ചാവറ പിതാവ്: തിരുസഭയ്ക്കു ലഭിച്ച അതുല്യഭാഗ്യം

വിശുദ്ധനും ബുദ്ധിമാനും താപസനുമായിരുന്ന ചാവറ അച്ചന്‍ തിരുസഭയ്ക്കു ലഭിച്ച അതുല്യഭാഗ്യമാണ്. പൊതുസമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കത്തിപ്പടര്‍ന്ന ആത്മീയതേജസാണ് ചാവറയച്ചന്‍. ചുരുങ്ങിയ 65 വര്‍ഷങ്ങള്‍കൊണ്ട് (1805-1871) നിത്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരുപാട് കാര്യങ്ങള്‍ചെയ്ത മഹാനാണ് ചാവറയച്ചന്‍. സര്‍വസ്പര്‍ശിയായ പാണ്ഡിത്യവും തുറവിയും അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളക്കരയില്‍ ഔദ്യോഗികസ്വഭാവമുള്ള വിദ്യാഭ്യാസമില്ലാതിരുന്ന കാലഘട്ടത്തിലാണ് ചാവറയച്ചന്‍ തന്റെ വിദ്യാഭ്യാസശുശ്രൂഷ ആരംഭിക്കുന്നത്. സാമൂഹിക – സാംസ്കാരിക – ആധ്യാത്മികമണ്ഡലത്തിലെ സൂര്യതേജസായിരുന്നു ചാവറ പിതാവ്.

പുനരൈക്യ പരിശ്രമങ്ങള്‍

ചാവറയച്ചന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു സാഹചര്യത്തിന്റെ സമ്മര്‍ദത്താല്‍ കത്തോലിക്കാ സഭയില്‍നിന്നും വേര്‍പെട്ടുപോയ യാക്കോബായ സഹോദരങ്ങള്‍ വീണ്ടും സഭയില്‍ ഒന്നായിത്തീരുക എന്നത്. സ്വന്ത റീത്തില്‍ ഈ നാട്ടില്‍നിന്നുമുള്ള മെത്രാന്മാരുണ്ടായാല്‍ ഇതിനുള്ള സാധ്യത ഏറെയാണെന്ന് ചാവറ പിതാവ് റോമില്‍ അറിയിച്ചിരുന്നു. അതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആഴമായി ചിന്തിച്ചപ്പോള്‍ കണ്ടെത്തിയ ചില പ്രായോഗികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആരാധനാക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിവാഹിതരായ യാക്കോബായ വൈദികര്‍ തിരിച്ചുവന്നാല്‍ അവരെ എപ്രകാരം സ്വീകരിക്കാനാകും എന്നതുംമറ്റും.

ഇതിനുള്ള പരിഹാരവഴികളെക്കുറിച്ച് വികാരി അപ്പസ്‌തോലിക്കാവഴി റോമിന്റെ മനസ്സ് കണ്ടെത്താന്‍ ചാവറ പിതാവ് പരിശ്രമിച്ചു. ചാവറയച്ചന്റെ ശിഷ്യനായ പാലാകുന്നേല്‍ മത്തായി അച്ചനുമായി നടത്തിയ കത്തിടപാടുകള്‍ ഇതിന് സാക്ഷ്യമാണ്. 1869 -ല്‍ 9 -ാം പിയൂസ് മാര്‍പാപ്പ വിളിച്ചുകൂട്ടിയ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ഈ രംഗത്ത് ഫലപ്രദമായ ആദ്യ ചുവടുവയ്പാണ്. ചാവറ പിതാവ് തുടങ്ങിവച്ച പുനരൈക്യപരിശ്രമങ്ങള്‍ 1930 -ലെ മഹത്തായ പുനരൈക്യത്തിലൂടെ സഫലമായി.

വിശുദ്ധനായ സാമൂഹിക പരിഷ്‌കര്‍ത്താവ്

1986 ഫെബ്രുവരി എട്ടാം തീയതി കോട്ടയത്തുവച്ച് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ടുപറഞ്ഞു: “കേരളത്തില്‍ ജനിക്കുകയും 65 വര്‍ഷത്തോളം ഇവിടെ ജീവിക്കുകയുംചെയ്ത ചാവറയച്ചന്‍, ക്രിസ്തീയജീവിതത്തിന്റെ നവീകരണത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി കഠിനാധ്വാനംചെയ്ത ആളാണ്.”

ക്രിസ്തുവിനോടുള്ള ആഴമായ സ്‌നേഹം അദ്ദേഹത്തെ അപ്പസ്‌തോലിക തീക്ഷ്ണതകൊണ്ടു നിറച്ചു. ഇത് സഭയുടെ ഐക്യത്തെ വളര്‍ത്താന്‍ പ്രത്യേകമായി സഹായിച്ചു. സന്യാസം, വിദ്യാഭ്യാസം, അച്ചടി, ഭാഷാപഠനം, സ്ത്രീസമുദ്ധാരണം, സാഹിത്യം തുടങ്ങി അനേകമണ്ഡലങ്ങളില്‍ ശക്തമായ നേതൃത്വംനല്‍കി. കേരള മാധ്യമരംഗത്തെ കുലപതിയാണ് അദ്ദേഹം. ഭാരതത്തിന്റെ പരമ്പരാഗതമതവും സംസ്കാരവും ഭാഷയും വിലമതിക്കപ്പെടണമെന്നും കാലോചിതമായി പരിഷ്‌കരിച്ച് പ്രയോജനപ്പെടുത്തണമെന്നും ചാവറയച്ചന്‍ നിഷ്‌കര്‍ഷിച്ചു. സുറിയാനി കത്തോലിക്കര്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ കുറവെന്നുകണ്ട് ആരംഭിച്ചതാണെങ്കിലും ചാവറയച്ചന്‍ സമാരംഭിച്ച സംസ്‌കൃതപാഠശാല, ജാതി-മത-ലിംഗഭേദമെന്യേ എല്ലാ വിദ്യാർഥികളെയും സ്വീകരിച്ചു. ബോധന മാധ്യമമായി സംസ്‌കൃതം തെരഞ്ഞെടുത്തത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ദളിതര്‍ക്ക് ഈ വിദ്യാലയത്തില്‍ പ്രവേശനംനല്‍കിയത് പൊതുസമൂഹത്തില്‍ വലിയ വിപ്ലവം വരുത്തി.

സുറിയാനി സംസ്കാരത്തില്‍നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരുന്ന സുറിയാനി കത്തോലിക്കരെ മല്പാനും സുറിയാനി പണ്ഡിതനുമായ ചാവറയച്ചന്‍ സുറിയാനി പഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഓരോ ഇടവകയിലും ദൈവാലയവും വിദ്യാലയവും വൈദ്യാലയവും വേണമെന്ന് അച്ചന്‍ നിര്‍ബന്ധംപിടിച്ചു. ഓരോ വീടിനും പ്രാര്‍ഥനാമുറിയും ഭക്ഷണമുറിയും വായനാമുറിയും ചാവറയച്ചന്റെ സ്വപ്നമായിരുന്നു. വിദ്യാഭ്യാസം, വിശുദ്ധി എന്നീ രണ്ട് വിപ്ലവവഴികളിലൂടെ ചാവറയച്ചന്‍ പൊതുസമൂഹത്തെ ശുദ്ധീകരിച്ചു.

ഒരേസമയം മതനവീകരണക്കാരനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്നു ചാവറയച്ചന്‍. ആശ്രമങ്ങളും പള്ളികളും സ്ഥാപിച്ച് പൊതുജീവിതത്തില്‍ ആത്മീയതയും ധാര്‍മ്മികതയും വളര്‍ത്തി. സ്‌കൂളുകളും ആതുരാലയങ്ങളും സ്ഥാപിച്ച് സാംസ്കാരിക നിലവാരമുള്ള, ആരോഗദൃഢഗാത്രരായ പൊതുജനത്തെ സ്വപ്നംകണ്ടു. സ്ത്രീസന്യാസം, സ്ത്രീസമത്വം, സ്ത്രീവിദ്യാഭ്യാസം, സ്ത്രീസമുദ്ധാരണം എന്നിവ ലക്ഷ്യംവച്ചു. തൊഴിലാധിഷ്ഠിത വിദ്യാഭ്യാസവും സ്വാശ്രയവിദ്യാഭ്യാസവും ചാവറയച്ചന്‍ സ്വപ്നംകണ്ടു. ചാവറയച്ചന്‍ സുവിശേഷവ്യാഖ്യാതാവും ഭാഷാപണ്ഡിതനും ആരാധനക്രമത്തില്‍ പരിജ്ഞാനമുള്ളവനുമായിരുന്നു. സുവിശേഷമൂല്യങ്ങളും ആരാധനക്രമത്തില്‍ ഊന്നിയ ആധ്യാത്മികതയും ക്രിസ്തീയതയുടെ ലാളിത്യവും അദ്ദേഹം ജീവിതത്തില്‍ കാത്തുസൂക്ഷിച്ചു.

ദൈവജന രൂപീകരണം

ജനങ്ങളുടെ ആധ്യാത്മികോഥാനത്തിനും സുസ്ഥിതിക്കും സുശിക്ഷിതരും വിശുദ്ധിയുള്ളവരുമായ സന്യാസികളും വൈദികരും ആവശ്യമാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കിയിരുന്നു. ഇടവകകളില്‍ രണ്ടോ, മൂന്നോ വൈദികര്‍ചേര്‍ന്ന് ധ്യാനം നടത്തുക എന്നതായിരുന്നു ആദ്യപടി. വൈദികര്‍ക്ക് വാര്‍ഷികധ്യാനം നടപ്പിലാക്കി. ആരാധനക്രമത്തില്‍ ഐക്യരൂപ്യവും നിശ്ചിതക്രമങ്ങളും ഏര്‍പ്പെടുത്തി. വൈദികരുടെ കാനോന നമസ്കാരം സുറിയാനി പാരമ്പര്യങ്ങള്‍ക്കനുസൃതമായി ക്രോഡീകരിച്ചു. ഇടവകകളില്‍ വാര്‍ഷികധ്യാനം നടപ്പിലാക്കി.

വികാരി ജനറാളായപ്പോള്‍ സുറിയാനി സഭയെ നാലു മേഖലകളായി തിരിച്ചു. സമൂഹത്തെ ഭാരപ്പെടുത്താതെ സഭക്കുണ്ടാകാവുന്ന സാമ്പത്തികപ്രതിസന്ധികളെ പരിഹരിക്കാന്‍ ചില പ്രായോഗികവഴികള്‍ സ്വീകരിച്ചു.

1. പള്ളികളില്‍നിന്നുള്ള നൂറ്റിക്കഞ്ച് പിരിവ് (100 -ന് 5 പിരിവ്: പള്ളികളുടെ വാര്‍ഷികവരുമാനത്തില്‍നിന്ന് 5% പൊതു ആവശ്യങ്ങള്‍ക്ക്).

2. കെട്ടുതെങ്ങ് പിരിവ് – കൃഷിയിടങ്ങളില്‍നിന്ന്. അജപാലനത്തിലൂന്നിയ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വലിയ ഔദാര്യത്തോടെ എല്ലാവരും, പ്രത്യേകിച്ച് തന്റെ സഹസന്യാസികളോടും വൈദികരോടും സഹകരിച്ചു. സഭ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹത്തോടും കൃതജ്ഞതയോടുംകൂടി അനുസ്മരിക്കുന്നു. സഭയുടെ സാമ്പത്തിക കെട്ടുറപ്പ് അച്ചന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ ആസൂത്രണത്തിന്റെ ഫലമാണ്.

3. പിടിയരി പിരിവ്.

ആത്മീയതീഷ്ണത

ക്രിസ്തുവിന് ആത്മാക്കളെ നേടിയെടുക്കുക എന്ന തീഷ്ണതയാല്‍ എരിഞ്ഞിരുന്ന ചാവറപിതാവ് ക്രിസ്തീയവിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിച്ചുവന്നവരെ തന്റെ സഹോദരവൈദികര്‍വഴി വേണ്ടവിധം ഒരുക്കി മാമ്മോദീസ നല്കിയിരുന്നു. നൂറിലേറെ പേര്‍ക്കുവരെ ഒരുമിച്ചു മാമ്മോദീസാ നല്കിയ ദിവസങ്ങളുണ്ടായിരുന്നു. പുതുതായി വിശ്വാസം സ്വീകരിച്ചവര്‍ക്കായി വിശ്വാസപരിശീലനകേന്ദ്രങ്ങളും സ്‌കൂളുകളും ആശ്രമങ്ങളോടു ചേര്‍ന്നുനടത്തിയിരുന്നു.

സത്യവിശ്വാസ സംരക്ഷകന്‍

പേര്‍ഷ്യയില്‍നിന്നു വന്നതും കേരളത്തിലെ സുറിയാനിസഭയുടെ സ്വയംഭരണത്തില്‍ ഇടപെട്ടതുമായ ഒരു ശീശ്മയാണ് റോക്കോസ് ശീശ്മ. 1861 -ല്‍ റോക്കോസ് അനുകൂലികള്‍ ചാവറയച്ചന് മെത്രാന്‍പദവി വാഗ്ദാനംചെയ്തു. തിരുസഭയോട് ചേര്‍ന്നുനില്‍ക്കാന്‍വേണ്ടി, ചാവറയച്ചന്‍ ആ പദവി വലിച്ചെറിഞ്ഞു. റോക്കോസ് മെത്രാന്‍, മാര്‍പാപ്പയാല്‍ നിയമിതനല്ലെന്നു മനസ്സിലാക്കിയ ചാവറയച്ചന്‍ സുറിയാനിസഭയുടെ വികാരി ജനറാള്‍ എന്ന നിലയില്‍ ശക്തിയുക്തം ഈ ശീശ്മയെ ചെറുത്തു. പള്ളികള്‍തോറും പ്രസംഗിച്ചും സര്‍ക്കുലറുകള്‍ അയച്ചും ദൈവജനത്തെ ശീശ്മയില്‍നിന്നും പിന്തിരിപ്പിച്ചു. നിയമവഴികളിലൂടെ നിഷ്‌കാസിതനായ റോക്കോസ് മെത്രാന്‍ താമസിയാതെ കേരളംവിട്ടുപോയി.

ശീശ്മയില്‍ വീണുപോയ 116 -ലേറെ ഇടവകകളെ സദ്‌പ്രേരണയാലും സ്‌നേഹപൂര്‍വമായ സമീപനത്താലും ചാവറ പിതാവ് തിരികെ കൊണ്ടുവന്നു. ചാവറയച്ചന്റെ സമയോചിതമായ ഇടപെടലുകളെ അഭിനന്ദിച്ച് ഒൻപതാം പീയുസ് മാര്‍പാപ്പ അഭിനന്ദന കത്തയച്ചു. കേരളസഭയെ ഐക്യത്തില്‍ നിലനിര്‍ത്തുക എന്നതായിരുന്നു ചാവറയച്ചന്റെ ശ്രമങ്ങളില്‍ ഏറ്റവും വലുത്. വിശുദ്ധിയും വിധേയത്വവും നഷ്ടപ്പെട്ടുകൊണ്ടിരുന്ന സമൂഹത്തെ ഒന്നിച്ചുനിര്‍ത്താന്‍ ചാവറയച്ചന്‍ അധ്വാനിച്ചു.

ദിവ്യകാരുണ്യഭക്തന്‍

ദൈവവചനത്താല്‍ സമ്പുഷ്ടമായ ക്രിസ്തുകേന്ദ്രീകൃത ജീവിതമായിരുന്നു ചാവറ അച്ചന്‍ നയിച്ചത്. പരിശുദ്ധ കുര്‍ബാനയുടെ വലിയ ഭക്തനായ ചാവറയച്ചന്‍ ദിവസവും അനേക മണിക്കൂറുകള്‍ ദിവ്യസക്രാരിയുടെ മുമ്പില്‍ ചെലവഴിച്ചു. നുറുക്കപ്പെട്ട അപ്പത്തില്‍നിന്ന് ശക്തി സംഭരിച്ച് തന്റെ ജീവിതത്തെ മറ്റുള്ളവര്‍ക്കുവേണ്ടി നുറുക്കപ്പെട്ട അപ്പംപോലെ ആക്കി. ആത്മാക്കളെക്കുറിച്ചുള്ള തീഷ്ണതയാല്‍ എരിഞ്ഞിരുന്ന ചാവറയച്ചന്‍ രാത്രിയാമങ്ങളില്‍ സെമിത്തേരിയില്‍ പോയി ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാർഥിച്ചു. തന്റെയുള്ളില്‍ എരിഞ്ഞിരുന്ന ദൈവസ്‌നേഹം വാക്കുകളിലൂടെയും രചനകളിലൂടെയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി.

തിരുക്കുടുംബത്തിന്റെ ഭക്തന്‍ 

‘എന്റെ അമ്മ’, ‘എന്റെ അപ്പന്‍’ എന്നായിരുന്നു പരിശുദ്ധ മറിയത്തെയും വി. യൗസേപ്പ് പിതാവിനെയും അദ്ദേഹം വിളിച്ചിരുന്നത്. തിരുക്കുടുംബത്തിന്റെ ചാവറയച്ചന്‍ എന്നാണ് അദ്ദേഹം സ്വയം എഴുതിയിരുന്നത്. പരിശുദ്ധ അമ്മയോടുള്ള ഭക്തിയില്‍ വളരുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയുംചെയ്തു. ജപമാല, ഉത്തരീയം എന്നിവ പ്രചരിപ്പിക്കുന്നതില്‍ അതീവ ഉത്സാഹിയായിരുന്നു.

ജീവിതലാളിത്യം

ജീവിതലാളിത്യം ചാവറ പിതാവിന്റെ വ്യക്തിത്വത്തിന്റെ ഒരു അടയാളമായിരുന്നു. ഭക്ഷണം, വസ്ത്രം, ഉപയോഗവസ്തുക്കള്‍ എന്നിവയില്‍ യാതൊരു പ്രത്യേകതയും കാണിച്ചിരുന്നില്ല. കടമകളിലും മാതൃകകളിലുംവന്ന പാകപിഴവുകള്‍ക്ക് മാപ്പ് ചോദിച്ചുകൊണ്ടാണ് ചാവറയച്ചന്‍ തന്റെ മരണപത്രം അവസാനിപ്പിച്ചത്.

വൈദിക പരിശീലകന്‍

ആത്മീയ ഉണര്‍വ് നഷ്ടപ്പെട്ട കേരളസഭയില്‍ നല്ല നേതൃത്വംനല്‍കാന്‍ ധാരാളം വൈദികര്‍ ഉണ്ടാകണമെന്ന് ചാവറയച്ചന്‍ ആഗ്രഹിച്ചിരുന്നു. 1833 -ല്‍ മാന്നാനത്ത് തുടങ്ങിയ സെമിനാരി സീറോമലബാര്‍ സഭയുടെ ആദ്യ പൊതുസെമിനാരി ആയിരുന്നു. 1844 -ല്‍ വികാരി അപ്പോസ്‌തോലിക് ഫ്രാന്‍സിസ് സേവ്യര്‍ മെത്രാന്‍ ചാവറ അച്ചനെ സീറോമലബാര്‍ സഭയിലെ വൈദികപരിശീലനത്തിനുള്ള മല്പാനും പട്ടം ലഭിക്കാനുള്ളവരുടെ പരീക്ഷകനും പ്രസംഗം പറയാനും കുമ്പസാരിപ്പിക്കാനുമുള്ള അനുവാദംകൊടുക്കുന്ന അധികാരിയുമായി നിയമിച്ചു.

നാല്‍പതു വര്‍ഷത്തോളം വൈദികപരിശീലനരംഗത്ത് പ്രവര്‍ത്തിച്ചു. മാന്നാനത്തെ സെമിനാരിയുടെ പ്രസക്തി തിരിച്ചറിഞ്ഞ ബെര്‍ണദിന്‍ മെത്രാന്‍, മറ്റ് ആശ്രമങ്ങളോടു ചേര്‍ന്നും സെമിനാരികള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു. 1932 -ല്‍ മംഗലപ്പുഴയ്ക്കു മാറ്റിയ പുത്തന്‍പള്ളി സെമിനാരിയുടെ തുടക്കക്കാരനും ചാവറയച്ചനായിരുന്നു.

ദൈവതിരുമനസ്സ് മാത്രം കണ്ടെത്തി പ്രവര്‍ത്തിയിലാക്കാന്‍ പ്രാര്‍ഥനയെയും പ്രവര്‍ത്തിയെയും സംയോജിപ്പിച്ച വലിയ മാതൃകയാണ് ചാവറയച്ചന്‍. ദൈവസ്മരണയിലും ദൈവസാന്നിധ്യത്തിലും ഉറച്ചുനിന്നുകൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി മാധ്യസ്ഥ്യംവഹിച്ചു പ്രാർഥിച്ച വിശുദ്ധനാണ് ചാവറയച്ചന്‍. ആര്‍ഷഭാരതത്തിന്റെ ആത്മീയ ചൈതന്യസ്രോതസ്സായ ഋഷിമാരുടെയും നിഷ്‌കാമ കര്‍മ്മികളായ മുനിമാരുടെയും ഹൃദയതാപത്തോടെ ദൈവാന്വേഷണം നടത്തിയ പൗരസ്ത്യപിതാക്കന്മാരുടെയും പ്രതീകമാണ് ചാവറയച്ചന്‍.

കേരളത്തിന്റെ നവോത്ഥാന നായകനായ ചാവറയച്ചന്‍, പുണ്യശ്ലോകന്‍, വിശ്വാസസംരക്ഷകന്‍, സന്യാസ സഭാസ്ഥാപകന്‍, വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവ്, സമുദായനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ്. സ്കൂളുകള്‍, വൈദിക പരിശീലനകേന്ദ്രങ്ങള്‍, അച്ചടിശാല, ആസന്നമരണരായ വയോവൃദ്ധര്‍ക്ക് ആശ്വാസമന്ദിരം, പൊതുവിജ്ഞാനശാലകള്‍, മതപഠനകേന്ദ്രങ്ങള്‍ തുടങ്ങിയ നിരവധി അപ്പോസ്‌തോലികനന്മകളുടെ നിര ചാവറയച്ചനില്‍ കാണാം. ആഗോളസഭയ്ക്ക് ഭാരതസഭയുടെ വിലപ്പെട്ട വിശുദ്ധനാണ് വി. ചാവറപിതാവ്.

ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
(മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.