ശ്രീലങ്കന്‍ സ്ഫോടനത്തിന് ഇരയായത് പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ഈസ്റ്റര്‍ ദിനത്തിന്റെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തിക്കൊണ്ടാണ് ആ വാര്‍ത്ത എത്തിയത്. ശ്രീലങ്കയില്‍ മൂന്ന് ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി ബോംബ് സ്‌ഫോടനം. മണിക്കൂറുകള്‍ കടന്നുപോകുന്നതിനനുസരിച്ച് ഉയരുന്ന മരണസംഖ്യ. ഈസ്റ്റര്‍ ദിനത്തില്‍, ലോകത്തിന്റെ മുഴുവന്‍ സമാധാനപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് ഈ വാര്‍ത്തയെത്തിയത്.

സ്‌ഫോടനം നടന്ന മൂന്ന് ദേവാലയങ്ങള്‍ ശ്രീലങ്കയിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ആയിരുന്നു. ഈസ്റ്റര്‍ ആഘോഷത്തിനായി പുതുവസ്ത്രങ്ങളണിഞ്ഞ് ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹം തിങ്ങിനിറഞ്ഞ ആ ദേവാലയങ്ങള്‍ നിമിഷങ്ങള്‍ക്കകം ചോരക്കളമായി മാറുന്ന കാഴ്ചയാണ് ലോകം ദര്‍ശിച്ചത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബട്ടിക്കലോവയിലെ സിയോണ്‍ പള്ളി എന്നിവിടങ്ങളിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കിടയില്‍ സ്‌ഫോടനം ഉണ്ടായത്. ശ്രീലങ്കയിലെ ഏറ്റവും പ്രസിദ്ധമായതും ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ സമ്മേളിക്കാന്‍ ഇടയുള്ളതുമായ ഈ പള്ളികളില്‍ സംഭവിച്ച സ്‌ഫോടനത്തിന് പിന്നിലുള്ളവര്‍ ആരെയാണ് ലക്ഷ്യം വച്ചതെന്ന വ്യക്തമായ സൂചന നല്‍കുന്നു.

1. സെന്റ് ആന്റണീസ് ചര്‍ച്ച്, കൊളംബോ

വിശുദ്ധ സെന്റ് ആന്റണീസിന്റെ നാമത്തില്‍ ധാരാളം പള്ളികളുള്ള സ്ഥലമാണ് ശ്രീലങ്ക. കൊളംബോയിലെ റോമന്‍ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച്, ശ്രീലങ്കയുടെ ദേശീയ പൈതൃകകേന്ദ്രമാണ്. വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് വിശുദ്ധ അന്തോനീസിന്റെ രൂപം ഈ പള്ളിയിലേക്ക് കൊണ്ടുപോയത്. ഈ പള്ളിയിലാണ് സ്‌ഫോടനം സംഭവിച്ചത്.

അന്താരാഷ്ട്രതലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ച ഈ ദേവാലയത്തിലേക്ക് നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്. 1834-ലാണ് ഇപ്പോഴത്തെ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്.

2. സെന്റ് സെബാസ്‌ററ്യന്‍സ് ചര്‍ച്ച്, നെഗോമ്പോ

രണ്ടാമത്തെ സ്‌ഫോടനം നടന്ന ഈ ദേവാലയം ശ്രീലങ്കയിലെ പ്രസിദ്ധമായ ഒന്നാണ്. നെഗോമ്പോ നഗരത്തിന്റെ സംരക്ഷകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള പള്ളിയാണ് ഇത്. ഈ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സെബസ്ത്യാനോസിന്റെ രൂപത്തിന് ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഈ ദേവാലയത്തിലേയ്ക്ക് ധാരാളം ആളുകളെത്തുകയും രൂപത്തിങ്കല്‍ വന്ന് മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

3. സിയോണ്‍ ചര്‍ച്ച്, ബട്ടിക്കലോവ

ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ദേവാലയമാണ് സിയോണ്‍ ചര്‍ച്ച്, ബട്ടിക്കലോവ. ഇതും പേരുകേട്ട ഒരു ദേവാലയമാണ്.