ഫാ. വിജയകുമാര്‍ രായരാല ശ്രീകാക്കുളം രൂപതയുടെ പുതിയ മെത്രാന്‍

ഫാ. വിജയകുമാര്‍ രായരാലയെ ഫ്രാൻസിസ് പാപ്പാ ശ്രീകാക്കുളം രൂപതയുടെ മെത്രാനായി നിയോഗിച്ചു. മുന്‍ മെത്രാന്‍ ബിഷപ്പ് ഇന്നയ ചിന്ന അട്ടാഗത്തെ 2018 ഡിസംബറില്‍ വത്തിക്കാനില്‍ സമര്‍പ്പിച്ച സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 16-ാ൦ തീയതി കര്‍മ്മലനാഥയുടെ തിരുനാളില്‍ ഫാ.വിജയകുമാര്‍ രായരാലയെ ശ്രീകക്കുളത്തിന്‍റെ മെത്രാനായി നിയമിച്ചത്.

47 വയസ്സുകാരനായ ഫാ. വിജയകുമാര്‍ രായരാല വിജയവാടയ്ക്കടുത്തുള്ള കമ്മാം സ്വദേശിയും, അതേ രൂപതാംഗവുമാണ്. 1998-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ആദ്യകാലങ്ങളിൽ ന്യൂ ഗ്വിനിയായില്‍ മിഷന്‍ മേഖലയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. തുടർന്ന് തിരികെയെത്തിയ അദ്ദേഹം മുംബൈയിലെ കുഷ്ഠരോഗീ കേന്ദ്രത്തിന്‍റെ സഹ ഡയറക്ർ, കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ ഇന്ത്യയുടെ
മേലധികാരിയായി സേവനം ചെയ്തുവരുന്നതിനിടയിലാണ് ശ്രീകാക്കുളം രൂപതയുടെ മെത്രാനായി ഇദ്ദേഹത്തെ പാപ്പാ നിയോഗിക്കുന്നത്.