വി. കമില്ലസും ഏഴു പ്രത്യേകതകളും

ജൂലൈ 14-നാണ് വി. കമില്ലസ് ഡി ലെലിസിന്റെ തിരുനാൾ ദിനം. രോഗികളുടെയും ആശുപത്രികളുടെയും നഴ്സുമാരുടെയും ഡോക്ടർമാരുടെയും മധ്യസ്ഥനായ അദ്ദേഹത്തിന്റെ ജീവിതം ഒരുപാട് സവിശേഷതകൾ നിറഞ്ഞതായിരുന്നു. വിശുദ്ധന്റെ ജീവിതത്തിലെ സവിശേഷമായ ഏഴു കാര്യങ്ങളെക്കുറിച്ച് വായിച്ചറിയാം…

1. അത്ഭുതകരമായ ജനനം

വി. കമില്ലസിന്റെ ജനനത്തിന് സ്നാപകയോഹന്നാന്റെ ജനനവുമായി സാമ്യമുണ്ട്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് 60 വയസ്സുള്ളപ്പോഴാണ് കമില്ലസ്സ് ജനിക്കുന്നത്. ഗർഭിണിയായിരിക്കെ അദ്ദേഹത്തിന്റെ അമ്മയ്ക്ക് സ്വപ്നത്തിൽ ദൈവം ഒരു വെളിപാട് നൽകി. നെഞ്ചിൽ ചുവന്ന കുരിശുള്ള വസ്ത്രം ധരിച്ച ഒരു വലിയ ജനക്കൂട്ടത്തെ തന്റെ മകൻ നയിക്കുന്നതായിട്ടായിരുന്നു ആ ദർശനം.

2. കൂലിപ്പടയാളിയായ പിതാവ്

പണത്തിനുവേണ്ടി അന്യരാജ്യമായ സ്പെയിനിന്റെയും വെനീസിന്റെയും സൈന്യത്തിലെ പടയാളിയായി സേവനം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. കമില്ലസ്സിന് 18 വയസ്സുള്ളപ്പോൾ പിതാവ് അവനെ യുദ്ധം ചെയ്യാൻ കൊണ്ടുപോയി. തികച്ചും ദാരിദ്ര്യത്തിൽ ജീവിച്ച അദ്ദേഹം വളരെ പെട്ടെന്നുതന്നെ സമ്പത്തിലും സുഖലോലുപതയിലും അഭിരമിച്ചു.

3. തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ പഠനം ആരംഭിച്ച വിശുദ്ധൻ

പരിവർത്തനത്തിന്റെ നാളുകൾക്കുശേഷം കമില്ലസ് തന്റെ 32-ാം വയസ്സിൽ റോമൻ കോളേജ് ഓഫ് ജെസ്യൂട്ട്സിൽ ചേർന്ന് പഠനം ആരംഭിച്ചു. 1584 മെയ് 26-നാണ് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായത്. നാല് പേപ്പൽ ബസിലിക്കകളിലൊന്നായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ചാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

4. വി. ഫിലിപ്പ് നേരിയുമായി സൗഹൃദം

വി. പത്രോസ് ശ്ലീഹായ്ക്കുശേഷം റോമിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഫിലിപ്പ് റൊമോളോ നേരി. അദ്ദേഹവുമായുള്ള സൗഹൃദത്തിലൂടെ കമില്ലസിന്റെ പരുക്കൻസ്വഭാവത്തിന് സൗമ്യത വരുത്താൻ കഴിഞ്ഞുവെന്നാണ് പറയുന്നത്. കപ്പൂച്ചിൻ ഫ്രാൻസിസ്കൻ പുരോഹിതന്മാരിൽ നിന്ന് അദ്ദേഹം എളിമയും ത്യാഗവും പഠിച്ചു. ആത്മീയജീവിതത്തിന്റെ ശക്തമായ വശങ്ങൾ അദ്ദേഹം തന്റെ ജെസ്യൂട്ട് സഭയിൽ നിന്ന് മനസ്സിലാക്കി.

5. എല്ലാദിവസവും ജപമാല പ്രാർത്ഥിച്ചു

എല്ലാദിവസവും ജപമാല പ്രാർത്ഥിക്കുന്നതിൽ പ്രത്യേക തല്പരനായിരുന്നു അദ്ദേഹം. ജപമാല ചൊല്ലുന്നതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അസാധാരണമാംവിധം ദിവ്യകാരുണ്യത്തോട് വലിയ ഭക്തിയുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

6. റെഡ് ക്രോസ്സിന്റെ സ്ഥാപകൻ

രോഗികളുടെയും രക്തസാക്ഷികളുടെയും സഭ സ്ഥാപിച്ച അദ്ദേഹം ചുവന്ന കുരിശും അണിയിച്ചായിരുന്നു സഭാംഗങ്ങളെ, യുദ്ധമുഖത്ത് പരിക്കേറ്റുകിടക്കുന്നവര്‍ക്ക് സേവനം ചെയ്യാൻ പറഞ്ഞയച്ചിരുന്നത്. അങ്ങനെ റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിക്കപ്പെടുന്നതിന് ഏകദേശം 250 വർഷങ്ങൾക്കു മുൻപേ അദ്ദേഹം റെഡ് ക്രോസ്സ് സാഹോദര്യത്തിന്റെ ചിഹ്നമാക്കി മാറ്റി.

7. സ്വന്തം മരണം പ്രവചിച്ച വിശുദ്ധൻ

ആരാധനാ കലണ്ടർപ്രകാരം വി. ബൊനവഞ്ചറിന്റെ തിരുനാൾ ദിനമായ ജൂലൈ 14-ന് റോമിൽവച്ച് അദ്ദേഹം മരിക്കുമെന്ന് പ്രവചിച്ചിരുന്നു. 1614 ജൂലൈ 14-ന് അത് സംഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരം എംബാം ചെയ്തുസൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം തിരുശേഷിപ്പായി റോമിലെ കമില്യൺ മദർ ഹൗസില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.