വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്‍ ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി

വി. ചാവറപ്പിതാവിന്റെ വിശുദ്ധിക്കു പ്രണാമം

കത്തോലിക്കാ സഭ വിശുദ്ധരാല്‍ ധന്യയാണ്. രക്തസാക്ഷികളുടെ ചുടുനിണവും വിശുദ്ധരുടെ താപസികതയും എന്നും അവളുടെ ജീവിതത്തെ ദീപ്തമാക്കുന്നു. കേരളസഭയും വിശുദ്ധ സാന്നിദ്ധ്യത്താല്‍ ധന്യയാണ്. കേരളത്തിന്റെ പ്രഥമ വിശുദ്ധനായ ചാവറയച്ചനെ നാം പല പേരുകളില്‍ വിളിക്കാറുണ്ട്. കര്‍മ്മയോഗി, സാമൂഹ്യപരിഷ്‌കര്‍ത്താവ്, അരൂപിയുടെ മേലൊപ്പുള്ള മനുഷ്യന്‍, കാലത്തിന്റെ പ്രവാചകന്‍ എന്നിങ്ങനെ. ഈ പേരുകളെല്ലാം അദ്ദേഹത്തില്‍ സമ്യക്കായി പ്രശോഭിച്ചിരുന്നു എന്നാണ് ഇതിനെല്ലാം അര്‍ത്ഥം.

ചാവറയച്ചനെ മറ്റൊരു വീക്ഷണകോണില്‍ നിന്ന് കാണാനാണ് എനിക്കിഷ്ടം. മനുഷ്യത്വം മരവിക്കാത്ത ഒരു മനുഷ്യസ്‌നേഹി. കൂടെയുണ്ടായിരുന്നവര്‍ അജ്ഞതയുടെ കുപ്പത്തൊട്ടിലില്‍ കിടന്ന് കൈകാലിട്ടടിക്കുന്നതു കണ്ട് അവര്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ വേണമെന്ന് ശഠിച്ചവന്‍. ഇന്നും അക്ഷരജ്ഞാനം ഇല്ലാത്തതിന്റെ പേരില്‍ രണ്ടാം തരത്തിലേയ്ക്ക് ജനങ്ങളെ തന്നെ വേര്‍തിരിച്ചു കാണുമ്പോള്‍ അല്ലെങ്കില്‍ സംസ്ഥാനങ്ങളെ തന്നെ തിരിക്കുമ്പോള്‍ ആ മനുഷ്യസ്‌നേഹിയുടെ സഹജരോടുള്ള കരുതലും കാവലും എത്ര വലുതായിരുന്നു. പള്ളിക്കൂടവുമായി ബന്ധപ്പെട്ടു തന്നെ ചിന്തിക്കുമ്പോള്‍, ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെടുന്നവര്‍ക്കായ് ഉച്ചഭക്ഷണവും അദ്ദേഹം നടപ്പിലാക്കി.

വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഏതൊരു പ്രവര്‍ത്തനങ്ങളിലും നിഴലിക്കുന്ന ആദ്യത്തെ ചിന്ത മനുഷ്യസ്‌നേഹമായിരുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാനാവില്ലെന്ന അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

വി. ചാവറയച്ചന്റെ ആഴമായ ദൈവികത അദ്ദേഹത്തെ മനുഷ്യരിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചുവെന്ന് പറയുന്നതാവും കൂടുതല്‍ ശരി. അഗതികള്‍ക്കായുള്ള ഉപവിശാല തുടങ്ങുന്നതും കുടുംബങ്ങളുടെ നല്ല നടത്തിപ്പിനായി കുടുംബചട്ടങ്ങള്‍ എഴുതിയുണ്ടാക്കിയതും അതുകൊണ്ടു തന്നെ. ചാവറയച്ചന്റെ സാഹിത്യകൃതികള്‍ പ്രത്യേകമായി ‘ആത്മാനുതാപം’ വായിക്കുമ്പോള്‍ നമുക്ക് മനസിലാവുന്ന ഒരു തത്വം അദ്ദേഹം അനുഭവിച്ച ദൈവികമായ അനുഭൂതി എല്ലാവരും അനുഭവിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ്. ‘ഉണ്ണിയേശുവിന്റെ ലീലകളെയും കന്യാമാതാവിനോട് ചേര്‍ന്നിരിക്കുന്നതിനെയും കാണാകേണം’ എന്നു പാടുന്ന ചാവറപ്പിതാവിന്റെ വരികളെ വായിക്കുമ്പോള്‍, വായിക്കുന്നവരിലും അത് കാണുന്നതിനുള്ള ആഗ്രഹം ജനിക്കുന്നു. ഈ ആഗ്രഹം കര്‍മ്മപഥങ്ങളിലെത്തുമ്പോള്‍ അത് വീണ്ടും ചാവറയച്ചനിലെ മനുഷ്യസ്നേഹിയെ നമുക്ക് വെളിപ്പെടുത്തുന്നു.

അച്ചുകൂട സ്ഥാപനവും ഈ സഹജസ്‌നേഹത്തിന്റെ പ്രതിഫലനം തന്നെ. ‘അന്യര്‍ക്ക് ഉപകാരം ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ കണക്കില്‍പെടുത്തുന്നില്ല’ എന്നുപറഞ്ഞ ചാവറയച്ചന്‍ അത് പ്രവര്‍ത്തിപഥത്തില്‍ എത്തിച്ചതിന്റെ നേര്‍സാക്ഷ്യമാണത്. അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയുടെ മുഖം റോക്കോസിനെ തിരിച്ച് നാട്ടിലേയ്ക്ക് അയയ്ക്കുന്നതിലും, പള്ളികളെ ശീശ്മയില്‍ നിന്നും രക്ഷിക്കുന്നിടത്തും പ്രകടമായി കാണാം.

വി. ര്യാക്കോസ് ഏലിയാസ് ചാവറയുടെ ഏറ്റവും വലിയ സംഭാവനയായി നാം കരുതുന്ന കൊവേന്ത-മഠസ്ഥാപനത്തിലും ഇതു തന്നെ വെളിപ്പെടുന്നു. മച്ചിയായ കേരളസഭ വിശുദ്ധരാല്‍ അലങ്കരിക്കപ്പെടണം. വിശുദ്ധി എന്നത് നമുക്കും സാധ്യമാണ് എന്ന് കേരളക്കരയ്ക്ക് മനസിലാക്കി തന്ന വിശുദ്ധന്‍. വിശുദ്ധന്റെ തിരുനാള്‍ നമുക്ക് ഒരു വെല്ലുവിളിയാണ്. സഹോദരനെ അവന്റെ ജീവിതാവസ്ഥയില്‍ അിറഞ്ഞു സഹായിക്കുവാന്‍ – സമൂഹത്തെ ഉദ്ധരിക്കുവാന്‍, നന്മയുടെ പൂക്കള്‍ നമ്മുടെ ജീവിതത്തിലും അവന്റെ ജീവിതത്തിലും വിരിയിക്കുവാന്‍. നമുക്കതിനു കഴിയട്ടെ.

സി. ഗ്രയ്‌സിലിന്‍ ജോസ്
കാര്‍മ്മലൈറ്റ് പ്രോവിന്‍ഷ്യല്‍ ഹൗസ്, എറണാകുളം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.