‘നിങ്ങളോട് ക്ഷമിക്കുന്നു’! ബോംബാക്രമണത്തിന്റെ വാര്‍ഷികത്തില്‍ ചാവേറുകളോട് ക്ഷമിച്ച് ശ്രീലങ്കന്‍ സഭ

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ 279 പേരെ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയ ചാവേറുകളോട് ക്ഷമിച്ച് ശ്രീലങ്കയിലെ കത്തോലിക്കാ സഭ. ഇന്നലെ ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടയിലാണ് കര്‍ദ്ദിനാള്‍ മാല്‍കം രഞ്ജിത്ത് അക്രമികളോട് ക്ഷമിച്ചതായി അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലൂടെയാണ് കര്‍ദ്ദിനാള്‍ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

”നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനുമേല്‍ നമ്മള്‍ സ്‌നേഹം ചൊരിയണം.” കര്‍ദ്ദിനാള്‍ വിശ്വാസികളോട് ആഹ്വാനം ചെയതു. ”ഞങ്ങള്‍ അവര്‍ക്ക് മാപ്പ് നല്‍കുന്നു. പ്രതികാരത്തിനു പകരം യേശുക്രിസ്തു നല്‍കുന്ന പ്രത്യാശയുടെ സന്ദേശം കൈമാറി സംഘര്‍ഷം ഒഴിവാക്കുകയാണു വേണ്ടത്. കാരണം, അക്രമികളുടെ ബോംബിനേക്കാള്‍ ശക്തിയുള്ളതാണ് നമ്മുടെ വിശ്വാസം” – കര്‍ദ്ദിനാള്‍ പറഞ്ഞു.

2019 ഏപ്രില്‍ 21-ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍, മൂന്നു പള്ളികളിലും മൂന്ന് ആഢംബരഹോട്ടലുകളിലും ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആകെ 279 പേര്‍ കൊല്ലപ്പെടുകയും 593 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.