സഭക്കുവേണ്ടി സഹനത്തെ സമർപ്പിച്ച സി. ലിനറ്റ് യാത്രയായി

“സഭക്കുവേണ്ടി സഹനത്തെ സമർപ്പിക്കുന്നു. ഇപ്പോൾ അതൊത്തിരി ആവശ്യവുമാണല്ലോ.” നാലു വർഷത്തോളമായി കാൻസർ രോഗത്തിന്റെ വേദനകളും ബുദ്ധിമുട്ടുകളും അനുഭവിച്ച്, സ്വർഗീയ സൗഭാഗ്യത്തിലേക്കു യാത്രയായ ഒരു യുവസന്യാസിനിയുടെ തന്റെ ജീവിതത്തിന്റെ അവസാന കാലത്തെ വാക്കുകളാണിത്. ഡി.എസ്.ജെ. സന്ന്യാസിനിസഭാംഗമായിരുന്ന സി. ലിനറ്റ് ആണ് ഇക്കാലത്തു സന്യാസസന്തോഷത്തിന്റെ സാക്ഷ്യമായി കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായ ആ പുണ്യ സന്യാസിനി. 39 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സി. ലിനറ്റ് കഴിഞ്ഞ നാല് വർഷത്തോളം ക്യാൻസറിനോട് പടവെട്ടി ജീവിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ നിര്യാതയായ സി. ലിനറ്റിന്റെ സംസ്കാരം ഒക്ടോബർ 22 തിങ്കളാഴ്ച രാവിലെ 10.30 ന് രാജമറ്റം തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടും.

സി. ലിനറ്റിന്റെ വിശുദ്ധമായ ജീവിതത്തിനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എഴുതിയ ഓർമ്മകുറിപ്പ്:

‘സി. ലിനറ്റ് ഡി.എസ്.ജെ. നിര്യാതയായി. കണ്ണ് നിറച്ച വിയോഗവാർത്ത ആയിരുന്നു സി. ലിനെറ്റിന്റേത്. ഒരു കത്തോലിക്ക സന്യാസിനിയുടെ ജീവിതം എത്രമാത്രം സന്തോഷനിർഭരം ആകാം എന്നതിന് ഉത്തമോദാഹരണമായിരുന്നു ആ ജീവിതം. ദനഹാലയയിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനി ആയിരുന്നു. സന്യാസത്തിന്റെ സന്തോഷവും സംതൃപ്തിയും പ്രസരിപ്പിച്ച വ്യക്തി!

കഴിഞ്ഞ നാല് വർഷങ്ങൾ ക്യാൻസറിനോട് പടവെട്ടി ജീവിക്കുമ്പോളും ആ മുഖത്ത് വിടർന്ന പുഞ്ചിരിയും സന്തോഷവും ആന്തരിക സൗന്ദര്യത്തിന്റെ തെളിച്ചമായിരുന്നു. ആ സമയത്തൊക്കെ ലിനറ്റിനെ കാണാൻ പോയിരുന്നത് ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നില്ല. മറിച്ചു, ശാന്തതയോടെയും ധീരതയോടെയും രോഗത്തെ നേരിടുന്നത് കാണാൻ വേണ്ടി കൂടി ആയിരുന്നു.

അവസാനം കണ്ടപ്പോൾ പറഞ്ഞു: “സഭക്കുവേണ്ടി സഹനത്തെ സമർപ്പിക്കുന്നു. ഇപ്പോൾ അതൊത്തിരി ആവശ്യവുമാണല്ലോ.” ആദ്യത്തെ തവണ രോഗത്തിൽ നിന്ന് വിമുക്തി ലഭിച്ചപ്പോൾ താൻ എങ്ങനെ രോഗത്തെ നേരിട്ടു എന്നത് പങ്കുവക്കാനായി വീണ്ടും ദനഹാലയയിലെത്തി. പക്ഷെ രോഗം പിടി മുറുക്കുകയായിരുന്നു. സ്വർഗീയ സൗഭാഗ്യത്തിലേക്കു കൊണ്ടുപോകുവാൻ ഈശോയ്ക്ക് ധൃതിയായി എന്ന് കരുതാം.

പ്രിയപ്പെട്ട ലിനറ്റ്, നിത്യതയുടെ സാക്ഷ്യമായി, അലൗകികമായ ആനന്ദത്തിന്റെ പ്രസരണമായി, നിഷ്കളങ്കമായ സ്നേഹത്തിന്റെ നിറവായി നീ ജീവിച്ചു. കൊച്ചുജീവിതം കൊണ്ട് ഞങ്ങളുടെ ആത്മീയതയെ നീ വെല്ലുവിളിച്ചു. ആന്തരിക സ്വാതന്ത്ര്യം എന്താണെന്നു തീവ്രവേദനകളുടെ നടുവിലും ഞങ്ങളെ പഠിപ്പിച്ചു.

നന്ദി… ഇക്കാലത്തു സന്യാസസന്തോഷത്തിന്റെ സാക്ഷ്യമായതിന്… വിശുദ്ധമായ ജീവിതത്തിനു ആദരാഞ്ജലികൾ!’

മാർ തോമസ് തറയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.