ബൈബിള്‍ വായനയിലെ വിരസതയെ വി. അഗസ്തീനോസ് അകറ്റിയിരുന്ന വിധം

ചെറിയൊരു ഭാഗം ഒഴിച്ചുനിര്‍ത്തിയാല്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും വിരസത ഉളവാക്കുന്നതുമാണ് വിശുദ്ധ ഗ്രന്ഥത്തിലെ നല്ലൊരു ശതമാനം ഭാഗവും. അതുകൊണ്ടു തന്നെ ബൈബിള്‍ വായിക്കാന്‍ മടി തോന്നിയിട്ടുണ്ടെങ്കില്‍ അത് എന്റെ എന്തെങ്കിലും കുറവു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കേണ്ട. കാരണം, സഭയുടെ മുതല്‍ക്കൂട്ടായിരുന്ന വിശുദ്ധരില്‍ ഒരാളായ വി. ആഗസ്തീനോസും ബൈബിള്‍ വായനയില്‍ മടുപ്പുള്ള വ്യക്തിയായിരുന്നു.

ധാരാളം വായിക്കുന്ന വ്യക്തിയായിരുന്നെങ്കിലും വിശുദ്ധ ഗ്രന്ഥം വായിക്കാനുള്ള മടുപ്പു കാരണം വര്‍ഷങ്ങള്‍ ബൈബിള്‍ തുറക്കുക പോലും ചെയ്യാതിരുന്നിട്ടുണ്ട് അദ്ദേഹം. ‘Confessions’ എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയിരിക്കുന്നത്. എന്നാല്‍ മാനസാന്തരത്തിലേയ്ക്ക് തിരിഞ്ഞ കാലത്താണ് വിശുദ്ധ ഗ്രന്ഥം ആസ്വദിച്ച് വായിക്കുന്നതിലേയ്ക്ക് അദ്ദേഹം കടന്നത്.

വി. പൗലോസിന്റെ ലേഖനങ്ങളിലൂടെയാണ് അദ്ദേഹം വിശുദ്ധ ഗ്രന്ഥ വായനയിലേക്ക് കടന്നുവന്നതും ബൈബിള്‍ വായന ഇഷ്ടപ്പെട്ടു തുടങ്ങിയതും. പിന്നീട് വി. യോഹന്നാന്‍ ശ്ലീഹായുടെ എഴുത്തും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന മറ്റ് തത്വശാസ്ത്രങ്ങളോടും സാഹിത്യരചനകളോടും സാമ്യമുള്ളതായി തോന്നിത്തുടങ്ങി. അവയിലൂടെ പിന്നീട് വിശുദ്ധ ഗ്രന്ഥം മുഴുവനിലേയ്ക്കും വായന നീളുകയും അവ വലിയ സമാധാനത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും വിശുദ്ധനെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു.

അതുപോലെ തന്നെ വി. അഗസ്തീനോസുമായി ബന്ധപ്പെട്ട് നമുക്ക് അറിയാവുന്ന കാര്യമാണ്, ഒരു ദൈവവചനമാണ് അദ്ദേഹത്തെ മാനസാന്തരത്തിലേയ്ക്ക് എത്തിച്ചത് എന്നത്. ‘എടുത്തു വായിക്കുക’ എന്ന ഉള്‍വിളിയെ തുടര്‍ന്ന് അദ്ദേഹം വിശുദ്ധ ഗ്രന്ഥം എടുത്തു വായിച്ചപ്പോള്‍ കിട്ടിയ വാക്യം ‘രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവര്‍ത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിത വേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേയ്ക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍’ (റോമാ 13:12).

ഇക്കാരണത്താല്‍ ദൈവത്തോട് സംസാരിക്കാന്‍, അവിടുന്ന് പറയുന്നത് കേള്‍ക്കാന്‍ എന്ന രീതിയില്‍ തന്നെ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കാം. അപ്പോള്‍ നമ്മിൽ നിന്ന് മടുപ്പ് താനെ അകന്നു പൊയ്‌ക്കൊള്ളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.