എല്ലാവരാലും ബഹുമാനിക്കപ്പെടണമെന്ന ചിന്ത ഉപേക്ഷിക്കണോ? ഈ ക്രിസ്തുശിഷ്യനെ മാതൃകയാക്കൂ

മറ്റുള്ളവരാല്‍ ആദരിക്കപ്പെടണമെന്നും ബഹുമാനിക്കപ്പെടണമെന്നും ചിന്തിക്കാത്തവരില്ല. ചിലരെ സംബന്ധിച്ചിടത്തോളം അതിനുവേണ്ടി ഏതറ്റം വരെയും പോകും, എന്തും ചെയ്യും. എന്നാല്‍, സ്വാര്‍ത്ഥതയുടെ ഭാഗമായ ആ ചിന്തയും ആഗ്രഹവും ഉപേക്ഷിക്കണമെന്ന ആഗ്രഹമുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു വിശുദ്ധനുണ്ട്. ഈശോയുടെ ശിഷ്യനായിരുന്ന വി. അന്ത്രയോസ്.

ഈശോയുടെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം ഉണ്ടായിരുന്ന വ്യക്തിയാണെങ്കിലും ശ്രദ്ധാകേന്ദ്രമായി ഒരിടത്തും വി. അന്ത്രയോസിനെ കാണാനായിട്ടില്ല. വി. സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നു വി. അന്ത്രയോസ് എന്നു പറയുമ്പോള്‍ തന്നെ അദ്ദേഹത്തില്‍ എത്രമാത്രം എളിമയുണ്ടായിരുന്നു എന്നത് വ്യക്തമാണ്.

ചില പഠനങ്ങളനുസരിച്ച്, അന്ത്രയോസിനെയാണ് ഈശോ ആദ്യം ശിഷ്യനായി സ്വീകരിച്ചത്. എന്നാല്‍, ശിഷ്യന്മാരുടെ പേര് പരാമര്‍ശിക്കുന്നിടത്ത് അദ്ദേഹം രണ്ടാമതായി മാറുന്നു. ഈശോ തന്റെ അടുത്ത ശിഷ്യരായി സ്വീകരിച്ച മൂന്നു പേരിലും അന്ത്രയോസ് ഇല്ലായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സഹോദരന്‍ പത്രോസ് ഉണ്ടായിരുന്നു.

യോഹന്നാന്റെ സുവിശേഷം 1:41-ല്‍ അന്ത്രയോസ് പത്രോസിനോട് പറയുന്നു: ‘ഞങ്ങള്‍ മിശിഹായെ കണ്ടു’ എന്ന്. എന്നാല്‍ ‘നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്’ എന്ന പത്രോസിന്റെ വാക്കുകളാണ് ഈശോ കൂടുതല്‍ പരിഗണിച്ചു കാണുന്നത്. ‘പത്രോസേ, നീ പാറയാകുന്നു. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ നല്‍കുന്നു’ എന്നുമെല്ലാം യേശു പറയുമ്പോള്‍ അന്ത്രയോസിന് വേണമെങ്കില്‍ പറയാമായിരുന്നു, ഇത് ഞാനാണ് പത്രോസിനോട് ആദ്യമേ പറഞ്ഞതെന്ന്. എന്നാല്‍, ഇവിടെയും അന്ത്രയോസ് നിശബ്ദനായി കാണപ്പെടുന്നു. ഈശോയ്ക്ക് ഇതെല്ലാം മനസിലാവുന്നുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതുപോലുള്ള അവസരങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാവാം. അപ്പോള്‍ സ്വയം കുറയാനും മറ്റുള്ളവര്‍ക്കു വേണ്ടി വഴിമാറി കൊടുക്കാനും തയ്യാറാവുക എന്നതാണ് പ്രധാനം. ദൈവം അതെല്ലാം പരിഗണിക്കുമെന്ന് മനസിലാക്കുക.