സ്റ്റാർ മാജിക്കിനെ കീഴടക്കിയ സന്യാസ മാജിക്കുമായി സി. കാർമ്മൽ

ഫാ. ഷീന്‍ പാലക്കുഴി

എന്തൊരു ആത്മവിശ്വാസമായിരുന്നു ആ മുഖത്ത്! തിരുവസ്ത്രത്തിന്റെ ചാരുതയിൽ, ചങ്കോടു ചേർത്തുതുന്നിയ കുരിശുമുദ്രയുമായി സ്റ്റാർ മാജിക് എന്ന ഹാസ്യപ്രധാനമായ ഇന്ററാക്ടീവ് റിയാലിറ്റി ഷോയുടെ ഫ്ലോറിലേയ്ക്ക് നടന്നുകയറുമ്പോൾ കുറ്റിപ്പുഴക്കാരിയായ സിസ്റ്റർ കാർമ്മലിന്റെ പാദങ്ങൾ തെല്ലും ഇടറിയിരുന്നില്ല. സ്വരം അൽപവും പതറിയിരുന്നില്ല. അസാധാരണമായ ഒരു കഴിവിന്റേയും പേരിലല്ല, ഒരു സന്യാസിനി ആയതിനാലും ആ പരിപാടിയോടുള്ള ഇഷ്ടത്തിന്റെ പേരിലും മാത്രം ആ വേദിയിലെത്തിയിട്ടും അവർക്ക് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. പാട്ടു പാടിയും നൃത്തം ചവിട്ടിയും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും അവർ അവരെയും അവർ തെരഞ്ഞെടുത്ത ജീവിതത്തേയും അവരുടെ സഹയാത്രികരെ മുഴുവനേയും പ്രകാശിപ്പിക്കുകയായിരുന്നു.

അവരുടെ വാക്കുകളും ശരീരഭാഷയും പ്രകടിപ്പിച്ച കത്തോലിക്കാ സന്യാസത്തിന്റെ സന്തോഷവും സൗന്ദര്യവും പക്വതയും ഭൂഗോളത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലുമിരുന്ന് അനേകലക്ഷം മനുഷ്യർ തൽസമയം കണ്ടു. വളരെ സ്വാഭാവികമായി ഉതിർന്നുവീണുകൊണ്ടിരുന്ന നേരംപോക്കുകൾക്കിടയിലും പ്രാർത്ഥനയെക്കുറിച്ചും പരസ്നേഹത്തെക്കുറിച്ചും സന്യാസജീവിതത്തെക്കുറിച്ചും ചിലതൊക്കെ പറഞ്ഞുവയ്ക്കാനും അവർ മറന്നില്ല. അപ്പോഴൊന്നും സന്യാസവസ്ത്രം അവർക്കൊരു ഭാരമായി തോന്നിയതേയില്ല. അവർ തെരഞ്ഞെടുത്ത ജീവിതത്തിന്റെ ഒരു നിയമവും അവരെ പിടിച്ചുകെട്ടാൻ വന്നതുമില്ല. വേദിയിൽ നിറഞ്ഞുകവിഞ്ഞ് അവർ വിളിച്ചുപറഞ്ഞ സുവിശേഷം, തിരുവസ്ത്രത്തിനുള്ളിൽ അവർ പ്രകടമാക്കിയ സന്തോഷവും സംതൃപ്തിയുമാണ്!

ഇത് സന്യാസത്തിന്റെ നേരുള്ള ഒരു മുഖമാണ്. സന്തോഷവും സ്വാതന്ത്ര്യവുമുള്ള സന്യാസത്തിന്റെ സ്ത്രൈണമുഖം! തിരുവസ്ത്രം ഒരിക്കലും ഒരു ഇരുമ്പു പടച്ചട്ടയല്ല. തുന്നൽ കൂടാതെ നെയ്യപ്പെട്ട ക്രിസ്തുവിന്റെ മേലങ്കി പോലെ അതൊരു അയവുള്ള നിലപാടിന്റെ അടയാളമാണ്. ധരിക്കുമ്പോൾ അതിലൊരു ത്യാഗമുണ്ട്, എന്നാൽ അത് സ്വമനസ്സാ സ്വീകരിക്കുമ്പോൾ അതിലൊരാനന്ദവുമുണ്ട്. സന്യാസം ആരുടേയും ആത്മവിശ്വാസം കെടുത്തിക്കളയുന്നില്ല. ആരേയും എവിടെയും തളച്ചിടുന്നുമില്ല. ആത്മാഭിമാനത്തോടെ സ്വയം എഴുനേറ്റു നിൽക്കാനും ആ ബോധ്യത്തിലേയ്ക്ക് മറ്റുള്ളവരെ എഴുന്നേൽപ്പിക്കാനുമുള്ള ഒരു നിയോഗമാണത്! കാറിത്തുപ്പി എത്ര ചവിട്ടിയരച്ചാലും കാലാതിവർത്തിയായി അതു നിലനിൽക്കും.

തീർച്ചയായും കച്ചവടതാൽപര്യങ്ങളുള്ള ഒരു വിനോദപരിപാടിയാണ് സ്റ്റാർ മാജിക്ക്  എന്നത് വിസ്മരിക്കാതെ തന്നെ അവരുടെ തെരഞ്ഞെടുപ്പുകളെ അഭിനന്ദിക്കുന്നു. അതിർവരമ്പുകൾ ലംഘിക്കാത്ത നേരംപോക്കുകളാൽ ഒരു സന്യാസിനിയെ ഒപ്പം ചേർത്തുനിർത്തി, മറ്റൊന്നും ഭയപ്പെടാതെ കൈകൂപ്പാൻ ധൈര്യപ്പെട്ട നിങ്ങളുടെ ആർജ്ജവത്തിൽ അതിശയിക്കുന്നു!

NB: FB -യിൽ പൊട്ടിച്ചിരിക്കുന്ന ഒരു മുഖചിത്രം കൂട്ടിച്ചേർത്തപ്പോൾ ചിലർ നെറ്റിചുളിച്ചു. ഒരു നെറ്റിയും ചുളിയേണ്ടതില്ല, അതൊരു കൃത്യമായ സൂചനയാണ്: Catholic priesthood is not melancholic melody, but a heartening hymn!

ഫാ. ഷീൻ പാലക്കുഴി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.