“ഉള്ളുലച്ച നിലമ്പൂർ”: നിലമ്പൂരിൽ സഹായങ്ങളുമായി എത്തിയ സിസ്റ്റർ റോസ് ആന്റോ കണ്ട നീറുന്ന കാഴ്ചകള്‍

മരിയ ജോസ്

വേദനിക്കുന്ന ഒരു കൂട്ടം ജനത്തിന് കൈത്താങ്ങാകാൻ ഒരു അവസരം നൽകിയ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഞങ്ങൾ ഇവിടെ നിന്നും യാത്ര തിരിച്ചത്. കാലവർഷക്കെടുതിയിൽ, ആർത്തലച്ചു വന്ന ഉരുൾപൊട്ടലിൽ എന്തു ചെയ്യണം എന്നറിയാതെ പകച്ചുപോയ ഒരു സമൂഹത്തിന് കൈത്താങ്ങാകുവാൻ കഴിയുമല്ലോ! ഈയൊരു ചിന്ത മാത്രമായിരുന്നു ഇരിങ്ങാലക്കുടയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ. എന്നാൽ, അവിടെയെത്തിയ ഞങ്ങൾക്ക് സാക്ഷികളാകേണ്ടി വന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾക്കാണ്. ഒരു നിമിഷം അവരെപ്പോലെ തന്നെ ഞങ്ങളും സ്തബ്ധരായി… പകച്ചു പോയി…

സി. റോസ് ആന്റോ തന്റെ നിലമ്പൂർ സന്ദർശനവേളയെക്കുറിച്ച് ലൈഫ് ഡേയോട് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്.

ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, മണ്ണിനടിയിൽ കുടുങ്ങിയ ഉറ്റവർക്കായുള്ള തിരച്ചിലിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ, കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ മഴയും ചെളിയും ഒക്കെ അവഗണിച്ച് തിരച്ചിൽ നടത്തുന്ന മുഖങ്ങൾ, വീട് നഷ്ടപ്പെട്ടവർ, ഏറെ തിരച്ചിലിനൊടുവിൽ ലഭിച്ച തിരിച്ചറിയാൻ കഴിയാത്ത മൃതദേഹത്തെ നോക്കി വിലപിക്കുന്നവർ, കിലോമീറ്ററുകളോളം സ്ഥലം ഒലിച്ചുപോയ ഇടങ്ങളെ നോക്കി നിസ്സഹായതയോടെ നിൽക്കുന്ന ഒരു സമൂഹം.

കവളപ്പാറ, ഭൂതാനം, പാതാർ പ്രദേശങ്ങളിലൂടെ കടന്നുപോയ സിസ്റ്ററിനു കാണുവാൻ കഴിഞ്ഞത് ഉള്ളുലയ്ക്കുന്ന രംഗങ്ങൾ… ഇരിഞ്ഞാലക്കുട പോൾ ജോ ഗ്രൂപ്പിന്റെ സഹായത്തോടെ ദുരിതബാധിതർക്കുള്ള സഹായവുമായി ഒരു ട്രക്കിൽ യാത്ര തിരിക്കുമ്പോഴുണ്ടായിരുന്ന ആവേശങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് കെട്ടടങ്ങി പോവുകയായിരുന്നു. പത്രമാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതിലും വളരെ ഭീകരമായിരുന്നു അവിടുത്തെ അവസ്ഥ. ആളുകളും വീടുകളും നിറയെ ഉണ്ടായിരുന്ന പല സ്ഥലങ്ങളും പാറക്കെട്ടുകളുടെ കൂമ്പാരവും മൺകൂനകളും മാത്രമായി അവശേഷിക്കുന്നതു കണ്ടപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത ശരിക്കും മനസിലാക്കുന്നത്. ഇനിയെന്ത് എന്ന് ചിന്തിക്കുവാൻ പോലും കഴിയാതെ നിന്നിരുന്ന ആ ജനത്തോട് എന്തു പറയണം എന്നറിയാതെ നിന്നുപോയ സമയം. വാക്കുകൾ പൂർത്തിയാക്കുവാൻ കഴിയാതെ പ്രാർത്ഥനയിലുണ്ട് എന്നു മാത്രം പറഞ്ഞ് പല വീടുകളിൽ നിന്നുമിറങ്ങുമ്പോൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വേദന സിസ്റ്ററിന്റെ മനസിനെ ചൂഴ്ന്നിരുന്നു.

സഹായങ്ങൾ കൈമാറി തിരികെ മടങ്ങുമ്പോഴും ഈ ആളുകൾ ഈ ദുരന്തത്തെ എങ്ങനെ അതിജീവിക്കും എന്ന ചിന്തയായിരുന്നു സിസ്റ്ററിന്റെ മനസു നിറയെ. എന്നാൽ, വഴിയോരങ്ങളിൽ കണ്ട കാഴ്ചകൾ, കേരളം തളരില്ല… തകരില്ല… എന്ന ഉറപ്പ് നൽകുകയായിരുന്നു. കരളുറപ്പോടെ കരം പിടിക്കാൻ കടന്നുവന്ന യുവജനങ്ങൾ ആ പ്രതീക്ഷയുടെ ആഴം വർദ്ധിപ്പിച്ചു. മടക്കയാത്രയിൽ എവിടെയും പ്രായഭേദമില്ലാതെ കടന്നെത്തുന്ന ആളുകളെ കണ്ടപ്പോൾ എന്തും കടന്നുപോകും എന്ന ചിന്തയാണ് സിസ്റ്ററിന്റെ ഉള്ളിൽ ഉയർന്നുവന്നത്. പ്രത്യേകിച്ചും യുവജനങ്ങളെ കണ്ടപ്പോൾ. പല ക്യാമ്പുകളിൽ സഹായം നൽകിയും ദുരന്തഭൂമി സന്ദർശിച്ചുമുള്ള യാത്രയിൽ മനസ്സിൽ പച്ചകെടാതെ നിൽക്കുന്ന അനേകം യൂത്തന്മാരുണ്ട്. കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, ശുചീകരണത്തിനായി പല സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർ,ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുവാൻ എത്ര റിസ്ക് എടുത്തും എത്തുന്നവർ… ആരും ആരെയും നോക്കി നിൽക്കുന്നില്ല. തങ്ങളെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യുന്നു.

ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു ആശ്വാസം. ഈ കാര്യങ്ങൾ നൽകുന്ന ആത്മവിശ്വാസം അവരെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. പ്രതീക്ഷകൾക്കിടയിലും അനേകം ചിന്തകൾക്കിടയിലും തിരികെ ഇരിങ്ങാലക്കുടയിൽ എത്തിയെങ്കിലും മനസ് അപ്പോഴും ആ വേദനിക്കുന്ന സമൂഹത്തിനൊപ്പം ആയിരുന്നു… സിസ്റ്റർ പറഞ്ഞുനിർത്തി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.