സ്വയം ഇല്ലാതായി ഫലം ചൂടുന്നതിന്റെ മാഹാത്മ്യം

ബ്ര. ബിനു കുളങ്ങര MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹമുള്ളവരേ,

Rainbow Sorrow എന്ന തLove is a mystery ഗ്രന്ഥത്തില്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇപ്രകാരം എഴുതുന്നു: Love is a mystery – സ്‌നേഹം ഒരു രഹസ്യമാണ്. സാധാരണ ബുദ്ധിക്ക് അഗ്രാഹ്യമായ ഒരു രഹസ്യം. അതിന്റെ യഥാര്‍ത്ഥ ഭാവവും സ്വഭാവവും നമുക്ക് പിടുത്തം കിട്ടാറില്ല.

ദൈവസ്‌നേഹത്താല്‍ കത്തിജ്വലിച്ച് സഹനങ്ങളെ യേശുവിന്റെ സ്‌നേഹചുംബനങ്ങളായിക്കണ്ട് എനിക്ക് സഹനം തരിക, ഒപ്പം സഹിക്കാനുള്ള കഴിവും എന്നു പറയാന്‍ അല്‍ഫോന്‍സാമ്മയെ പ്രേരിപ്പിച്ച ഘടകവും സ്‌നേഹം തന്നെയാണ്. ജീവിച്ചിരുന്ന അവസരത്തില്‍ ഒരു മണല്‍ത്തരിയുടെ പോലും വിലയില്ലാതിരുന്ന ഒരു പാവപ്പെട്ട സ്ത്രീ മരണമടഞ്ഞ ശേഷം ദൈവത്തിന്റെയും ലോകം മുഴുവന്റെയും മുമ്പില്‍ വിലയുള്ളവളായി തീര്‍ന്നതിന്റെ കഥ പറയുന്ന ദിവസമാണ് ഇന്നേ ദിവസം – വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിവസം. സ്‌നേഹത്തില്‍ നിന്നുളവായ സഹനമാണ് അവളെ വിശുദ്ധയാക്കിയത്. ആദ്യമേ തന്നെ തിരുനാളിന്റെ മംഗളങ്ങള്‍ ഏറ്റവും സ്‌നേഹപൂര്‍വ്വം നേരുന്നു.

അനേകായിരങ്ങള്‍ക്ക് സുവിശേഷത്തിന്റെ ആവേശം പകരാന്‍, അഗ്നി കൊളുത്താന്‍ പീഠത്തിന്മേല്‍ വയ്ക്കപ്പെട്ട വിളക്കാണ് 1910 ആഗസ്റ്റ് 19-ാം തീയതി കേരളത്തിലെ കുടമാളൂര്‍ ഇടവകയില്‍ മുട്ടത്തുപാടത്ത് കുടുംബത്തില്‍ ഭൂജാതയായ അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മ. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നേ ദിവസം തിരുസഭാ മാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നത് വി. യോഹന്നാന്റെ സുവിശേഷം 12-ാം അദ്ധ്യായം 20 മുതല്‍ 26 വരെയുള്ള വാക്യങ്ങളാണ്.

വി. യോഹന്നാന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിന്റെ 24-ാം വാക്യത്തില്‍ ഈശോ ഇപ്രകാരം പറയുന്നു: “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.” ഗോതമ്പുമണി പോലെ അഴുകിത്തീര്‍ന്നു കൊണ്ട് ഈശോയുടെ സ്വന്തമായിത്തീര്‍ന്നവളാണ് വി. അല്‍ഫോന്‍സാമ്മ.

1929 ആഗസ്റ്റ് 20-ാം തീയതി ഭരണങ്ങാനം ക്ലാരമഠത്തില്‍ ചേരാന്‍ അന്നക്കുട്ടി ഉപേക്ഷിച്ചത് സ്വന്തം സൗന്ദര്യമായിരുന്നു. 1930 മെയ് 19-ന് സഭാവസ്ത്രവും 1936 ആഗസ്റ്റ് 12-ന് നിത്യവ്രതവും സ്വീകരിക്കാന്‍ നഷ്ടമാക്കിയത് സ്വന്തം കുടുംബാംഗങ്ങളെ ആയിരുന്നു. മഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൊണ്ട് കൂടെയുള്ള സഹോദരിമാര്‍ക്കു മുമ്പില്‍ തോറ്റുകൊടുത്ത് 1946 ജൂലൈ 28-ന് അല്‍ഫോന്‍സാമ്മ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ദൈവത്തിനു മുമ്പില്‍ അവള്‍ വിജയി ആവുകയായിരുന്നു. ഭാരതസഭയ്ക്ക് ഒരു വിശുദ്ധ ഭൂജാതയാവുകയായിരുന്നു.

എന്റെ ജീവതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ച് പറയുമ്പോള്‍ പ്രസക്തമാണ്. അവളുടെ സഹനജീവിതം തന്നെയായിരുന്നു ലോകത്തിന് അവള്‍ നല്‍കിയ സന്ദേശവും. സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നത് ജീവിതത്തിന്റെ മുദ്രാവാക്യമായി എടുത്തുകൊണ്ട് ഗോതമ്പുമണി പോലെ അഴുകിത്തീര്‍ന്ന് അനേകായിരങ്ങളിലേക്ക് വിശ്വാസത്തിന്റെ വെളിച്ചം വീശിയ സഹനപുത്രി. അവളുടെ ആഗ്രഹം ഒരു ഗോതമ്പുമണി ആയിത്തീരണം എന്നതായിരുന്നു. അവളുടെ മറ്റൊരു ആഗ്രഹം ഒരു മുന്തിരിച്ചാറായിത്തീരണമമെന്നതായിരുന്നു. അല്‍ഫോന്‍സാമ്മയുടെ സ്വപ്നത്തിന്റെ മറുവശം മുന്തിരിപ്പഴത്തിന്റെ സൗന്ദര്യം ആയിരുന്നില്ല മറിച്ച്, മുന്തിരിച്ചാറ് ആയിത്തീര്‍ന്ന ആ സഹനത്തിന്റെ പ്രക്രിയ ആയിരുന്നു. ഗോതമ്പുമണിയുടെ സൗന്ദര്യം ആയിരുന്നില്ല മറിച്ച് ഗോതമ്പുമണി പൊടിയുന്ന പ്രക്രിയയായിരുന്നു.

അല്‍ഫോന്‍സാമ്മയുടെ പരിധിയില്ലാത്ത സനേഹവും പരാതിയില്ലാത്ത സഹനവുമാണ് അവളെ വിശുദ്ധിയുടെ സോപാനത്തിലേക്ക് ഉയര്‍ത്തിയത്. പലപ്പോഴും നമ്മുടെയൊക്കെ ജീവിതം പരാജയപ്പെട്ടു പോകുന്നത് സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ്. സന്തോഷങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ ജീവിതത്തില്‍ ചെറിയ ഒരു വിഷമം വന്നാല്‍ നാം നമ്മെ സൃഷ്ടിച്ച് പരിപാലിച്ച ദൈവത്തെപ്പോലും കുറ്റം പറഞ്ഞ്, എന്തിന് ഈ സഹനങ്ങള്‍ എന്ന് പിറുപിറുത്തും ദൈവത്തില്‍ നിന്ന് ഓടിയകലുമ്പോള്‍, സഹനം തരിക, സഹിക്കാനുള്ള കൃപ എനിക്ക് നല്‍കുക എന്നു പ്രാര്‍ത്ഥിച്ച അല്‍ഫോന്‍സാമ്മയെ നാം മാതൃകയാക്കണം. അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തിലുണ്ടായ സഹനങ്ങളെ ഈശോയുടെ സ്‌നേഹചുംബനമായി കണ്ടതുകൊണ്ടാണ് അവള്‍ക്ക് അത് സന്തോഷപൂര്‍വ്വം സഹിക്കാന്‍ സാധിച്ചത്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സഹനവും തമ്പുരാന്റെ സ്‌നേഹചുംബനമാണെന്ന് മനസിലാക്കി ജീവിക്കാനുള്ള കൃപയ്ക്കായി ദാഹിക്കാം, പരിശ്രമിക്കാം.

മണ്ണില്‍ കലം ഉണ്ടെങ്കില്‍
കുരുവില്‍ മരം ഉണ്ടെങ്കില്‍
മുട്ടയില്‍ കുയില്‍ ഉണ്ടെങ്കില്‍
നമ്മിലും ഒരു വിശുദ്ധയുണ്ടെന്ന് മറക്കാതിരിക്കാം.

ആരെങ്കിലും എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവന്‍ സ്വയം പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന ഈശോയുടെ വാക്കുകളെ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് സഹനത്തിലൂടെ ഇശോയെ പിഞ്ചെന്ന വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്കും മാതൃകയാക്കാം. സഹനത്തെ ദൈവത്തിന്റെ ചുംബനമായി കാണാന്‍ നമുക്ക് പരിശ്രമിക്കാം. നല്ല ദൈവം സ്‌നേഹചുംബനത്താല്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമ്മേന്‍

ബ്ര. ബിനു കുളങ്ങര

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.