വിമർശനങ്ങളെ വിവേചനത്തോടെ നേരിടാൻ വിശുദ്ധ ബെർണാർഡിൻ നൽകുന്ന മൂന്ന് നിർദ്ദേശങ്ങൾ

    പലരും ഇന്ന് ഭയപ്പെടുന്ന – അഭിമുഖീകരിക്കുവാൻ മടി കാണിക്കുന്ന ഒന്നാണ് വിമർശനങ്ങൾ. അതിനു കാരണം അത് ഒരാളിൽ ഉണ്ടാക്കുന്ന ആന്തരികമായ മുറിവുകൾ തന്നെ. ഒരാളെത്തന്നെ ഇല്ലാതാക്കുവാൻ ചില വിമർശനങ്ങൾക്കു കഴിയും. വിമർശനങ്ങളെ എങ്ങനെ അതിജീവിക്കുവാൻ കഴിയും? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് പതിനാലാം നൂറ്റാണ്ടിലെ സന്യാസിയായിരുന്ന വി. ബെർണാർഡിൻ.

    ജീവിതകാലത്ത്, അറിയപ്പെടുന്ന പ്രഭാഷകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുവാൻ ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിയിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ വിമർശിക്കുന്നവരും ധാരാളം ഉണ്ടായിരുന്നു. എന്നാൽ ആ വിമർശനങ്ങളെ ഒരിക്കൽപ്പോലും ഭയപ്പെടുകയോ അതിൽ തളരുകയോ ചെയ്തിരുന്നില്ല. എങ്ങനെയാണ്, ഇത്ര കൃപയോടെ ഈ വിമർശനങ്ങളെ നേരിടുന്നതെന്ന് ഒരിക്കൽ അദ്ദേഹത്തോട് ഒപ്പമുള്ള സന്യാസികൾ ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മൂന്ന് ഉത്തരങ്ങള്‍ ഇതാ.

    ഈ ഉത്തരങ്ങള്‍/ നിർദ്ദേശങ്ങൾ വിമർശനങ്ങളെ നേരിടുവാൻ നമ്മെയും സഹായിക്കട്ടെ:

    1. വിമർശനത്തെ ഗൗരവമായി കാണുക, വ്യക്തിപരമാക്കാതിരിക്കുക

    വിമർശനങ്ങളെ ഗൗരവമായി കാണുക എന്നാൽ പല വിമർശനങ്ങളും കേട്ട് അതിനനുസരിച്ചു മാറുക എന്നല്ല. അതിനെക്കുറിച്ച് ചിന്തിക്കുക. നാം ചെയ്യുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യാം. എന്നിട്ട് നമുക്ക് ശരിയെന്നു തോന്നുന്ന കാര്യം സ്വീകരിക്കാം. വിമർശനങ്ങളെ വ്യക്തിപരമായി കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, അത് വ്യക്തിപരമാകുന്നതോടു കൂടി നമ്മുടെ ഉള്ളിലെ മുറിവുകൾക്ക് കാരണമായി മാറും. അത് കൂടുതൽ പ്രതിസന്ധികൾക്ക് വഴിവെക്കും.

    2. നിങ്ങളുടെ പ്രവർത്തികളെക്കുറിച്ച് ചിന്തിക്കുക; മറ്റുള്ളവരുടെ അംഗീകാരങ്ങൾക്കു പുറകെ പോകാതിരിക്കുക

    നാം ചിന്തിക്കേണ്ടത് നമ്മുടെ ആശയങ്ങൾ, പ്രവർത്തികൾ, വാക്കുകൾ എന്നിവയെക്കുറിച്ച് മാത്രമായിരിക്കണം. നമ്മുടെ പ്രവർത്തികൾ കണ്ടാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ചിന്തിച്ചാൽ നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ ലോകം പലതരത്തിലുള്ള ശരി-തെറ്റുകളുടെ സംഗമമാണ് എന്ന് മനസിലാക്കുക. ഒരാളുടെ ശരി ആയിരിക്കില്ല മറ്റൊരാളുടെ ശരി. തെറ്റും അങ്ങനെ തന്നെ. അതിനാൽ നമ്മുടെ വാക്കുകളിലും പ്രവർത്തികളിലും എത്രത്തോളം സത്യമുണ്ടെന്ന് കണ്ടെത്തുക. അത് മറ്റാരെയും വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മുടെ മനഃസാക്ഷിക്ക് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ അതുമായി മുന്നോട്ടുപോവുക. അത്ര തന്നെ.

    3. തർക്കത്തിന്റെ ആവശ്യമില്ല

    നമ്മെ ഒരാൾ വിമർശിക്കുമ്പോൾ നാം അവിടെ തർക്കിക്കേണ്ട ആവശ്യമില്ല എന്ന് വിശുദ്ധൻ മുന്നറിയിപ്പ് നൽകുന്നു. തർക്കങ്ങൾ പ്രശ്നങ്ങളിലേ അവസാനിക്കുകയുള്ളു. നമ്മൾ ചെയ്യുന്നത് 100% നല്ലതാണെങ്കിൽ – സത്യമാണെങ്കിൽ അവിടെ തർക്കിക്കാൻ നിൽക്കണ്ട. കാലം അവരെ സത്യം എന്തെന്ന് പഠിപ്പിച്ചു കൊള്ളും.

    നമ്മുടെ ജീവിതത്തിലും വിമർശിക്കുന്ന ധാരാളമാളുകളെ കാണാം. അവിടെയൊക്കെ ഈ നിർദ്ദേശങ്ങൾ നിങ്ങളെ സഹായിക്കട്ടെ.