വിശുദ്ധ ബര്‍ണാര്‍ഡിന് പരിശുദ്ധ മറിയം മുലപ്പാല്‍ നല്‍കിയത് എന്തിന്?

സിസ്റ്ററിയന്‍ സന്യാസിയായിരുന്ന വി. ബെര്‍ണാര്‍ഡിന് പരിശുദ്ധ മറിയത്തോട് അതീവഭക്തി ഉണ്ടായിരുന്നു. ഒരിക്കല്‍ രോഗബാധിതനായിരുന്ന അവസരത്തില്‍ അദ്ദേഹത്തിന് വിശുദ്ധരുടെ അകമ്പടിയോടെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും തന്റെ മാറില്‍ നിന്ന് പാല്‍, അദ്ദേഹത്തിന്റെ നാവില്‍ നല്‍കുകയും ചെയ്തു. ലാക്ടേഷന്‍ ഓഫ് സെന്റ് ബെര്‍ണാര്‍ഡ് എന്ന പേരിലുള്ള ചിത്രവും അതിപ്രശസ്തമാണ്. കെരൂബുകളുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെയും കൈകളിലേന്തി വിശുദ്ധനു മുന്നില്‍ നില്‍ക്കുന്ന മാതാവിന്റെ ചിത്രമാണത്.

മൂന്നു തുള്ളി മുലപ്പാലാണ് മാതാവ് വിശുദ്ധന് നല്‍കിയതെന്നും ഉടനടി അദ്ദേഹം സൗഖ്യം പ്രാപിക്കുകയുണ്ടായെന്നുമാണ് ചരിത്രം. മുലയൂട്ടല്‍ എന്നത് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച് ദൈവീകജ്ഞാനം സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. ആ നിലയിലാണ് പ്രസ്തുത സംഭവം വിശദീകരിക്കപ്പെടുന്നത്.

‘ജറുസലെമിനെ സ്‌നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്ത് സന്തോഷിച്ചു തിമിര്‍ക്കുവിന്‍.
അവളുടെ സാന്ത്വനസ്തന്യം പാനം ചെയ്ത് തൃപ്തരാകുവിന്‍; അവളുടെ മഹത്വത്തിന്റെ സമൃദ്ധി നുകര്‍ന്ന് സംതൃപ്തിയടയുവിന്‍’ (ഏശയ്യാ 66:10-11).

‘സഹോദരരേ, എനിക്ക് നിങ്ങളോട്, ആത്മീയമനുഷ്യരോടെന്നതു പോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡീകമനുഷ്യരോട് എന്നതുപോലെയും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോട് എന്നതുപോലെയുമാണ് നിങ്ങളോടു ഞാന്‍ സംസാരിച്ചത്. ഗുരുവായ ഭക്ഷണം കഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്ക് ഞാന്‍ പാല്‍ തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്. എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡീകമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡീകരും സാധാരണക്കാരുമല്ലേ?’ (1 കോറി 3:13).