തിരുനാളിന്റെ തുറവിയിലേയ്ക്ക്‌…

ഉള്ളിലുണരുന്ന സ്‌നേഹത്തിന്റെ ഉറവയാണ് വിശുദ്ധി. വിശുദ്ധമായവ അല്ലെങ്കില്‍ മഹത്തരമായവ നേടാന്‍ നാം കഠിനമായി അദ്ധ്വാനിക്കണം. അദ്ധ്വാനം എത്ര തീവ്രമോ അത്രയും തിളക്കമുണ്ടാകും അതുവഴി ലഭ്യമാകുന്ന കിരീടത്തിനും.

ഇതുപോലെ, ആത്മീയജീവിതത്തിന്റെ ഉന്നതിയിലെത്താന്‍ സുകൃതാഭ്യാസങ്ങളുടെ, സഹനജീവിതത്തിന്റെ, അഗാധമായ സ്‌നേഹത്തിന്റെ ദിനങ്ങളിലൂടെ കടന്നുപോയി ജീവിതവിശുദ്ധി കൈവരിച്ചവളാണ് വി. അല്‍ഫോന്‍സാമ്മ. എണ്ണ വറ്റാത്ത ദീപവും തെളിച്ച് എന്നും ഉണര്‍വ്വോടെ കാത്തിരുന്നവള്‍. കാത്തിരിപ്പിന്റെ മുഷിപ്പ് അനുഭവിക്കാതെ നാഥന്റെ സ്‌നേഹസാന്നിധ്യത്താല്‍ വലയം ചെയ്യപ്പെട്ടവളായിരുന്നു അല്‍ഫോന്‍സാമ്മ. എല്ലാവരും ഉറങ്ങി വിശ്രമിക്കുമ്പോഴും സുഗന്ധമുണര്‍ത്തുന്ന പാതിരാപ്പൂവ് പോലെ നാഥന്റെ സന്നിധിയില്‍ അവള്‍ വിരിഞ്ഞുനിന്നു.

സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യം കാണാന്‍ കൊതിച്ചവള്‍ മറ്റെല്ലാ ആകര്‍ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. സഹനത്തിന്റെ കാസാ മട്ടുവരെ കുടിച്ചുതീര്‍ക്കണം എന്ന ആഗ്രഹം ഉള്ളില്‍ പേറിക്കൊണ്ടുള്ള യാത്രയാണ് ശാരീരികപീഡകളെ അതിജീവിക്കാനുള്ള കരുത്ത് അവള്‍ക്ക് നേടിക്കൊടുത്തത്. ഇതേ ആത്മീയകരുത്തിന്റെ സമൃദ്ധിയിലേയ്ക്കാണ്, അതില്‍ നിന്നും ആവോളം നുകരാനാണ് ഓരോ അല്‍ഫോന്‍സാ ഭക്തരും ഭരണങ്ങാനത്തിന്റെ സുഖശീതളിമയിലേയ്ക്ക് നടന്നടുക്കുന്നത്. ആ കബറിടത്തില്‍ മുഖമമര്‍ത്തി ഒന്ന് തേങ്ങാന്‍, മനസ്സു ചേര്‍ത്ത് ഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍, മാദ്ധ്യസ്ഥത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍, ആ സ്‌നേഹസാന്ത്വനം അനുഭവിക്കാന്‍ കൊതിച്ച് ഓടിയെത്തുന്ന അനേകായിരങ്ങള്‍ ഇന്നും ഭരണങ്ങാനത്തിന്റെ സുകൃത കാഴ്ചയാണ്.

സഹനത്തിന് എന്തര്‍ത്ഥം..? ഈ ജീവിതം മട്ടുവരെ ആസ്വദിക്കാനുള്ളതല്ലേ എന്നു ചിന്തിക്കുന്ന യുവജനതയ്ക്കു മുമ്പില്‍ വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഒരു വെല്ലുവിളിയാണ്. മെഴുകുതിരി പോലെ സ്വയം കത്തിയെരിഞ്ഞ് അനേകരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാന്‍, അപരന്റെ വേദനകളും രോഗങ്ങളും കുറ്റങ്ങളും കുറവുകളും സ്വയം ഏറ്റെടുത്ത് അവര്‍ക്ക് ആശ്വാസം പകരാന്‍ അവള്‍ ധീരതയോടെ മുമ്പോട്ടിറങ്ങി. അതിലൂടെ അവള്‍ വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറി.  ജീവിതവിജയം നേടാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് അവള്‍ പഠിപ്പിച്ചു.

സുകൃതങ്ങള്‍ അഭ്യസിക്കാനും സുകൃതജപങ്ങള്‍ ചൊല്ലാനും കുട്ടികളെ പഠിപ്പിച്ച അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്കു തരുന്ന വലിയൊരു പാഠമുണ്ട്. ഉപരിപ്ലവമായ ലൗകിക സന്തോഷങ്ങളും ആകര്‍ഷണങ്ങളും ആസ്വദിക്കുമ്പോഴുള്ള അനുഭവം കണ്ണാടിയില്‍ മുഖം നോക്കി മാറിക്കഴിയുമ്പോള്‍ മറന്നുപോകുന്നതിനു തുല്യമാണെന്ന്. ശാശ്വതമായ സന്തോഷവും സമാധാനവും നല്‍കാന്‍ അവയ്‌ക്കൊന്നും സാധ്യമല്ല.

സ്വാര്‍ത്ഥതയ്ക്ക് അടിപ്പെട്ടും ലൗകിക വ്യാമോഹങ്ങളില്‍ മുഴുകിയും ജീവിതം തന്നെ പാഴാക്കുന്ന, അതും അവസാനിപ്പിക്കുവാന്‍ കൊതിക്കുന്ന നിരവധി വ്യക്തികളെയാണ് ഇന്ന് നമുക്കു ചുറ്റും കാണുവാന്‍ സാധിക്കുക. അവരുടെയൊക്കെ ജീവിതങ്ങളില്‍ പ്രത്യാശയുടെ നാളം തെളിയാന്‍, അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ ഈ തിരുനാള്‍ ആഘോഷങ്ങള്‍ പ്രേരകമാകട്ടെ. കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുകരണാര്‍ഹമായ ആ വിശുദ്ധജീവിതം അനുസ്മരിക്കാനെത്തുന്ന അനേകായിരങ്ങള്‍ക്കൊപ്പം നമുക്കും അണിചേരാം.

സി. മരിയ ഫ്രാൻസിസ് എഫ്.സി.സി

കടപ്പാട്: ഗോതമ്പുമണി