അവയവദാനത്തിന്റെ സദ്‌വാർത്ത പരത്തിയ സന്യാസിനി

മരിയ ജോസ്

“എനിക്കിപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ല. മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജസ്വലയാണ് ഞാൻ” – ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സീൽ എന്ന സന്യാസ സമൂഹത്തിലെ സി. മേരി ലീനയുടെ വാക്കുകളാണ് ഇത്‌.

മുമ്പത്തേക്കാൾ എന്താണ് സിസ്റ്ററിനു പ്രത്യേകത എന്നു ചോദിച്ചാൽ, മുൻപ് സിസ്റ്റർ തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹസന്ദേശം ലോകത്തിലേയ്ക്ക് പകർന്നു. എന്തുകൊണ്ട് ഇപ്പോൾ ഈ കാര്യം പ്രസക്തമായി എന്ന് ചോദിച്ചാൽ, വൃക്ക ദാനം ചെയ്യാൻ ഒരുങ്ങിയ സമയത്തെ പത്രവാർത്തകൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ അനേകർ ഫേസ് ബുക്കിൽ വീണ്ടും ഷെയർ ചെയ്യുകയും മറ്റും ചെയ്തിരുന്നു. എന്നാൽ അത് ആറ് വർഷങ്ങൾക്കു മുൻപുള്ള വർത്തയാണെന്ന് പലരും തിരിച്ചറിഞ്ഞില്ല. എന്തായാലും ആ പഴയ പത്രവാർത്തയെ തുടർന്നുള്ള തന്റെ ശസ്ത്രക്രിയ, ചികിത്സ, ജീവിതം തുടങ്ങിയ കാര്യങ്ങൾ സിസ്റ്റർ മേരി ലീന, ലൈഫ് ഡേ -യോട് പങ്കുവയ്‌ക്കുന്നു…

അപ്രതീക്ഷിതമായി വന്നുചേർന്ന ഒരു നിയോഗം

പത്താം ക്ലാസിൽ പഠിക്കുന്ന മേരി ഗിഫ്റ്റി എന്ന കുട്ടിയാണ് സി. മേരി ലീനയിലൂടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. സിസ്റ്ററിന്റെ സഹോദരീ പുത്രിയായിരുന്നു മേരി ഗിഫ്റ്റി. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കുട്ടിയെ അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാരണം വൃക്കകളുടെ തകരാറാണെന്നു കണ്ടെത്തിയപ്പോഴേയ്ക്കും വൃക്ക മാറ്റിവയ്‌ക്കേണ്ട അവസ്ഥയിൽ എത്തിയിരുന്നു. തന്റെ മകളുടെ അവസ്ഥ മേരി ഗിഫ്റ്റിയുടെ അമ്മയെ ഏറെ വിഷമിപ്പിച്ചു. വൃക്ക കൊടുക്കാൻ അവർ തയ്യാറായിരുന്നുവെങ്കിലും ബ്ലഡ് ഗ്രൂപ്പ് വ്യത്യാസമായതിനാൽ അത് സാധിക്കുമായിരുന്നില്ല. ഒരു ആശ്വാസത്തിനെന്നോണമാണ് സിസ്റ്റർ ആയ സഹോദരി മേരി ലീനയെ വിളിക്കുന്നത്. അപ്പോഴാണ് കുട്ടിയുടെയും സിസ്റ്ററിന്റെയും ബ്ലഡ് ഗ്രൂപ്പ് ബി പോസിറ്റിവ് ആണെന്നു മനസിലാകുന്നത്. അതോടെ ആ അമ്മയിൽ ഒരു പ്രതീക്ഷ ജനിച്ചു.

തന്റെ മകളെ സിസ്റ്റർ കൈവിടില്ല, സഹായിക്കും എന്ന പ്രതീക്ഷയിൽ മേരി ഗിഫ്റ്റിയുടെ അമ്മ സിസ്റ്ററിനെ വിളിക്കുന്നത് തുടർന്നു. സഹോദരിപുത്രിയുടെ മകളായതുകൊണ്ടല്ലേ അവയവ ദാനത്തിന് സമ്മതിച്ചത് എന്ന തോന്നലാണ് നിങ്ങൾക്കെങ്കിൽ അത് അങ്ങനെ അല്ല എന്ന് സി. മേരി ലീന വെളിപ്പെടുത്തുന്നു. “കാരണം അവയവദാനത്തെ കുറിച്ച് എനിക്ക് അന്ന് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. ഒരു രോഗം വന്നാൽ പോലും ഡോക്ടർമാരുടെ മുന്നിൽ ഒരു സർജറിക്കായും പോവില്ല എന്ന് തീരുമാനമെടുത്ത ആളായിരുന്നു ഞാൻ. ഒപ്പം എന്റെ വൃക്കകളിൽ ഒരെണ്ണം കൊടുത്തുകഴിഞ്ഞാൽ നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ സന്യാസ സമൂഹത്തിനു ഞാൻ ഒരു ഭാരമാകുമോ എന്ന ചിന്തയും എന്നെ അലട്ടിയിരുന്നു. ഈ കാരണങ്ങളാൽ തന്നെ, വൃക്കദാനം ചെയ്യാം എന്ന ഒരു ചിന്തയും എന്നിൽ ഉണ്ടായിരുന്നില്ല” – സിസ്റ്റർ പറയുന്നു.

എങ്കിലും ഈ സംഭവങ്ങളൊക്കെ തന്റെ സുപ്പീരിയറിനോട് സിസ്റ്റർ പറയുന്നുണ്ടായിരുന്നു. സുപ്പീരിയർ സിസ്റ്റർ ഇതെല്ലാം കേട്ട ശേഷം വ്യക്തമായ ഒരു മറുപടിയും നൽകിയില്ല. മാതാപിതാക്കളോട് പറഞ്ഞപ്പോൾ, പേടിയാണെങ്കിൽ വേണ്ട എന്ന ഉത്തരമാണ് അവർ നൽകിയത്. എന്നിട്ടും സംതൃപ്തി വരാതെ ഒരു വൈദികന്റെ പക്കൽ ഉപദേശം ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “വൃക്ക ദാനം ചെയ്യുന്നത് കൊണ്ട് പ്രശ്നമൊന്നും വരില്ല. എന്നാൽ പേടിയുണ്ടെങ്കിൽ അതിനു മുതിരാതിരിക്കുന്നതാണ് നല്ലത്. കാരണം പേടി മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.” അതിനാൽ തന്നെ മഠത്തിൽ നിന്നും സമ്മതിക്കില്ല എന്ന് അവരോടു സിസ്റ്റർ പറഞ്ഞു. എങ്കിലും നാളെ ആ കൊച്ചിന് എന്തെങ്കിലും സംഭവിച്ചാൽ അത് താൻ മൂലം കൂടിയാകില്ലേ എന്ന ചിന്ത സിസ്റ്റർനെ വല്ലാതെ അലട്ടി.

ദൈവനിയോഗമായി മാറുന്നു

ഫെബ്രുവരിയിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. അതിനുശേഷം മെയ് മാസത്തിൽ സിസ്റ്റർ വാർഷിക ധ്യാനത്തിനു പോയി. ആ ധാനത്തിലുടനീളം സിസ്റ്റർ പ്രാർത്ഥിച്ചത് ഒരേയൊരു കാര്യത്തിനായിരുന്നു. “ദൈവമേ, ഇതു നീ എന്നിൽ നിന്നാണ് ആവശ്യപ്പെടുന്നതെങ്കിൽ എനിക്ക് ഒരു അടയാളം തരണം. അല്ലെങ്കിൽ ഞാൻ തിരികെ ചെല്ലുമ്പോൾ അവയവ ദാനത്തിന് തയ്യാറായി മറ്റൊരാളെ നീ അവിടെ എത്തിക്കണം.”

സിസ്റ്റർ പ്രാർത്ഥന തുടർന്നു. തന്നെയുമല്ല, ധ്യാനിപ്പിച്ച അച്ചനോട് ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അവയവ ദാനത്തെ പിന്തുണച്ചുകൊണ്ടാണ് സംസാരിച്ചതും പ്രോത്സാഹനം നൽകിയതും. അങ്ങനെ ധ്യാനം കഴിഞ്ഞു മടങ്ങിയെത്തിയ സിസ്റ്റർ അറിയുന്നത് മറ്റൊരാൾ വൃക്ക കൊടുക്കുവാൻ തയ്യാറായി എന്ന വിവരമാണ്. സിസ്റ്ററിന് ആശ്വാസമായി. ദൈവം ഉചിതമായ മറ്റൊരാളെ നൽകിയല്ലോ.

എന്നാൽ അവസാനവട്ട പരിശോധനയിൽ ആ വ്യക്തിക്ക് വൃക്ക ദാനം ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അതോടെ സിസ്റ്റർ ഒരു കാര്യം മനസിലാക്കി. ഈ പ്രവൃത്തി ദൈവം ആവശ്യപ്പെടുന്നത് എന്നിൽ നിന്നു തന്നെ. അങ്ങനെ സിസ്റ്റർ, മാനസികമായി വൃക്ക ദാനം ചെയ്യുന്നതിനായി ഒരുങ്ങി. മദറിനെ വിളിച്ചു കാര്യം പറഞ്ഞു. സന്യാസ സമൂഹത്തിലെ അധികാരികളിൽ നിന്നും സമ്മതം വാങ്ങി ടെസ്റ്റുകൾക്കു വിധേയയായി. പിന്നീടുള്ള സമയങ്ങളിൽ സിസ്റ്ററിനു നല്ല ധൈര്യമായിരുന്നു. ആദ്യം തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത് ഒരു പേടിയായിരുന്നു എങ്കിൽ പിന്നീട് ദൈവം തന്നെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തിന്, ഓപ്പറേഷൻ നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേദിവസം രാത്രി ഒരാൾ വിളിച്ച്, വൃക്ക ദാനം ചെയ്തുകഴിഞ്ഞാൽ വലിയ പ്രശ്നമാണെന്നുപോലും പറഞ്ഞു. ആ നിമിഷങ്ങളിലൊക്കെയും വലിയ ധൈര്യത്തോടെ കർത്താവിൽ ആശ്രയിക്കുവാൻ സിസ്റ്ററിനു കഴിഞ്ഞു.

കൂടാതെ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സങ്കീർത്തനം 139 ആവർത്തിച്ചു ചൊല്ലി സിസ്റ്റർ പ്രാർത്ഥിച്ചിരുന്നു. സങ്കീർത്തനഭാഗം ഓരോ നിമിഷവും ചൊല്ലുമ്പോൾ ദൈവം തന്നെ കാണുന്നുണ്ട് എന്നും ദൈവം അറിയാതെ ഒന്നും തനിക്കു സംഭവിക്കുകയില്ല എന്നുമുള്ള വിശ്വാസത്തിലേയ്ക്ക് സിസ്റ്റർ മേരി ലീന വളരുകയായിരുന്നു. അങ്ങനെ 2013 ഒക്ടോബർ പത്താം തീയതി ഓപ്പറേഷൻ നടത്തി.

ഓപ്പറേഷനു ശേഷമുള്ള അനുഭവങ്ങൾ

ഓപ്പറേഷൻ കഴിഞ്ഞു ഞാൻ കണ്ണു തുറക്കുമ്പോൾ ഐസിയുവിൽ ആണ്. ഏതാനും ദിവസങ്ങൾക്കുശേഷം ആശുപത്രി ജീവിതം അവസാനിപ്പിച്ച തിരികെയെത്തുകയും ചെയ്തു. എനിക്ക് അങ്ങനെ ഒരു സർജറി ചെയ്തതായി തോന്നിയിട്ടുപോലും ഇല്ല. വേദനയും വളരെ കുറവായിരുന്നു എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

“ഒരാഴ്ച മാത്രമേ എനിക്ക് മരുന്ന് കഴിക്കേണ്ടി വന്നിട്ടുള്ളൂ. അതിനുശേഷം സാധാരണ പോലെ ഞാൻ മുന്നോട്ട് പോയി. കൂടാതെ എന്റെ കോൺഗ്രിഗേഷനിൽ നിന്ന് നല്ല പിന്തുണയുമായിരുന്നു. അവർ രണ്ടര മാസം അവധി നൽകി. ഈ സമയമത്രയും ഞാൻ വീട്ടിലായിരുന്നു. അതിനു ശേഷമാണ് തിരികെയെത്തിയത്. ടീച്ചറായിരുന്ന ഞാൻ വീണ്ടും പഠിപ്പിക്കാൻ കയറുകയും ചെയ്തു. ഇന്ന് എനിക്ക് 47 വയസുണ്ട്. വൃക്കദാനം നടത്തിയതിനു ശേഷം മുൻപ് ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു. ഒരു പനി പോലും വന്നിട്ടില്ല. തന്നെയുമല്ല ശസ്ത്രക്രിയയ്ക്കു ശേഷം തിരികെയെത്തിയ എനിക്ക് ആഗ്രയിലേയ്ക്ക് സ്ഥലം മാറ്റവും കിട്ടി. ആദ്യം എല്ലാവർക്കും ഭയമായിരുന്നു. അവിടുത്തെ സാഹചര്യങ്ങളുമായി ഞാൻ പൊരുത്തപ്പെടുമോ എന്ന ചിന്തയായിരുന്നു എല്ലാവർക്കും. എന്നാൽ ആ ചിന്തകളൊക്കെ വെറുതെയായിരുന്നു എന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു” – സിസ്റ്റർ പറഞ്ഞു.

ഇനി ഈ അടുത്ത ദിവസങ്ങളിലായി സാമൂഹ്യമാധ്യമംങ്ങളിൽ ഞാൻ വൃക്ക കൊടുക്കാൻ പോകുന്നതായിട്ടുള്ള പത്രവാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ആറുവർഷം മുൻപുള്ള പത്രവാർത്തയാണ് – സിസ്റ്റർ മേരി ലീന വ്യക്തമാക്കി.

മേരി ഗിഫ്റ്റി ഇപ്പോൾ മിടുക്കിയാണ്

ശസ്ത്രക്രിയ കഴിഞ്ഞ് ആറു വര്‍ഷങ്ങൾക്കിപ്പുറം മേരി ഗിഫ്റ്റി മിടുക്കിയായ ഒരു യുവതിയായി കഴിഞ്ഞു. അന്ന് ശാരീരികമായ അസ്വസ്ഥതകൾ മൂലം ക്ഷീണിച്ചിരുന്ന കുട്ടി ഇപ്പോള്‍ നന്നായിരിക്കുന്നു. മേരി ഗിഫ്റ്റി ഡി ഫാം വിദ്യാർത്ഥിനിയാണ്. അവള്‍ക്കു ഒരു ചെറിയ പനി വരുമ്പോൾ പോലും ഞാൻ ഒരുപാട് പ്രാർത്ഥിക്കാറുണ്ട്. അവളുടെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ വല്ലാത്ത ഒരു ആനന്ദമാണ് തോന്നുക – സിസ്റ്റർ പറയുന്നു.

ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സീൽ

ഫാ. ഹാനിബാൾ മരിയ ഡി ഫ്രാൻസിയ എന്ന ഇറ്റാലിയൻ വൈദികനായി സ്ഥാപിതമായ ഒരു സന്യാസിനീ സമൂഹം ആണ് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സീൽ. 1887-ലാണ് ഈ സന്യാസ സമൂഹം സ്ഥാപിതമായത്. മാതാവിനോട് അതീവഭക്തി ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഫാ. ഹാനിബാൾ. ഈ ഒരു കാരണത്താൽ തന്നെ സന്യസ സമൂഹത്തിൽ അംഗമാകുന്ന ഓരോ വ്യക്തിയുടെയും പേരിനു മുന്നിലായി മേരി എന്ന പേര് ചേർക്കുന്ന പതിവ് സ്വീകരിച്ചു. വിളവ് അധികം വേലക്കാരോ ചുരുക്കം എന്ന ബൈബിൾ വാക്യത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ട് ക്രിസ്തുവിനായി ജോലി ചെയ്യുവാൻ യുവതികളെ ചുമതലയേൽപ്പിക്കുന്നതിനാണ് അദ്ദേഹം ഈ സന്യാസിനീ സമൂഹം സ്ഥാപിച്ചത്.

ദൈവവിളിക്കായി പ്രാർത്ഥിക്കുക, കടന്നുചെല്ലുന്ന ഇടങ്ങളിലെ ആവശ്യമനുസരിച്ചു പ്രവർത്തിക്കുക തുടങ്ങിയ ആശയങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ഈ സന്യാസ സമൂഹം 1989-ലാണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സീൽ എന്ന സന്യാസ സമൂഹത്തിന്റെ ഭാഗമായി 70 -ഓളം സന്യാസിനികൾ സേവനം ചെയ്യുന്നു.

ഇപ്പോൾ യുപിയിൽ സെന്റ് ഫ്രാൻസിസ് സ്കൂളിൽ അധ്യാപികയായി സേവനം ചെയ്യുകയാണ് സിസ്റ്റർ മേരി ലീന. സന്യാസത്തെ പുച്ഛിക്കുന്നവർക്കും കല്ലെറിയുന്നവർക്കു മുന്നിൽ ഇവരുടെ ജീവിതം ഒരു മാതൃകയായി മാറുന്നു. കുറ്റം പറയുന്നവർക്കും വ്യാജവാർത്തകൾ പടച്ചുവിടുന്നവർക്കും മുന്നിൽ തലകുനിക്കാതെ സദ്‌ഗുണനകളുടെ വസന്തം ഒരുക്കുകയാണ് ഈ സന്യാസിനികൾ. അവരിലൊരാളായി ദൈവത്തിനായി ജീവിതവും ജീവനും മാറ്റി വച്ച് ഇറങ്ങിത്തിരിച്ച സി. മേരി ലീനയുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയായി മാറട്ടെ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.