മനുഷ്യസ്നേഹിയായ ഒരു കാൻസർ പോരാളി: മാതൃകയാണ്, മനോഹരമാണ്, ദീപ്തമാണ് സി. ദീപ്തി സിഎംസി

കീര്‍ത്തി ജേക്കബ്

ക്ഷണിക്കപ്പെടാത്ത അതിഥിയായി ശരീരത്തില്‍ കയറിക്കൂടിയ കാന്‍സര്‍ എന്ന വില്ലനോട് പടവെട്ടിയുള്ള ജീവിതം, വേദനകളും സഹനങ്ങളുമാണ് വര്‍ഷങ്ങളായി സന്തതസഹചാരികളെങ്കിലും എപ്പോഴും ചിരിക്കുന്ന പ്രകൃതം, ദൈവം നല്‍കിയ കഴിവും സമയവും പരമാവധി മറ്റുള്ളവര്‍ക്കുവേണ്ടി ചിലവഴിക്കണമെന്ന നിശ്ചയദാര്‍ഢ്യം. ഇതൊക്കെയാണ് വയനാട് മാനന്തവാടി പ്രൊവിന്‍സിലെ അംഗവും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയുമായ സി. ദീപ്തി സിഎംസി -യുടെ ഏതാനും ചില വിശേഷണങ്ങള്‍.

നാല്‍പത്തിയഞ്ചാം വയസു മുതലാണ് സി. ദീപ്തി കാന്‍സര്‍ പോരാളിയായത്. ഒരിടത്തല്ല, ശരീരത്തിന്റെ പല ഭാഗത്തും കാന്‍സര്‍ അതിന്റെ ആക്രമണം അഴിച്ചുവിട്ടു. പക്ഷേ, നിരാശപ്പെടാനോ തളര്‍ന്നിരിക്കാനോ സിസ്റ്റര്‍ ഒരുക്കമായിരുന്നില്ല. ദൈവപിതാവിന്റെ കരം പിടിച്ച് പ്രാര്‍ത്ഥനയും സഹനശക്തിയും പരിചയും ഉടവാളുമാക്കി തിരിച്ചും പോരാടാന്‍ തന്നെയായിരുന്നു തീരുമാനം. വേദന മൂര്‍ച്ഛിച്ച് മരണത്തെ മുന്നില്‍ കണ്ട അവസരങ്ങളില്‍ പോലും അടിയറവ് പറഞ്ഞില്ല. പകരം ആഴമായ പ്രാര്‍ത്ഥനാജീവിതത്തിലൂടെ കൂടുതല്‍ പോരാട്ടവീര്യം കൈവരിക്കുകയായിരുന്നു. ഇതിനിടയില്‍ അനേകര്‍ക്ക് പ്രചോദനമായി, ജീവിതം കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും സുവിശേഷപ്രഘോഷകയായി, ദൈവതിരുമുമ്പില്‍ പലര്‍ക്കും മദ്ധ്യസ്ഥയുമായി.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി നടത്തിവരുന്ന ഈ പോരാട്ടത്തിന്റെ കഥ ലൈഫ്‌ഡേ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് സി. ദീപ്തി സിഎംസി. പ്രതിസന്ധികളില്‍ പതറാതെ, ജീവിതമാകുന്ന തേര് മുന്നോട്ടു നയിക്കാന്‍ പ്രചോദനമേകുന്ന ആ ജീവിതത്തിലേയ്ക്ക്…

വിശുദ്ധ കുര്‍ബാനയും കുടുംബപ്രാര്‍ത്ഥനയും മുടക്കാത്ത കുടുംബവും കുട്ടിക്കാലവും

താമരശ്ശേരിക്കടുത്ത് കൂടരഞ്ഞി എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ഒമ്പതു മക്കളെയാണ് ദൈവം എന്റെ മാതാപിതാക്കള്‍ക്ക് സമ്മാനിച്ചതെങ്കിലും മൂന്നുപേര്‍ ചെറുപ്രായങ്ങളില്‍ തന്നെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വിശുദ്ധ കുര്‍ബാനയെ അതിരറ്റു സ്‌നേഹിക്കുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. എത്രമാത്രം ജോലികളുണ്ടെങ്കിലും തിരക്കുണ്ടെങ്കിലും രാവിലെ പള്ളിയില്‍ പോയി കുര്‍ബാന കൂടിയശേഷം മാത്രമേ അപ്പനും അമ്മയും ബാക്കി ജോലികളിലേയ്ക്ക് കടന്നിരുന്നുള്ളൂ. ഞങ്ങള്‍ മക്കളേയും തീരെ ചെറുപ്പം മുതലേ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്ക് പറഞ്ഞുവിട്ടിരുന്നു. അതുകൊണ്ടു തന്നെ ഇന്നും എനിക്ക് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് വിശുദ്ധ കുര്‍ബാന. ജീവിതത്തിന്റെ ശക്തികേന്ദ്രവും അനുഗ്രഹങ്ങളുടെ ഉറവിടവും അതു തന്നെ.

കുടുംബപ്രാര്‍ത്ഥനയുടെ കാര്യവും അങ്ങനെ തന്നെ. ഒരു കാരണവശാലും സന്ധ്യാസമയത്തെ കുടുംബപ്രാര്‍ത്ഥന ഒഴിവാക്കിയിരുന്നില്ല. എന്റെ അമ്മ ഏഴാം ക്ലാസ് വരെ പഠിച്ചത് പാലാ, ചേര്‍പ്പുങ്കലിലെ സ്‌കൂളിലായിരുന്നു. സിഎംസി സിസ്‌റ്റേഴ്‌സായിരുന്നു അദ്ധ്യാപകര്‍. ആ അദ്ധ്യാപകരോടുള്ള ഇഷ്ടം കൊണ്ട് അമ്മയ്ക്ക് കന്യാസ്ത്രീയാകണമെന്നായിരുന്നു ആഗ്രഹവും. ആ ആഗ്രഹം നടന്നില്ലെങ്കിലും അമ്മ തന്റെ രണ്ട് മക്കള്‍ക്ക് സന്യസ്തജീവിതത്തിലേയ്ക്കുള്ള വഴിയൊരുക്കിക്കൊടുത്തു. എന്റെ ചേച്ചി, സി. ദിവ്യ തൃശൂരിലെ സമരിറ്റന്‍സ് സന്യാസ സഭാംഗമാണ്.

1979-ല്‍ പതിനഞ്ചാം വയസിലാണ് ഞാന്‍ മഠത്തില്‍ ചേര്‍ന്നത്. പരിശുദ്ധ അമ്മയെപ്പോലെ വിശുദ്ധരായ മക്കളെ തരണമേ എന്ന് അമ്മ എപ്പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്ത് പുണ്യപ്രവര്‍ത്തി ചെയ്യുമ്പോഴും ഒരു പാപിയുടെ മാനസാന്തരത്തിനുവേണ്ടി കാഴ്ച വയ്ക്കണമെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പത്തില്‍ അമ്മ ഞങ്ങളെ പഠിപ്പിച്ചതല്ലാത്ത ഒരു സുകൃതജപമോ പ്രാര്‍ത്ഥനയോ മഠത്തില്‍ ചേര്‍ന്നുകഴിഞ്ഞ് പഠിച്ചിട്ടില്ല. അത്രമേല്‍ ആഴത്തിലുള്ള പ്രാര്‍ത്ഥനാജീവിതമാണ് എന്റെ അമ്മ നയിച്ചിരുന്നതെന്നു ചുരുക്കം.

കാല്‍ പതിറ്റാണ്ടിലധികം നീണ്ട അദ്ധ്യാപനജീവിതം

26 വര്‍ഷമായി അദ്ധ്യാപികയായാണ് സേവനം ചെയ്തുവരുന്നത്. മൈസൂരില്‍ കോളജിലും സ്‌കൂളിലുമായി മൂന്ന് വര്‍ഷത്തോളം സേവനം ചെയ്തു. പിന്നീട് വയനാട് മാനന്തവാടി കോര്‍പ്പറേറ്റിനു കീഴിലുള്ള വിവിധ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ കണക്ക് അദ്ധ്യാപികയായിരുന്നു, ഇരുപത്തിരണ്ട് വര്‍ഷത്തോളം. 2020 മേയ് 31-നാണ് റിട്ടയര്‍ ചെയ്തത്. പഠിപ്പിക്കുന്ന സ്‌കൂള്‍ എത്ര അടുത്തായാലും അകലെയായാലും ഏറ്റവും ആദ്യം സ്‌കൂളിലെത്തുന്ന ടീച്ചറാവുക എന്നത് എനിക്ക് എക്കാലവും നിര്‍ബന്ധമായിരുന്നു. അദ്ധ്യാപികയായി ജോലി ചെയ്ത ഇരുപത്തിരണ്ട് വര്‍ഷവും അത് എനിക്ക് സാധിക്കുകയും ചെയ്തു. സ്‌കൂളിലെ ഓഫീസില്‍ നിന്നും മിച്ചം വരുന്ന പേപ്പറുകള്‍ ശേഖരിച്ച് അത് ബൈന്‍ഡ് ചെയ്ത് കുട്ടികള്‍ക്ക് എഴുതിപ്പഠിക്കാനായി നല്‍കുക എന്നതും എന്റെ പതിവായിരുന്നു.

റിട്ടയര്‍മെന്റിനു ശേഷവും നടവയലിലെ സ്‌കൂളിലും മണിമൂളിയിലെ മറ്റൊരു സ്‌കൂളിലും കണക്കിന് അദ്ധ്യാപകരില്ലാതിരുന്നതിനാല്‍ പ്ലസ്ടുവില്‍ ഞാന്‍ സൗജന്യമായി പഠിപ്പിക്കാന്‍ തുടങ്ങി. ആരോഗ്യം കുറഞ്ഞ സമയത്ത് ഈ രണ്ട് സ്‌കൂളിലും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ക്ലാസെടുക്കല്‍. ഇതു കൂടാതെ ഇപ്പോള്‍ ഞങ്ങളുടെ തന്നെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പഠിപ്പിക്കുന്നുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സ്‌കൂള്‍ സമയം കഴിഞ്ഞ് മഠത്തില്‍ വച്ചും ക്ലാസ് എടുത്തുകൊടുത്തിട്ടുണ്ട്. ഒരു കുട്ടി രക്ഷപെട്ടാല്‍ ഒരു കുടുംബം രക്ഷപെടുമല്ലോ എന്ന ചിന്തയാണ് എപ്പോഴും എന്നെ നയിക്കുന്നത്. പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെയെല്ലാം സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ അദ്ധ്വാനിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം.

കൈകളില്‍ താങ്ങുന്ന അപ്പനുള്ളിടത്തോളം രോഗത്തോട് തെല്ലും ഭയമില്ല

ചെറിയ തലവേദന വന്നാല്‍ പോലും സഹിക്കാന്‍ പറ്റാത്ത ആളായിരുന്നു ഞാന്‍. പക്ഷേ 2009-ല്‍ 45- ാം വയസില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മനോഭാവം മറ്റൊന്നായിരുന്നു. കാന്‍സര്‍ ബാധിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് 2004-ല്‍ പങ്കെടുത്ത നാല്‍പതു ദിവസത്തെ ഒരു ധ്യാനമാണ് ആ മാറ്റത്തിന് കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റെല്ലാ ആകുലതകളും മാറ്റിവച്ച് ദൈവസ്‌നേഹം ആസ്വദിക്കുന്നതിനായി സ്വയം വിട്ടുകൊടുക്കാന്‍ അന്നാണ് ഞാന്‍ ശരിക്കും പഠിച്ചത്. ആദ്യം ബ്രെസ്റ്റിനായിരുന്നു കാന്‍സര്‍ തിരിച്ചറിഞ്ഞത്. പിന്നീടാണ് നട്ടെല്ലില്‍ ബാധിച്ചത്.

ടെസ്റ്റ് റിസള്‍ട്ടുകള്‍ കണ്ട് ഓപ്പറേഷന്‍ ചെയ്തിട്ട് കാര്യമില്ലെന്ന് ചില ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടുണ്ട്. ഓപ്പറേഷന്‍ ചെയ്താലും തളര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിട്ടുണ്ട്. അതൊന്നും എനിക്ക് നിരാശയ്ക്ക് കാരണമായില്ല – തീപിടിച്ച കെട്ടിടത്തില്‍ പെട്ടുപോയ മകനോട് താഴെ നിന്ന അപ്പന്‍, നീ താഴേയ്ക്ക് ചാടിക്കോ മോനേ, അപ്പന്‍ പിടിച്ചോളാം എന്നു പറഞ്ഞു. അപ്പാ, എനിക്ക് അപ്പനെ കാണാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞ മകനോട് നീ എന്നെ കാണുന്നില്ലെങ്കിലും ഞാന്‍ നിന്നെ കാണുന്നുണ്ട് എന്നായി അപ്പന്‍. ആ വാക്കില്‍ വിശ്വസിച്ച് മകന്‍ ചാടുകയും അപ്പന്‍ അവനെ കൈകളില്‍ സുരക്ഷിതമായി പിടിക്കുകയും ചെയ്തു – ഈയൊരു കഥയാണ് എന്റെ കരുത്ത്. കഥയിലെ അപ്പന്‍ എന്റെ ദൈവവും മകന്‍ ഞാനും.

ഓപ്പറേഷനിലൂടെ നട്ടെല്ലിലെ കശേരുക്കള്‍ മുഴുവന്‍ ചുരണ്ടിക്കളഞ്ഞ് അവിടെ രണ്ട് കമ്പി മെറ്റല്‍ വച്ചു. ഓരോ കമ്പിക്കും നാല് വീതം എട്ട് സ്‌ക്രൂവും രണ്ട് ചെറിയ ബാഗും എന്റെ പുറത്ത് പിടിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷനു ശേഷം കുറേയേറെ മാസത്തേയ്ക്ക് നട്ടെല്ലിന് താഴേയ്ക്ക് പാദം വരേയും നിരന്തരം വേദനയായിരുന്നു. തരിപ്പും അസ്വസ്ഥതയും കാരണം പല ദിവസങ്ങളിലും ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ചില സമയത്ത് അതിശക്തമായ കീമോ തെറാപ്പി കഴിഞ്ഞ് ഫംഗസ് ബാധയാല്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ആസിഡ് കുടിച്ചപോലുള്ള അസ്വസ്ഥതകളായിരുന്നു വായില്‍ നിറയെ. ആ സമയത്ത് മരണത്തിനു ഞാന്‍ തയ്യാറാണെന്ന് ദൈവത്തോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, മുറിയിലെ ക്രൂശിതരൂപത്തിലേയ്ക്ക് നോക്കിയപ്പോള്‍, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് പൂര്‍ണ്ണമായി വഴങ്ങിയ പുത്രനെ കണ്ടപ്പോള്‍ എന്നില്‍ പുത്തനുണര്‍വുണ്ടായി. സഹിക്കുന്നതിന് കൂടുതല്‍ ശക്തിയും ധൈര്യവും ലഭിച്ചു.

പിന്നീട് രോഗാവസ്ഥയുടെ ഓരോ ഘട്ടത്തിലും വളരെ ലാഘവത്തോടെയാണ് അവയെല്ലാം ഉള്‍ക്കൊണ്ടത്. സിസ്റ്ററിന്റെ സന്തോഷം കണ്ടാല്‍ ലോട്ടറി അടിച്ചതുപോലെയാണല്ലോ എന്നൊക്കെ പലരും ആ സമയങ്ങളില്‍ ചോദിച്ചിട്ടുണ്ട്. ഇത്രയും ധൈര്യത്തോടെ രോഗത്തെ അഭിമുഖീകരിക്കുന്നവര്‍ ചുരുക്കമാണെന്ന് ചികിത്സിച്ച പല ഡോക്ടര്‍മാരും സൂചിപ്പിച്ചിട്ടുണ്ട്. ദൈവത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന വ്യക്തി കൂടുതലായി ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല എന്ന് എനിക്ക് തോന്നി. നിന്റെ ഇഷ്ടം, എന്റെയും ഇഷ്ടം എന്നാണ് അന്നും ഇന്നും ദൈവത്തോട് പറയുന്നതും.

താങ്ങിനിര്‍ത്തുന്നത് അനേകരുടെ ത്യാഗപൂര്‍ണ്ണമായ പ്രാര്‍ത്ഥന

അനേകരുടെ ത്യാഗപൂര്‍ണ്ണമായ പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റെയും ശക്തിയാലാണ് എന്റെ ജീവിതം മുന്നോട്ടുപോകുന്നത്. 2018 ഏപ്രില്‍ 18-ന് നട്ടെല്ലിന്റെ ഓപ്പറേഷന്‍ നടന്ന സമയത്ത് എന്റെ മൂത്ത ആങ്ങള,  ‘ഞാന്‍ സകല മര്‍ത്യരുടേയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാദ്ധ്യമായി എന്തെങ്കിലുമുണ്ടോ’ (ജറെ. 32:27) എന്ന തിരുവചനം 1000 പ്രാവശ്യം എഴുതി പ്രാര്‍ത്ഥിച്ചു. അതുപോലെ തന്നെ ആ സമയത്ത് എന്നെ ശുശ്രൂഷിച്ചിരുന്ന രണ്ട് സിസ്‌റ്റേഴ്‌സ് പരീക്ഷ എഴുതുന്നതുപോലെ വചനം എഴുതി പ്രാര്‍ത്ഥിച്ചു. ഓപ്പറേഷന്‍ കഴിയുന്നതുവരെ മുട്ടില്‍ നിന്നാണ് അവര്‍ മൂന്നുപേരും പ്രാര്‍ത്ഥിച്ചത്. എന്റെ സഹപ്രവര്‍ത്തകരായ സിസ്റ്റേഴ്‌സും രാത്രി മുഴുവന്‍ കൈ വിരിച്ചുപിടിച്ച് ദൈവത്തെ വിളിച്ച് കരഞ്ഞ് പ്രാര്‍ത്ഥിക്കുമായിരുന്നു. കൂടാതെ മാര്‍ട്ടിന്‍ സെല്‍വം എന്ന എന്റെ പരിചയക്കാരനായ ഒരു സുവിശേഷപ്രവര്‍ത്തകന്‍ വേളാങ്കണ്ണി പള്ളിയില്‍ മലയാളിയായ വൈദികനെക്കൊണ്ട് എനിക്കുവേണ്ടി ഒരാഴ്ച മുഴുവന്‍ വിശുദ്ധ കുര്‍ബാന ചൊല്ലിച്ചു. ഓപ്പറേഷനു ശേഷമുള്ള ചികിത്സയുടെ ഓരോ ഘട്ടത്തിലും ജപമാലയായിരുന്നു ആശ്രയം. ആ ശക്തിയാലാവണം അതിവേഗം സാധാരണജീവിതത്തിലേയ്ക്ക് പ്രവേശിക്കാനും കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുമാര്‍ക്കുമെല്ലാം അത് വലിയ അത്ഭുതവുമായിരുന്നു. ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യത്തിനെല്ലാം ജപമാലയാണ് ഞാന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.

അതുപോലെ തന്നെ എന്റെ കൂട്ടുകാരിയുടെ സഹോദരനായ ഒരു വൈദികന്‍, ഇരുപത്തിനാല് വര്‍ഷം മുമ്പ് പട്ടം സ്വീകരിച്ചപ്പോള്‍ മുതല്‍ ഇന്നുവരെ അദ്ദേഹം അര്‍പ്പിക്കുന്ന എല്ലാ കുര്‍ബാനകളിലും മൂന്നു പ്രാവശ്യം വീതം എന്നെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ട്. കൂടാതെ, ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടേയും ശുശ്രൂഷ ചെയ്തിട്ടുള്ള വൃദ്ധമന്ദിരങ്ങളിലെ അംഗങ്ങളുടേയുമെല്ലാം നിഷ്‌കളങ്കമായ പ്രാര്‍ത്ഥനയും എനിക്ക് അനുഗ്രഹമായി ഭവിച്ചു.

എന്റെ സഹപ്രവര്‍ത്തകയായിരുന്ന സി. റാണി എസ്എബിഎസ് എനിക്ക് കാന്‍സര്‍ വന്നതു മുതല്‍ ഇപ്പോഴും എനിക്കുവേണ്ടി മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് ത്യാഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരുടെയെല്ലാം പ്രാര്‍ത്ഥനയ്ക്കും ത്യാഗത്തിനും പല മടങ്ങായി ദൈവമേ, അങ്ങ് തന്നെ പ്രതിഫലം നല്‍കണമേ എന്നു മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

സഹനങ്ങള്‍, ദൈവത്തിന് പ്രതിസ്‌നേഹം കൊടുക്കാനുള്ള അവസരം

ജീവിതത്തിലുണ്ടാവുന്ന സഹനങ്ങള്‍ ഓരോന്നും നമ്മെ അളവില്ലാതെ സ്‌നേഹിക്കുന്ന ദൈവത്തിന് പ്രതിസ്‌നേഹം കൊടുക്കാനുള്ള അവസരമായാണ് ഞാന്‍ കണക്കാക്കുന്നത്. സഹനങ്ങള്‍ പരാതി കൂടാതെ സഹിക്കുന്നതിലൂടെയും ആ സഹനങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി കാഴ്ച വയ്ക്കുകയും ചെയ്യുന്നതിലൂടെ ദൈവസ്‌നേഹമാണ് നമുക്ക് വെളിപ്പെടുത്താനും പ്രഘോഷിക്കാനും കഴിയുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈശോയുമായി പല കാര്യങ്ങളിലും ഞാന്‍ ഒരു എഗ്രിമെന്റ് വയ്ക്കാറുണ്ട്. കാലിന് നല്ല വേദനയുണ്ടെങ്കിലും എന്നെ കിടപ്പിലാകാന്‍ വിടാതെ, നടന്നുകൊണ്ട് സഹിക്കാന്‍ അനുവദിച്ച് നമ്മുടെ സ്‌കൂളിലെ കുട്ടികളെ പരീക്ഷയില്‍ ജയിപ്പിച്ചു വിടാന്‍ എന്നെ അനുവദിക്കണമെന്ന് ഞാന്‍ ഈശോയോട് പറയും. ഉള്ളംകാലില്‍ പലപ്പോഴും വെന്തതുപോലുള്ള വേദനയാണ്. നട്ടെല്ലിലെ ട്യൂമര്‍ ചുരണ്ടിക്കളഞ്ഞതിന്റെ പാര്‍ശ്വഫലമാണെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ആ വേദനയൊക്കെയും ശുദ്ധീകരണസ്ഥലത്ത് സങ്കടമനുഭവിക്കുന്ന ആത്മാക്കള്‍ക്കു വേണ്ടിയാണ് കാഴ്ച വയ്ക്കുന്നത്.

വേദനകള്‍ പ്രാര്‍ത്ഥനകളാകുമ്പോള്‍

കാന്‍സറിന്റെ വേദനകളും ബുദ്ധിമുട്ടുകളും ത്യാഗങ്ങളും എപ്പോഴും മറ്റുള്ളവര്‍ക്കായി കാഴ്ച വയ്ക്കുകയാണ് പതിവ്. രാവിലെ എഴുന്നേറ്റാല്‍ ഉടനെ പരിശുദ്ധാത്മാത്മാവിന്റെ അനുഗ്രഹം മേടിക്കും. വെളുപ്പിനേയും ഉച്ചയ്ക്കുശേഷവും മൂന്നു മണി നേരത്ത് ഈശോയുടെ അഞ്ച് തിരുമുറിവുകളെ ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്നത് പതിവാണ്. പ്രത്യേക നിയോഗത്തിനുവേണ്ടി എന്നോട് വ്യക്തിപരമായി പ്രാര്‍ത്ഥനാസഹായം തേടുന്നവര്‍, മാരകരോഗികള്‍, കോവിഡ് രോഗികള്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍, ഉത്തര കൊറിയ, സിറിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാന്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ക്ലേശമനുഭവിക്കുന്നവര്‍ എന്നിങ്ങനെ അനേകര്‍ക്കുവേണ്ടി ഞാന്‍ ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കാറുണ്ട്. പാപികളുടെ മാനസാന്തരമാണ് എന്റെ പ്രാര്‍ത്ഥനകളിലെ മറ്റൊരു പ്രധാനവിഷയം.

ഓരോ ഓപ്പറേഷനും കീമോ തെറാപ്പിയ്ക്കും മുമ്പ് തലേദിവസം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദൈവഹിതത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാനാണത്. ഒപ്പം ആരോരുമില്ലാത്ത ആത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയും ചൊല്ലിക്കും.

ഉണ്ണീശോയോടുള്ള ഭക്തി

ഉണ്ണീശോയുടെ വലിയ ഭക്തയാണ് ഞാന്‍. അറിഞ്ഞും അറിയാതെയും പലരുടെ സ്വാധീനം കൊണ്ടാണ് ആ ഭക്തി വളര്‍ന്നത്. 1985 ജൂണ്‍ ഒന്നിനാണ് ഞാന്‍ താമസിക്കുന്ന കേനിച്ചിറയിലെ ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റ് തുടങ്ങിയത്. ഇവിടുത്തെ ആദ്യാഗംങ്ങളായ മൂന്നു പേരില്‍ ഒരാളാണ് ഞാന്‍. അന്ന് മദറായിരുന്ന സ്റ്റെഫാനിയമ്മ ഉണ്ണീശോയുടെ വലിയ ഭക്തയായിരുന്നു. കൂടാതെ എന്റെ സ്വന്തം അമ്മ, ചേര്‍പ്പുങ്കല്‍ പള്ളിയിലെ ഉണ്ണീശോയുടെ ഭക്തയായിരുന്നു. ഈ രണ്ട് അമ്മമാരില്‍ നിന്നാണ് ഞാനും ഉണ്ണീശോയുടെ കൂട്ടുകാരിയായത്. ഉണ്ണീശോയുടെ നൊവേന ചൊല്ലാതെ മഠത്തില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങാറില്ല. ഈ മഠത്തില്‍ സ്ഥാപിച്ചിട്ടുള്ള ഉണ്ണീശോയുടെ രൂപം ജീവനുള്ളതു പോലെ തോന്നും. മഠത്തില്‍ ആരു വന്നാലും വീട്ടിലെ കാരണവരുടെ അടുത്തേയ്‌ക്കെന്ന പോലെ ഉണ്ണീശോയുടെ രൂപത്തിനടുത്തേയ്ക്ക് ഞാനവരെ കൊണ്ടുപോകും. രൂപത്തിനു മുന്നില്‍ നിര്‍ത്തി ഫോട്ടോയും എടുപ്പിക്കും. രാത്രി ഉണ്ണീശോയുടെ അടുക്കല്‍ പോയി കുശലം പറഞ്ഞിട്ടാണ് ഉറങ്ങാന്‍ പോകുന്നതും. ഉണ്ണീശോ അടുത്തിടപഴകുന്നതായി ചെറുതും വലുതുമായ ധാരാളം അനുഭവങ്ങളും ജീവിതത്തിലുടനീളം ഉണ്ടായിട്ടുണ്ട്.

രക്തം നല്‍കി സുഖപ്പെടുത്തിയ ഈശോ

2007 ഡിസംബറിലാണ് സംഭവം. എന്റെ ഒരു വിദ്യാര്‍ത്ഥിയുടെ അമ്മ നട്ടെല്ലിലെ രക്തം വറ്റിപ്പോകുന്ന അവസ്ഥയില്‍ മരണത്തിന്റെ വക്കിലെത്തി. ചികിത്സയുടെ ഭാഗമായി എല്ലാ മാസവും രണ്ടു പേര്‍ വീതം രക്തം കൊടുക്കണം. ആവശ്യമുള്ളപ്പോള്‍ പറയണം, ഞാനും രക്തം തരാം എന്ന് അവനോട് ഞാന്‍ പറഞ്ഞിരുന്നു. ഒരു ദിവസം അവനെന്നെ വിളിച്ചു, ടീച്ചറേ അമ്മയക്ക് ബ്ലഡ് കൊടുക്കാന്‍ വരാമോ എന്ന് ചോദിച്ചു. ഞാന്‍ ഉടന്‍ ആശുപത്രിയിലെത്തിയെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോള്‍ എന്റെ ബ്ലഡ് കൗണ്ട് കുറവായതിനാല്‍ അവര്‍ക്ക് കൊടുക്കുന്നതിന് തടസമുണ്ടെന്ന് കണ്ടെത്തി.

ഏറെ വിഷമിച്ച് ഞാന്‍ പറഞ്ഞു, എട്ടാമത്തെ വയസു മുതല്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എന്റെ ബ്ലഡില്‍ ഈശോ ഉണ്ടായിരിക്കുമല്ലോ, എങ്കില്‍ ആ സ്ത്രീയ്ക്ക് വേഗം സുഖമാകുമല്ലോ എന്നുകൂടി കരുതിയാണ് ഞാന്‍ വന്നത്. അത് കൊടുക്കാന്‍ സാധിച്ചില്ലല്ലോ എന്ന്. സാരമില്ല സിസ്റ്ററേ എന്നു പറഞ്ഞ് അവരെന്നെ ആശ്വിസിപ്പിച്ചു വിട്ടു. എന്റെ സഹപ്രവര്‍ത്തകനായ ഒരു അദ്ധ്യാപകന്‍ അന്ന് എനിക്കു പകരം ബ്ലഡ് കൊടുക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം വരുന്നതിനു മുമ്പ് രോഗിയായ സ്ത്രീയെ പരിശോധിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ ആവശ്യത്തിന് ബ്ലഡ് ഉണ്ട് എന്നും അന്ന് അവര്‍ക്ക് ബ്ലഡ് ആവശ്യമില്ല എന്നും മനസിലാക്കി. അത് അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു.

തൊട്ടടുത്ത ആദ്യ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയത്ത് ഈശോ എനിക്ക് വെളിപ്പെടുത്തിയതായി തോന്നി, നിനക്ക് പകരം ഞാനാണ് അന്ന് ബ്ലഡ് കൊടുത്തത് എന്ന്. പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ദിവസത്തിനുശേഷം ആ സ്ത്രീയ്ക്ക് ശരീരത്തില്‍ ബ്ലഡ് കയറ്റേണ്ട സ്ഥിതി വന്നില്ല എന്നാണ്. താമസിയാതെ അസുഖവും പൂര്‍ണ്ണമായി മാറി. അവരുടെ വീട്ടില്‍ എന്റെ ഫോട്ടോ ലാമിനേറ്റ് ചെയ്ത് വച്ചിട്ടുണ്ട്. പക്ഷേ, എന്റെ കഴിവോ മഹിമയോ കൊണ്ടാണ് ആ സൗഖ്യം ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് വിശുദ്ധ കുര്‍ബാനയിലൂടെ ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്ന ദൈവത്തിന്റെ മഹത്വമാണ് അവിടെ വെളിവായത്.

കൊന്ത നിര്‍മ്മാണത്തിലൂടെ സുവിശേഷപ്രഘോഷണം

കൊന്ത നിര്‍മ്മാണം, ബാഗ് നിര്‍മ്മാണം എന്നിവയൊക്കെയാണ് പ്രധാന ഹോബികള്‍. സ്വന്തമായി നിര്‍മ്മിച്ച ബാഗുകളാണ് ഞാന്‍ ഉപയോഗിക്കുന്നതും. ജപമാലയും വചനവും ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടോ അല്ലെങ്കില്‍ ഓഡിയോ ബൈബിളോ വചനപ്രഘോഷണമോ കേട്ടുകൊണ്ടാണ് എപ്പോഴായാലും ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒട്ടും മടുപ്പോ ക്ഷീണമോ തോന്നാറില്ല. കൂടുതല്‍ ഹരമായി മാറുകയേയുള്ളൂ.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും ഡോക്ടറെ കാത്തിരിക്കുമ്പോഴുമെല്ലാം കൊന്ത കോര്‍ക്കല്‍ നടത്തും. സഹയാത്രികര്‍ക്ക് കൊന്ത സമ്മാനിക്കുകയും ചെയ്യും. നട്ടെല്ലിന് ഓപ്പറേഷന്‍ ചെയ്ത് കിടക്കുമ്പോഴും നെഞ്ചില്‍ വിരിയിട്ട് ഞാന്‍ കൊന്ത കോര്‍ത്തിരുന്നു. വെല്ലൂരില്‍ റേഡിയേഷനുവേണ്ടി ഒന്നര മാസം കഴിഞ്ഞപ്പോഴും ഞാനും എനിക്ക് കൂട്ടായി വന്ന സിസ്റ്ററും ചേര്‍ന്ന് മത്സരിച്ച് കൊന്ത ഉണ്ടാക്കുമായിരുന്നു. അവിടെയുണ്ടായിരുന്ന രോഗികളില്‍ ചിലരേയും ഞങ്ങള്‍ കൊന്തയുണ്ടാക്കാന്‍ പഠിപ്പിച്ചു. ഇന്നല്ലെങ്കില്‍ നാളെ എന്ന രീതിയില്‍ മരണം കാത്തുകിടന്നിരുന്ന തൃശൂര്‍ സ്വദേശിനിയായ ഒരു സ്ത്രീയേയും ഇതുപോലെ ഞങ്ങള്‍ കൊന്തയുണ്ടാക്കാന്‍ പഠിപ്പിച്ചിരുന്നു. തീര്‍ത്തും അവശയായിരുന്നെങ്കിലും നിരന്തരം അവര്‍ കൊന്തയുണ്ടാക്കിക്കൊണ്ടിരുന്നു. അവരുടെ ആരോഗ്യത്തിലും അതിനുശേഷം പ്രകടമായ പുരോഗതി അനുഭവപ്പെടുകയുണ്ടായി. മാതാവിന്റെ അനുഗ്രഹം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു, പിന്നീട് വര്‍ഷങ്ങളോളം ജീവിച്ചതിനുശേഷമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. അവരുടെ ആ അതിജീവനം ഡോക്ടര്‍മാര്‍ക്ക് പോലും അത്ഭുതമായിരുന്നു.

നടവയലില്‍ ഓസാനം ഭവന്‍ എന്ന വിന്‍സെന്റി ഡി പോളിന്റെ വൃദ്ധമന്ദിരത്തില്‍ അഞ്ച് വര്‍ഷത്തോളം വിശുദ്ധ കുര്‍ബാനയ്ക്ക് ഒരുക്കാന്‍ ഞാന്‍ പോകുമായിരുന്നു. അവിടുത്തെ അന്തേവാസികളേയും കൊന്ത ഉണ്ടാക്കാന്‍ പഠിപ്പിച്ചു. തീര്‍ത്തും അവശരായവര്‍ പോലും ആവേശത്തോടെ കൊന്തയുണ്ടാക്കുന്ന കാഴ്ച മനസു നിറയ്ക്കുന്നതാണ്. അത്മായരും വൈദികരും സന്യസ്തരുമുള്‍പ്പെടെ ധാരാളം സുഹൃത്തുക്കള്‍ കൊന്തയുണ്ടാക്കാനുള്ള മുത്തും അനുബന്ധവസ്തുക്കളും വാങ്ങാനായി സാമ്പത്തികസഹായം നല്‍കിക്കൊണ്ടും ഈ സുവിശേഷപ്രഘോഷണത്തില്‍ പങ്കാളികളാകുന്നുണ്ട്.

അതുപോലെ തന്നെ മാതാവിന്റെ അത്ഭുത കാശുരൂപവും ബനഡിക്ടന്‍ കുരിശും കൂട്ടിച്ചേര്‍ക്കാതെ ഞാന്‍ കൊന്ത ഉണ്ടാക്കാറില്ല. അതുകൊണ്ട് അത്ഭുത കാശുരൂപം വിതരണം ചെയ്യുന്ന സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു സംഘടനയില്‍ നിന്ന് 2008 മുതല്‍ ഇന്നു വരെയുള്ള കാലയളവില്‍ ലക്ഷക്കണക്കിന് അത്ഭുത കാശുരൂപങ്ങള്‍ വരുത്തിയിട്ടുമുണ്ട്. ഞാന്‍ സമ്മാനിച്ച കൊന്തകള്‍ തങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതായി പലരും സാക്ഷ്യം പറയാറുമുണ്ട്. അത്ഭുത കാശുരൂപവുമായി ബന്ധപ്പെട്ട് വലിയ അപകടങ്ങളില്‍ നിന്നു പോലും രക്ഷപെട്ട അനുഭവങ്ങള്‍ എനിക്ക് വ്യക്തിപരമായും പരിചയക്കാരായ ധാരാളം ആളുകള്‍ക്കും ഉണ്ടായിട്ടുണ്ട്.

വചനപ്രഘോഷണത്തിലും സജീവം

വചനവ്യാഖ്യാനം, സുവിശേഷ പ്രഘോഷണം എന്നിവയും എന്റെ ഇഷ്ടമേഖലകളാണ്. ഏഴ് വര്‍ഷത്തോളം ഞാന്‍ മൈസൂരിലായിരുന്നു. അവിടെ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്കുശേഷം സമ്മേളിക്കുന്ന പ്രാര്‍ത്ഥനാഗ്രൂപ്പില്‍ വചനവ്യാഖ്യാനം എന്റെ ചുമതലയായിരുന്നു. ധ്യാനകേന്ദ്രങ്ങളിലും കണ്‍വെന്‍ഷനുകളിലും ധ്യാനിപ്പിക്കാനും വചനം പ്രഘോഷിക്കാനും പോയിട്ടുണ്ട്. ആ അവസരങ്ങളെല്ലാം ഈശോയെ സന്തോഷിപ്പിക്കാനുള്ള അവസരങ്ങളായാണ് വിനിയോഗിച്ചത്. ഇപ്പോഴും ഫോണിലൂടെയും മറ്റും അനേകര്‍ക്ക് ആശ്വാസം പകരാനും പ്രചോദനമേകാനും ദൈവസ്‌നേഹം പകര്‍ന്നു നല്‍കാനും കഴിയുന്നുണ്ട്.

കോവിഡിനെതിരെയുളള പോരാട്ടം

കോവിഡിനെതിരെ പോരാടുന്ന അനവധി ആളുകളോടൊപ്പം ഞാനും എന്നാലാവുന്നത് ചെയ്യുകയാണ്. മാസ്‌ക് നിര്‍മ്മാണമാണ് അതില്‍ പ്രധാനം. ഇപ്പോള്‍ അതെന്റെ ഹോബിയായി മാറിയിരിക്കുകയാണ്. തയ്യല്‍ക്കാരായ പരിചയക്കാരുടെ അടുക്കല്‍ നിന്ന് വേസ്റ്റ് തുണികള്‍ മേടിച്ചുകൊണ്ടു വന്ന്, അതില്‍ നിന്ന് കോട്ടണ്‍ തുണികള്‍ തിരഞ്ഞെടുത്ത് മാസ്‌ക് തയ്ച്ചുണ്ടാക്കും. ആവശ്യക്കാരെന്നു തോന്നുന്നവര്‍ക്ക് സൗജന്യമായി ആ മാസ്‌ക് നല്‍കുകയാണ് ചെയ്യുന്നത്. ജപമാല ചൊല്ലിക്കൊണ്ടാണ് മാസ്‌ക് നിര്‍മ്മാണവും. കോവിഡ് രോഗികള്‍ക്കുവേണ്ടി ആ പ്രാര്‍ത്ഥന സമര്‍പ്പിക്കുകയും ചെയ്യും.

സഹനങ്ങളിലൂടെ കടന്നുപോകുന്നവരോട്

വിവിധ രോഗങ്ങള്‍ സമ്മാനിക്കുന്ന സഹനങ്ങളിലൂടെ കടന്നുപോകുന്നവരോട് പറയാനുള്ളതിതാണ്. ഭൂമിയില്‍ ജീവിക്കുന്ന കാലത്തോളം വിവിധ രോഗങ്ങള്‍ നമ്മെ അലട്ടിയേക്കാം. ജീവന്‍ കുടികൊള്ളുന്നിടത്താണല്ലോ രോഗങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ട് രോഗിയാവുക എന്നത് ഞെട്ടലോടെ കാണേണ്ട കാര്യമല്ല. അതിലൊരു പ്രത്യേകതയുമില്ല. എന്നാല്‍ ആ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പ്രത്യേകത.

ഞാന്‍ വെല്ലൂരില്‍ ചികിത്സയ്ക്കായി ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാവരും വേദനയും വിഷമവും കൊണ്ട് നിരാശയില്‍ കഴിയുന്ന കാഴ്ചയാണ് കണ്ടത്. രോഗത്തോടുള്ള എന്റെ മനോഭാവം മറ്റൊന്നായിരുന്നു. അതുകൊണ്ടു തന്നെ വെല്ലൂരില്‍ കണ്ടുമുട്ടിയ കാന്‍സര്‍ രോഗികളെയെല്ലാം രോഗം മറന്ന് ചിരിപ്പിക്കാന്‍ എനിക്കായി. അതുകണ്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട്, രോഗം വരുമ്പോള്‍ ഒരാള്‍ എങ്ങനെയായിരിക്കണം എന്ന് മറ്റുള്ളവരെ കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് സിസ്റ്ററിന് ഈ രോഗം ദൈവം തന്നതെന്ന്.

എല്ലാ രോഗികളും ഇങ്ങനെ ശുഭാപ്തിവിശ്വാസമുള്ളവരായിരുന്നെങ്കില്‍ എന്ന് എന്നെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ കരുണ ഓരോ നിമിഷവും യാചിക്കുന്നതിനാലാണ് ഇതൊക്കെ സാധ്യമാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മരണത്തെ മധുരമായി കാണാന്‍ സഹായിച്ച ‘കുന്തുരുക്കം’

മരണത്തെ മധുരമായി കാണാന്‍ സഹായിക്കുന്ന പുസ്തകമാണ്, കാന്‍സര്‍ ബാധിച്ചു മരിച്ച തന്റെ സഹോദരിയായ സി. ജെസ്സി കടൂപ്പാറയിലിന്റെ ഓര്‍മ്മകള്‍ വിവരിച്ചുകൊണ്ട് ഫാ. ലിങ്കണ്‍ ജോര്‍ജ് കടൂപ്പാറയില്‍ എഴുതിയ ‘കുന്തുരുക്കം’ എന്ന പുസ്തകം. പുസ്തകത്തിന്റെ ഓഡിയോ വേര്‍ഷനാണ് ഞാന്‍ കേട്ടത്. അതില്‍ വിവരിച്ചിരിക്കുന്ന മരണത്തോടുള്ള കാഴ്ചപ്പാട് എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇപ്പോഴും കൊന്ത ഉണ്ടാക്കുമ്പോഴും മാസ്‌ക് നിര്‍മ്മിക്കുമ്പോഴുമെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓഡിയോ കേള്‍ക്കാറുമുണ്ട്.

ആ പുസ്തകത്തോടും അതിലെ വരികളോടും ആകര്‍ഷണം തോന്നാന്‍ വേറെയും കാരണമുണ്ട്. എന്റെ അനുജത്തിയുടെ പേരും ജെസ്സി എന്നായിരുന്നു. അവളും മരിച്ചത് കാന്‍സര്‍ ബാധിച്ചാണ്. 1980 ജൂണ്‍ ആറാം തീയതി അവളുടെ പതിനാലാം വയസിലായിരുന്നു മരണം. ഇന്നത്തേതുപോലെ വിദഗ്ധ ചികിത്സകളോ വേദനസംഹാരികളോ അന്ന് ഉണ്ടായിരുന്നില്ലല്ലോ. വലതുകാല്‍ മുറിച്ചുകളയേണ്ടതായും വന്നിരുന്നു. എന്നിട്ടും ആ ചെറുപ്രായത്തിലും എത്രയധികം വേദന ഉണ്ടായാലും സന്തോഷത്തോടെ സഹിച്ചും ആരോടും സങ്കടമോ പരിഭവമോ പങ്കുവയ്ക്കാതെയുമാണ് അവള്‍ യാത്രയായത്. അവള്‍ ചികിത്സ തേടിയിരുന്ന മെഡിക്കല്‍ കോളജില്‍ എല്ലാവരും അവളെ വിളിച്ചിരുന്നത്, ‘ചിരിക്കുടുക്ക’ എന്നായിരുന്നു. മരണം മുന്നില്‍ കണ്ട് നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി കൂദാശകളെല്ലാം സ്വീകരിച്ചാണ് അവള്‍ മരണത്തെ പുല്‍കിയതും. കുന്തുരുക്കം വായിച്ചപ്പോള്‍ അച്ചന്റെ സഹോദരിയുടെ മരണത്തിന് എന്റെ അനുജത്തിയുടെ മരണവുമായി സാദൃശ്യം തോന്നി.

ഒരേയൊരു സ്വപ്‌നം മാത്രം

ദൈവത്തിന്റെ ഇഷ്ടം അവസാനം വരെ സന്തോഷത്തോടെ നിറവേറ്റുന്ന ഒരു ആത്മാവാകുക എന്നത് മാത്രമാണ് എന്റെ സ്വപ്നം. ദൈവസ്‌നേഹം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്താന്‍ എന്റെ സഹനം ആവശ്യമെങ്കില്‍ സ്വീകരിക്കണമെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. കാരണം ഞാനെന്തായിരിക്കുന്നോ, എങ്ങനെ ആയിരിക്കുന്നോ അത് ദൈവകൃപയാലാണെന്ന് വിശ്വസിക്കുന്നു. രോഗാവസ്ഥ ശരീരത്തെയും മനസിനേയും തീര്‍ത്തും തളര്‍ത്തിയ ഒരു സമയത്തെ രാത്രി, സ്വപ്‌നത്തില്‍ ഒരു പാട്ട് എന്റെ നാവില്‍ അലയടിച്ചുകൊണ്ടിരുന്നു. ആ വരികള്‍ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ‘വിനകളും അനുദിന പീഡകളും മര്‍ത്യനെ വിണ്ണില്‍ ഉയര്‍ത്തീടും നിത്യപിതാവിന്‍ പൈതൃകമാം കരമല്ലോ വിധിപോല്‍ വര്‍ണ്ണിപ്പിന്‍…’

കീര്‍ത്തി ജേക്കബ്‌

11 COMMENTS

  1. എൻ്റെ ജീവിതത്തിൽ ഇത്രമാത്രം dedicated ആയ ഒര് അധ്യാപികയെ ഞാൻ കണ്ടിട്ടില്ല.സിസ്റ്ററിൽ നിന്നും ഒത്തിരി പാo ങ്ങൾ ഞാൻ പഠിച്ചു, ഏതൊരു കുട്ടിയെയും Correct ചെയ്യാനുള്ള വഴി അവനെ സനേഹിക്കുക എന്നുള്ളതാണ്‌, കുട്ടികളോട് സ്നേനേഹം തോന്നു ബോഴാണ് നമ്മൾ ഒരു നല്ല അധ്യാപക നാ കുന്നത്, ഇതൊക്കെ ഞാൻ പഠിച്ചത് സിസ്റ്ററിൽ നിന്നാണ്, എന്നെOfficial ജീവിതത്തിൽ ഇത്രമാത്രം സഹായിച്ച മറ്റൊരാളും ഇല്ല, അത് ഇന്നും തുടരുന്നു.,,,,,,’

  2. 0സിസ്റ്റർ എനിക്കു വേറെ വേണ്ടിയും പ്രാർത്ഥിക്കണെ

  3. Really inspired. ..loved the commitment and the dedication of the sister 😊😊There is no words to express the efforts taken by keerthi chechi ..great inspiration

  4. Really inspired. . . . Loved the commitment and the dedication of the sister. ..There is no words to express the efforts taken by keerthi chechi. ..great inspirational😊😊😊😊😊

  5. എന്റെ അപ്പച്ചന് വേണ്ടി ധാരാളം പ്രാർത്ഥന നടത്തിയിട്ടുണ്ട് നന്ദിയോടെ ഓർക്കുന്നു ശരിക്കും കരഞ്ഞുപോയി സിസ്റ്റർ സഞ്ചു ചൂരൽമല ഒരുപാട് സന്തോഷം തരുന്ന അനുഭവം ദൈവം അനുഗ്രഹിക്കട്ടെ

  6. ദീപ്തി സിസ്റ്റർ …..
    പ്രതിഭയും പ്രതിബദ്ധതയുമുള്ള ഗണിത ശാസ്ത്രാധ്യാപിക… കൗമാരമനസ്സുകളിൽ നന്മയുടെയും , സ്നേഹത്തിന്റെയും , സർഗ്ഗേശേഷിയുടെയുമൊക്കെ അടരുകൾ തീർത്ത അമ്മമനസ്സ് ….. സഹനം തളം കെട്ടിയ തീക്ഷ്ണാനുഭവങ്ങളിൽപോലും പ്രാർത്ഥനയുടെ പകരം വയ്ക്കാനില്ലാത്ത ആന്തരീകോർജ്ജം സ്വീകരിച്ച് അതിജീവനത്തി െന്റ ആത്‌മവീര്യവും അസാധാരണമായ ഉൾവെളിച്ചവും ചുറ്റുപാടുകളിൽ പ്രസരിപ്പിക്കാൻ കഴിഞ്ഞ വ്യക്തിത്വം ….. അധ്യാപനത്തിെ െന്റ സമർപ്പിത വർഷങ്ങൾക്ക് , മഹാ ഗുരുത്വത്തിന് ഹൃദയ വന്ദനം …….🙏🙏🙏

  7. Sr. Depty ഒരു അത്ഭുതം തന്നെയാണ്…… ജീവിക്കുന്ന വിശുദ്ധ

Leave a Reply to AnonymousCancel reply