നയുടെ ദേവാലയത്തിൽ പ്രാർത്ഥിക്കാൻ കൊണ്ടുവരുന്നതിലൂടെയാണ് ഈ ചികിത്സ രീതിയുടെ ആരംഭം. പ്രത്യേകിച്ചും ഗീലിലെ കുടുംബങ്ങൾ പലപ്പോഴും തീർത്ഥാടകരെ അവരുടെ വീടുകളിൽ പാർപ്പിച്ചിരുന്നു. മാനസിക രോഗമുള്ളവരിൽ ചിലർ തീർത്ഥാടനത്തിനു ശേഷം സ്ഥിരമായി ഗീലിൽ താമസിക്കുകയും ചെയ്തുപോന്നു. അങ്ങനെയാണ് ഫാമിലി ഫോസ്റ്റർ കെയർ എന്ന സമ്പ്രദായം ആരംഭിച്ചത്.

ബെൽജിയത്തിലെ ഗീലിൽ ഇന്നും മനസികരോഗികളായ വ്യക്തികൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ലോകത്തിൽ ഒരിടത്തും ലഭിക്കാത്തതാണ്. അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല താനും. 1400 വർഷങ്ങളുടെ പഴക്കമുണ്ട് ഈ ചരിത്രത്തിന്. ഗീലിൽ നിലനിൽക്കുന്ന ‘ഫാമിലി ഫോസ്റ്റർ കെയർ’ പ്രവർത്തനങ്ങൾ അത് മനസികരോഗികൾക്കായി ഇവർ നൽകുന്ന പ്രത്യേക ചികിത്സാ രീതിയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗീൽ നിവാസികൾ കൊടുക്കുന്ന പ്രത്യേക പരിചരണം. മാനസികരോഗികളായവരെ സ്വന്തം കുടുംബത്തിൽ താമസിപ്പിക്കുന്ന രീതിയാണിത്. അവർ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കുകയും സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും പൂർണ്ണമായും സമൂഹത്തിൽ ആയിരിക്കുകയും ചെയ്യുന്നു. അതായത്, ഇവർ രോഗിയാണെന്ന് മുദ്രകുത്തി ആരെയും മാറ്റിനിർത്തുന്നില്ല. പതിമൂന്നാം നൂറ്റാണ്ട് മുതൽ നിലനിൽക്കുന്ന യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ചികിത്സാ സമ്പ്രദായമാണിത്. ഇന്ന്, ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ധർ മാനസിക പരിചരണത്തിൽ അദ്‌ഭുതത്തോടെ കാണുന്ന ഒന്നാണ് ഈ ചികിത്സാ സമ്പ്രദായം.

രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുമുൻപ്, 4000 ത്തോളം രോഗികളെ ഫാമിലി ഫോസ്റ്റർ കെയർ സിസ്റ്റത്തിൽ പരിചരിച്ചിരുന്നു. ബെല്‍ജിയത്തില്‍ നിന്നുള്ളവരായിരുന്നു കൂടുതലും. അതുകൂടാതെ, ഫ്രാന്‍സ്, ഡച്ച്‌, ഇംഗ്ലണ്ട്, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെ താമസിച്ചു. ഇപ്രകാരം താമസിക്കുന്നതിന് കുടുബത്തിലേക്കുള്ള ചിലവ് രോഗിയുടെ ബന്ധുക്കളോ വീട്ടുകാരോ നൽകി. രോഗികളെ പരിപാലിക്കാൻ കഴിയുന്ന കുടുംബങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഈ കുടുംബത്തിലെ ഒരു അംഗവും നിയമപരമോ ധാർമ്മികമോ ആയ പ്രശ്‌നങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് തെളിവ്. ഇങ്ങനെ രോഗികളെ പരിചരിക്കുന്നത് അവിടെയുള്ളവർക്ക് വലിയ അഭിമാനമുള്ള കാര്യമായിരുന്നു. പരമ്പരാഗതമായി ഈ ശൈലി തുടരുന്നവർ ആയിരുന്നു മിക്കവരും.

മാനസിക രോഗികളെ സമൂഹത്തിൽ ഒരു വിലയും കൽപ്പിക്കാത്ത സാഹചര്യം ഇന്നും ലോകത്തിൽ പല സ്ഥലങ്ങളിലുമുണ്ട്. വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരം ഒരു ശൈലിയിൽ ജീവിച്ചിരുന്ന ഒരു ജനത രൂപം കൊള്ളുവാൻ കാരണമായി നിലകൊള്ളുന്നത് വി. ഡിഫനയുടെ മാദ്ധ്യസ്ഥമാണ്. എന്നാൽ, 1800-കളിലെ മനോരോഗ വിദഗ്ദ്ധർക്കിടയിൽ ഈ പരിപാടി ഒരു തർക്കവിഷയമായി മാറി.

ഇപ്പോൾ ഗീൽ പ്രോഗ്രാം മികച്ച പരിശീലനത്തിന്റെ ഒരു മാതൃകയായി ലോകമെമ്പാടും കണക്കാക്കപ്പെടുന്നു. ഗവേഷകർ ഇത് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2001 -ലെ മാനസികാരോഗ്യ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. “സമൂഹങ്ങൾക്ക് മാനസികരോഗികളെ എങ്ങനെ പരിപാലിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ബെൽജിയൻ പട്ടണമായ ഗീലിലെ ചികിത്സാ രീതി. ഏറ്റവും പഴക്കമുള്ള മാനസികാരോഗ്യ പദ്ധതിയുടെ ഒരു സ്ഥലമാണിത്.”

ഇന്ന് 250 ഓളം ബോർഡറുകൾ മാത്രമാണ് ഇവിടെയുള്ളത്. എങ്കിലും അത് ഇപ്പോഴും ശക്തമായ മാതൃകയായി തുടരുന്നു. മാനസികരോഗമുള്ള ആളുകൾക്ക് നിലവിലുള്ള സാമൂഹിക സംയോജനം, സമൂഹത്തിൽ നിന്നുള്ള പരിചരണം, മറ്റ് സ്ഥലങ്ങളിൽ ലഭ്യമല്ലാത്ത ഒരു സാധാരണ ജീവിതശൈലി എന്നിവ ഇവിടെയുണ്ട്. ഇത്തരത്തിലുള്ള കുടുംബങ്ങളിലും സമൂഹങ്ങളിലുമുള്ള ദയ, ഔദാര്യം, ക്ഷമ എന്നിവ രോഗികളെ മികച്ച വ്യക്തികളാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.