പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തി

പാക്കിസ്ഥാനിൽ ജനക്കൂട്ടം, മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ തല്ലിക്കൊന്ന് മൃതദേഹം ചുട്ടെരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽക്കോട്ടിൽ ഫാക്ടറി ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന പ്രിയന്ത കുമാര ആണ് കൊല്ലപ്പെട്ടത്.

തെഹ്‌രിക് ഇ ലബ്ബായിക് എന്ന തീവ്രപാർട്ടിക്കാരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഫാക്ടറിയുടെ മതിലിൽ ഈ പാർട്ടിയുടെ പോസ്റ്റർ ഒട്ടിച്ചിരുന്നു. പ്രിയന്ത കുമാര ഈ പോസ്റ്റർ കീറിക്കളഞ്ഞു. പോസ്റ്ററിൽ ഖുർആൻ വചനങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവം കണ്ട തൊഴിലാളികൾ ഇക്കാര്യം പുറംലോകത്തെ അറിയിച്ചതോടെ നൂറുകണക്കിനു പേർ ഫാക്ടറിയുടെ മുന്നിൽ ഒന്നിച്ചുകൂടി. തുടർന്ന് പ്രിയന്ത കുമാരയെ ഓഫീസിൽ നിന്നും വലിച്ചിറക്കി അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് എത്തുന്നതിനു മുൻപേ മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി പോലീസ് അറിയിച്ചു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.