കഴിവുകളോ പ്രാഗത്ഭ്യമോ അല്ല മനോഭാവമാണ് ദൈവം പരിശോധിക്കുന്നത്: വാഴ്ത്ത. സോളനസ് കേസി പഠിപ്പിക്കുന്ന ആത്മീയത

വാഴ്ത്ത. സോളനസ് കേസിയുടെ ബാല്യം വളരെയേറെ ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന് ഡിഫ്തീരിയ എന്ന രോഗം ബാധിച്ചു. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദം നഷ്ടപ്പെടാൻ കാരണമായി. കേസിയുടെ കുടുംബം സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പതിനാറ് മക്കളിൽ ഒരാളായിരുന്നു കേസി. കഷ്ടപ്പാടുകൾക്കിടയിലും തികഞ്ഞ കത്തോലിക്കാ വിശ്വാസത്തിലും ജപമാല ഭക്തിയിലും അദ്ദേഹം ചെറുപ്പത്തിലേ വളർന്നുവന്നു.

വീട്ടിൽ പട്ടിണിയും കഷ്ടപ്പാടുകളും രൂക്ഷമായതിനാൽ പതിനേഴാം വയസിൽ ജോലി കണ്ടെത്താൻ കേസി വീട് വിട്ടു. പിന്നീട് മരം വെട്ടുകാരൻ, ജയിൽ ജീവനക്കാരൻ, കാർ കണ്ടക്ടർ തുടങ്ങി നിരവധി ജോലികൾ അദ്ദേഹം ചെയ്തു. ഈ സമയത്ത് അദ്ദേഹം ഒരു കൊലപാതകം നേരിൽ കാണുവാനിടയായി. ഈ ഭയാനകമായ രംഗം കണ്ട് നിരാശയിലേക്ക് പോകുന്നതിനു പകരം ഒരു പുരോഹിതനെന്ന നിലയിൽ മറ്റുള്ളവർക്ക് സേവനമനുഷ്ഠിക്കാനായി തന്റെ ജീവിതം നൽകാൻ കേസി തീരുമാനിച്ചു. അതിനായി അദ്ദേഹം പഠിക്കാൻ ആരംഭിച്ചു. പിന്നീട് കപ്പൂച്ചിൻ സഭയിൽ ചേർന്നു. അവിടെ പഠനത്തിലുണ്ടായ കുറവ് മൂലം അദ്ദേഹത്തെ ‘സിംപ്ലക്സ്’ പുരോഹിതനായി നിയമിച്ചു. അതായത് അദ്ദേഹത്തിന് വിശുദ്ധ കുർബാന ചൊല്ലാൻ കഴിയും; പക്ഷേ പരസ്യമായി പ്രസംഗിക്കാനോ കുമ്പസാരം കേൾക്കാനോ സാധിക്കില്ല.

ആശ്രമത്തിൽ കാവൽ നിൽക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നത്. മറ്റുള്ളവരുടെ ദൃഷ്ടിയിൽ വളരെ താഴ്ന്ന ഒരു ജോലി ആയിരുന്നെങ്കിലും അദ്ദേഹമത് വളരെ താഴ്മയോടെയും സ്നേഹത്തോടെയും വിശ്വസ്തതയോടെയും ചെയ്തു. ആശ്രമത്തിന്റെ വാതിൽക്കൽ കണ്ടുമുട്ടിയവരോട് അദ്ദേഹം സൗമ്യതയോടെ ഇടപെട്ടു, സംസാരിച്ചു. “ആശ്രമത്തിന്റെ വാതിൽക്കൽ സോളാനസ് കേസിയെ സന്ദർശിച്ച ശേഷം ആരും വെറും കൈയോടെ പോയില്ല. കാരണം, എല്ലാവർക്കും ആത്മീയമോ, ഭൗതികമോ ആയ എന്തെങ്കിലും അദ്ദേഹത്തിൽ നിന്നും ലഭിച്ചു” – ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിന്റെ ജനറൽ പോസ്റ്റുലേറ്റർ ഫാ. കാർലോ കാലോണി പറയുന്നു.

താൻ ദൈവത്തിൽ നിന്നുള്ള വ്യക്തിയാണെന്ന് കേസി മനസ്സിലാക്കി. അതിനാൽ തനിക്കുള്ളതിനെല്ലാം ദൈവത്തിന് നന്ദി പറഞ്ഞു. അത് അയൽക്കാരനോടുള്ള സ്നേഹത്തിലൂടെ അദ്ദേഹം പ്രകടമാക്കി. കേസി നന്ദിപ്രകാശനത്തെ ഒരു നല്ല മാനുഷികഗുണമായി കണ്ടു. ഒരു നല്ല വ്യക്തിയുടെ ആദ്യലക്ഷണം നന്ദിയുള്ളവനാകുക എന്നതാണ്. നന്ദികേട് ദൈവത്തോടും അയൽക്കാരോടുമുള്ള അകൽച്ചയിലേക്ക് നയിക്കുന്നു. നിരവധി രോഗങ്ങൾ ബാധിച്ചിരുന്നെങ്കിലും നന്ദിയുള്ള മനസോടെ അദ്ദേഹം ജീവിച്ചു. അതിനാൽ തന്നെ ദൈവം അദ്ദേഹത്തിലൂടെ നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു.

1940 -ൽ മിഷിഗനിലെ ഡിയർബോണിൽ നിന്നുള്ള മാതാപിതാക്കൾ രക്താർബുദം ബാധിച്ച അവരുടെ മകൾ എലിസബത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സോളാനസ് കേസിയോട് സംസാരിച്ചു. അവർ മകളെക്കുറിച്ച് വളരെയേറെ ആശങ്കാകുലരായിരുന്നു. എന്നാൽ ഫാ. കേസി അവരോട് പറഞ്ഞു. ഇതുവരെയും അവരുടെ ജീവിതത്തിൽ ദൈവം ചെയ്ത എല്ലാ നനന്മകളെയും ഓർത്ത് ദൈവത്തിന് നന്ദി പറയുക. ആ മാതാപിതാക്കൾ അങ്ങനെ ചെയ്ത് കുറച്ചു ദിവസങ്ങൾക്കു ശേഷം എലിസബത്ത് രക്താർബുദത്തിൽ നിന്ന് പൂർണ്ണമായും സുഖപ്പെട്ടു.

വാഴ്ത്ത. സോളനസ് കേസി എളിമയും വിനയവുമുള്ള ഒരു വൈദികനായിരുന്നു. ദൈവത്തോട് നിരന്തരം നന്ദി പറയണമെന്ന സന്ദേശം ഈ ലോകത്തിന് നൽകിയിട്ടാണ് അദ്ദേഹം ഈ ലോകത്തിൽ നിന്നും കടന്നുപോയത്. നമ്മുടെ കഴിവോ, ബുദ്ധിശക്തിയോ അല്ല മനോഭാവമാണ് ദൈവം പരിശോധിക്കുന്നതെന്ന് ഈ വിശുദ്ധന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.