വി. കാതറിന്‍ ലോബറയും പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും

നവംബര്‍ 27-ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലിന്റെ 190 വര്‍ഷം തികയുന്നു. കത്തോലിക്കരുടെ ഇടയില്‍ അത്ഭുത മെഡല്‍ എന്നാണ് ഇത് അറിയപ്പെടുക. പരിശുദ്ധ കന്യകാമറിയത്തിന് ജീവിതത്തില്‍ സവിശേഷമാംവിധം സ്ഥാനം കൊടുക്കുന്ന പലര്‍ക്കും ഇത് മരിയഭക്തിയുടെ ഒരു ഭാഗമായി തീര്‍ന്നിരിക്കുന്നു. 1854 -ല്‍ സഭ ഔദ്യോഗികമായി പരിശുദ്ധ കന്യകാമറിയത്തിന്റെ അമലാത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ച അന്നു മുതല്‍ ഈ അത്ഭുത മെഡല്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച്, അമലോത്ഭവ മാതാവിന്റെ പുരോഹിതര്‍ക്ക് Marian Fathers of the Immaculate Conception വളരെ പ്രാധാന്യമുള്ളതാണ്.

ഫ്രാന്‍സിലെ പാരീസില്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി എന്ന സന്യാസ സഭയിലെ 24 വയസുള്ള ഒരു നവസന്യാസിനിക്കു ലഭിച്ച ദര്‍ശനമനുസരിച്ചാണ് ഈ അത്ഭുത മെഡലിന്റെ രൂപവല്‍ക്കരണം. 1830 ജൂലൈ 18 -ാം തീയതി നടന്ന ഒരു അസാധാരണ സംഭവത്തോടെയാണ് കഥ ആരംഭിക്കുന്നത്. ആ രാത്രിയില്‍ സി. കാതറിന്‍ ലബോറെയെ (Catherine Laboure) ഒരു കുട്ടി വിളിച്ചുണര്‍ത്തി മഠത്തിന്റെ ചാപ്പലിലേക്കു നയിച്ചു. അവിടെ പരിശുദ്ധ കന്യകാമറിയം ഒരു കസേരയില്‍ ഇരിക്കുന്നതായി സി. കാതറിന്‍ കണ്ടു. അത്ഭുതപരതന്ത്രയായ കാതറിന്‍ മറിയത്തിന്റെ മുമ്പില്‍ മുട്ടുമുത്തി. അവളുടെ കരങ്ങള്‍ അമ്മയുടെ മടിയില്‍ വച്ചു സംസാരിക്കാന്‍ തുടങ്ങി. അത് മണിക്കൂറുകളോളം നീണ്ടു.

സംസാരത്തിനിടയില്‍ മറിയം കാതറിനോട്, താന്‍ തിരികെ വരുമെന്നും ഒരു പുതിയ ദൗത്യം അവളെ ഭരമേല്പിക്കുമെന്നും വാഗ്ദാനം ചെയ്തു. കുട്ടി തന്നെ കാതറിനെ അവളുടെ കിടക്കയിലേക്കു നയിച്ചു. ജൂലൈ 19 -ലെ പ്രഭാതമണി കേട്ടാണ് പിന്നീട് അവള്‍ ഉണര്‍ന്നത്. നാലു മാസത്തിനകം പരിശുദ്ധ മറിയത്തിന്റെ ആഗ്രഹം സി. കാതറിന്‍ മനസ്സിലാക്കി. 1830 നവംബര്‍ 27 -ാം തീയതിയിലെ സായാഹ്ന ധ്യാനത്തിനിടയില്‍ പരിശുദ്ധ മറിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. മെഡലില്‍ ചിത്രീകരിച്ചിരിക്കുന്നതു പോലെ ഒരു ഗ്ലോബിന്റെ മുകളിലാണ് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത്.

പരിശുദ്ധ അമ്മ കാതറിനോടു പറഞ്ഞു: “ഞാന്‍ കാണിച്ചു തരുന്ന മാതൃകയില്‍ ഒരു മെഡല്‍ നിര്‍മ്മിക്കുക. ഇത് അണിയുന്നവര്‍ പ്രത്യേകമായി, കഴുത്തില്‍ അണിയുന്നവര്‍ വലിയ കൃപകള്‍ സ്വന്തമാക്കും. ആദ്യ മെഡലുകള്‍ 1832 -ല്‍ നിര്‍മ്മിക്കുകയും പാരീസിലുടനീളം വിതരണം ചെയ്യുകയും ചെയ്തു. മെഡലുകള്‍ ധരിക്കുന്നവര്‍ ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ തുടങ്ങി. ഈ ഭക്തി വളരെ വേഗത്തില്‍ത്തന്നെ നാടെങ്ങും പടര്‍ന്നു.1836 -ല്‍ സഭ, മാതാവിന്റെ ഈ പ്രത്യക്ഷീകരണം ശരിയാണെന്നു പ്രഖ്യാപിച്ചു.

മെഡലിന്റെ മുന്‍വശം

മെഡലിന്റെ മുന്‍വശത്ത് മറിയം ഒരു ഗ്ലോബിന്റെ മുകളില്‍ നില്‍ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവള്‍ പാദങ്ങള്‍ കൊണ്ട് ഒരു സമര്‍പ്പത്തിന്റെ തല തകര്‍ക്കുന്നു. കാതറിന്‍ പറയുന്നതനുസരിച്ച്, ആദ്യ ദര്‍ശനത്തില്‍ പരിശുദ്ധ മറിയം സൂര്യരശ്മി പോലെ തേജസ്സുള്ളതായിരുന്നു. മറിയത്തിന്റെ കരങ്ങളില്‍ നിന്നു പ്രവഹിച്ചിരുന്ന കിരണങ്ങള്‍ മറിയം കാതറിനോട് പറഞ്ഞതു പോലെ, ‘എന്നോട് യാചിക്കുന്നവര്‍ക്ക് ഞാന്‍ ചൊരിയുന്ന കൃപകളെയാണ് സൂചിപ്പിക്കുക.’ ഓവല്‍ ആകൃതിയിലുള്ള ഈ മെഡലിന്റെ ഒരുവശത്ത് ജന്മപാപമില്ലാതെ ജനിച്ച മറിയമേ, നിന്നില്‍ അഭയം തേടുന്ന ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

മെഡല്‍ വെളിപ്പെടുത്തുന്ന മരിയവിജ്ഞാനങ്ങള്‍

മറിയം നമ്മുടെ അമ്മ – തുറന്ന കരങ്ങളിലൂടെ ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും അഭയസ്ഥാനമായ അമ്മയാണ് താനെന്ന് മറിയം സൂചിപ്പിക്കുന്നു. അമലോത്ഭവ – ജന്മപാപമില്ലാതെ ജനിച്ചവള്‍ എന്ന സംജ്ഞ മറിയത്തിന്റെ അമലോത്ഭവത്തെ ധ്വനിപ്പിക്കുന്നു. സ്വര്‍ഗ്ഗരോപിത – ഗ്ലോബ്ലിനു മുകളില്‍ മറിയം നില്‍ക്കുന്നത് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ സൂചനയാണ്. മദ്ധ്യസ്ഥ – മറിയത്തിന്റെ കരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന കൃപകളായ കിരണങ്ങള്‍ പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതയുടെ പ്രതീകമാണ്. മറിയം നമ്മുടെ സംരക്ഷക – സര്‍പ്പത്തിന്റെ തല തകര്‍ത്തു കൊണ്ട് മറിയം മനുഷ്യവര്‍ഗ്ഗത്തെ സംരക്ഷിക്കുന്നു (ഉല്‍. 3:15).

മെഡലിന്റെ മറുവശം

മറുവശത്ത് വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയതു പോലെ, ‘ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം’ (വെളി. 12:1) പോലെ 12 നക്ഷത്രങ്ങള്‍. M എന്ന അക്ഷരത്തിനുള്ളിലൂടെ ഒരു കുരിശ് ഉയര്‍ന്നു നില്‍ക്കുന്നു; അതിനു താഴെ ജ്വലിക്കുന്ന രണ്ട് ഹൃദയങ്ങളും. ഒരു ഹൃദയം മുള്ളുകളാല്‍ ചുറ്റപ്പെട്ടതും മറ്റൊന്ന് വാളിനാല്‍ പിളര്‍ന്നതും. ഈ രൂപകല്‍പനയില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ ചില പ്രതീകങ്ങള്‍ നിഴലിക്കുന്നുണ്ട്.

M എന്ന അക്ഷരം പരിശുദ്ധ മറിയത്തെ അമ്മയും മദ്ധ്യസ്ഥയുമായി മനസ്സിലാക്കുന്നു. കുരിശ് – നമ്മളെ രക്ഷിച്ച യേശുവിന്റെ രക്ഷകരമായ കുരിശാണ് 12 നക്ഷത്രങ്ങള്‍ ആദിമസഭയെ പടുത്തുയര്‍ത്തിയ 12 അപ്പസ്‌തോലന്മാരെ സൂചിപ്പിക്കുന്നു. ഇടതു വശത്തുള്ള ഹൃദയം ഈശോയുടെ തിരുഹൃദയമാണ് വലതുവശത്തുള്ള ഹൃദയം പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവഹൃദയമാണ്. തീജ്വാലകള്‍ യേശുവിന്റെയും മാതാവിന്റെയും നമ്മോടുള്ള സ്‌നേഹത്തിന്റെ പ്രതീകം.

ഈ മെഡല്‍ ധരിച്ചിരുന്ന നമുക്കെല്ലാവര്‍ക്കും പരിചിതരായ രണ്ട് വിശുദ്ധരാണ് വി. മാക്‌സിമില്യന്‍ കോള്‍ബയും വി. മദര്‍ തേരേസായും. ഫാ. കോള്‍ബ തന്റെ ജീവിതകാലത്ത് മാതാവിന്റെ അമലോത്ഭവഭക്തി പ്രചരിപ്പിക്കാന്‍ അമലോത്ഭവ മാതാവിന്റെ പടയാളികള്‍ (Knights of the Immaculata) എന്നൊരു ദൈവമാതൃഭക്ത സംഘടനക്ക് രൂപം നല്‍കിയിരുന്നു. ആ സംഘടനയുടെ അധികാരമുദ്രയായിരുന്നു ഈ അത്ഭുത മെഡല്‍, ഇതിലെ അംഗങ്ങള്‍ എല്ലാവരും ഈ മെഡല്‍ ധരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. കോള്‍ബേയുടെ അഭിപ്രായത്തില്‍ തിന്മക്കെതിരെയുള്ള സില്‍വര്‍ ബുള്ളറ്റായിരുന്നു (silver bullet) ഈ മെഡല്‍. കല്‍ക്കത്തായിലെ മദര്‍ തേരേസാ ഈ മെഡലിനെ ഉപവിയുടെ മെഡല്‍ (medal of charity) എന്നാണ് വിളിച്ചിരുന്നത്. ദൈവം എല്ലാ വ്യക്തികളെയും എല്ലാ നിമിഷവും സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമായണ് മദര്‍ ഈ അത്ഭുത മെഡലിനെ കണ്ടിരുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ജെമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ ഓരോ സ്വര്‍ണ്ണവേട്ടയും അത്ഭുത മെഡല്‍ അണിഞ്ഞുകൊണ്ടായിരുന്നു. പരിശുദ്ധ മറിയം വഴി യേശുവിലേക്ക് അത്ഭുതകരമായി വളരാന്‍ ഈ മെഡല്‍ നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.