വാഴ്ത്തപ്പെട്ട സാൻഡ്ര സബാറ്റിനിയുടെ ഡയറിക്കുറിപ്പുകൾ പഠിപ്പിക്കുന്ന ആത്മീയത

22 -ാം വയസ്സിൽ റോഡപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന സാൻഡ്ര സബാറ്റിനി എന്ന യുവതിയെ ഒക്ടോബർ 24 -നാണ് ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഉപവി പ്രവർത്തനങ്ങൾ കൊണ്ടും പ്രാർത്ഥനാജീവിതം കൊണ്ടും ഈ യുവതി പാവപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നു. അവളുടെ വലിയ സ്വപ്‍നമായിരുന്നു, ആഫ്രിക്കയിൽ പോയി സേവനം ചെയ്യുക എന്നുള്ളത്. പക്ഷേ, വിവാഹം ഉറപ്പിച്ചിരുന്ന വേളയിൽ സാൻഡ്ര കാറപകടത്തിൽ മരണമടയുകയായിരുന്നു.

തന്റെ പത്താം വയസ്സു മുതൽ ഡയറി എഴുതുന്ന ശീലം അവൾക്കുണ്ടായിരുന്നു. ചെറുപ്പം മുതൽ അവൾ ഡയറിയിൽ കുറിച്ച കാര്യങ്ങൾ അവളുടെ ആത്മീയജീവിതത്തിന്റെ സമ്പന്നത വെളിപ്പെടുത്തുന്നതാണ്. സാൻഡ്ര, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ സമൂഹത്തിന്റെ സ്ഥാപകനായ ഫാ. ഒറെസ്റ്റെ ബെൻസിയുടെ ആത്മീയമകളാണ്. വികലാംഗരെയും മയക്കുമരുന്നിന് അടിമപ്പെട്ടവരെയും സഹായിക്കാൻ സാൻഡ്ര തന്റെ ഹ്രസ്വജീവിതത്തിലൂടെ ശ്രമിച്ചു.

വാഴ്ത്തപ്പെട്ട സാൻഡ്രയുടെ വിശുദ്ധിയുടെ രഹസ്യം

സാൻഡ്രയെക്കുറിച്ച് ഫാ. ഒറെസ്റ്റെ ഇപ്രകാരം പറയുന്നു: “യേശുവിന്റെ സുവിശേഷഭാഗ്യങ്ങളിൽ അടങ്ങിയ ആത്മീയതയായിരുന്നു അവൾ ജീവിതത്തിൽ പകർത്തിയത്. ‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും.’ സാൻഡ്രയുടെ ഹൃദയം ശുദ്ധമായിരുന്നു. കാരണം അത് ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുന്നതിൽ മുഴുകിയിരുന്നു.”

ചെറുപ്പം മുതൽ മറ്റുള്ളവരെ സഹായിച്ചിരുന്നവൾ

13 -ാം വയസു മുതൽ സാൻഡ്ര സബാറ്റിനി വികലാംഗരെ സേവിക്കുമായിരുന്നു. പാവങ്ങളെ സഹായിക്കാനും അവരോടൊപ്പം ആയിരിക്കാനും അവൾ സന്നദ്ധയായിരുന്നു എന്നതിന്റെ തെളിവുകൾ അവളുടെ തന്നെ ഡയറിയിൽ നിന്നും ലഭ്യമാണ്. ദൈവത്തെയും സ്നേഹത്തെയും അയൽക്കാരനെയും കുറിച്ചുള്ള തന്റെ ചിന്തകൾ ഡയറിയിൽ അവൾ രേഖപ്പെടുത്തിയിരുന്നു. പത്താം വയസു മുതൽ 1984 -ൽ മരിക്കുന്നതിന്റെ തലേ ദിവസം വരെ അവൾ ഡയറി എഴുതിയിരുന്നു.

സാൻഡ്ര സബാറ്റിനി തന്റെ ഡയറിയിൽ കുറിച്ച പ്രധാനപ്പെട്ട ചില സംഭവങ്ങളും പ്രാർത്ഥനകളും

‘ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു’

ഞാൻ ലളിതമായി തിരഞ്ഞെടുക്കുന്നു. ഇപ്പോൾ എനിക്ക് ഇതു മാത്രമേ പറയാൻ കഴിയൂ: ഞാൻ നിന്നെ തിരഞ്ഞെടുക്കുന്നു. സമയം കടന്നുപോകുന്തോറും എന്റെ തിരഞ്ഞെടുപ്പ് ക്രമേണ ഏകീകരിക്കപ്പെടുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ ക്രിസ്തുവിനെ സ്വീകരിക്കാനും എന്നെത്തന്നെ അവിടുത്തേക്ക് നൽകാനുമുള്ള സമയമാണിത്. കർത്താവേ, അങ്ങിലേക്ക് വരാൻ എന്നിലേക്ക് അങ്ങ് കരങ്ങൾ നീട്ടുന്നതായി എനിക്ക് തോന്നുന്നു. ഒരുപടി മുന്നോട്ട് പോകാനുള്ള ശക്തി അങ്ങ് എനിക്ക് നൽകുന്നു.

ഞാൻ ചേർച്ചയില്ലാത്തവളാണ്

തീർച്ചയായും, ഞാൻ അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. എങ്കിലും ആദ്യം എനിക്ക് എന്നെ, എന്റെ അഭിമാനത്തെ, എന്റെ അസത്യങ്ങളെ തോൽപ്പിക്കണം. ഞാൻ എളിമയുള്ളവളല്ല. എന്നാൽ, ഞാൻ അത് അവബോധത്തോടെ അംഗീകരിക്കുന്നില്ല. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ലോകത്തെ വിപ്ലവകരമായി മാറ്റാനുള്ള വലിയ ആഗ്രഹത്തോടെ ഞാൻ പ്രവർത്തിക്കുന്നു. എന്നിട്ട് അതിന് വിധേയയാകാൻ എന്നെ അനുവദിക്കുന്നു. ഞാൻ തനിച്ചാണെന്ന് ഞാൻ കരുതി. അങ്ങ് എന്നോടൊപ്പമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഒരു ജോടി ഷൂസും ഒരു ബാഗുമായി, എനിക്ക് ലോകം ചുറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ…

മിഥ്യ

നന്ദി, കർത്താവേ, അവിടെ ഉണ്ടായിരുന്നതിന് നന്ദി. അങ്ങ് എന്റെ സമീപത്തായതിനാൽ, അത്ഭുതകരമായ ആളുകളെ എനിക്കു ചുറ്റും സ്ഥാപിച്ചതിനാൽ, എന്റെ ഹൃദയത്തിൽ അതിശയകരമായ മാധുര്യം സ്ഥാപിച്ചതിനാൽ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഞാൻ ഒരു അത്ഭുതകരമായ സ്വപ്നത്തിലാണ് ജീവിക്കുന്നതെന്ന് ഞാൻ ഭയപ്പെടുന്നു. എല്ലാ കാര്യങ്ങളും ഒരു മിഥ്യയാണെന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ ജീവിക്കുന്നത് മിഥ്യയാണെങ്കിലും കർത്താവേ, നീ ഒരു മിഥ്യയല്ല. അങ്ങയുടെ സമാധാനം വ്യാജമല്ല, അങ്ങയുടെ സ്നേഹം ശാശ്വതമാണ്, ജീവിതം സത്യമാണ്.

എന്റെ വിശ്വാസം സത്യമാണെങ്കിൽ മാത്രം

ദരിദ്രനായ ക്രിസ്തുവിന്റെ തിരഞ്ഞെടുപ്പ് ഇപ്പോൾ എന്നെ ആവേശഭരിതയാക്കുന്നു. ശൈശവാവസ്ഥയിൽ അത് എളുപ്പമായിരുന്നു. എന്നാൽ മുതിർന്നു കഴിയുമ്പോൾ ദൈവത്തിന്റെ തിരഞ്ഞെടുപ്പിൽ വിശ്വസ്തത പുലർത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നു. എന്റെ വിശ്വാസം സത്യമാണെങ്കിൽ മാത്രമേ അങ്ങ് എന്നെ വിളിക്കൂ, അങ്ങ് എന്നിൽ നിന്ന് ആഗ്രഹിക്കുന്നത് നിറവേറ്റാൻ എനിക്ക് കഴിയൂ.

ഞാൻ ആരെ ഭയപ്പെടണം

സാന്ദ്ര സബാറ്റിനിയുടെ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാന ചിന്തകളിൽ, പ്രവചനാത്മകമെന്നു തോന്നുന്ന വളരെ പ്രധാനപ്പെട്ട രണ്ട് ചിന്തകളുണ്ട്.

ഇല്ല, ഒരാൾക്കും സമരം ഉപേക്ഷിക്കാൻ കഴിയില്ല. കർത്താവ് എന്നോടൊപ്പമുണ്ട്. ഞാൻ ആരെ ഭയപ്പെടണം? എല്ലാ ദിവസവും എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ പോലും അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

സാൻഡ്ര സബാറ്റിനിയുടെ ജീവിതം

സാൻഡ്ര സബാറ്റിനി ഇറ്റാലിയൻ പട്ടണമായ റിക്കിയോണിൽ 1961 ആഗസ്റ്റ് 19 -ന് ജനിച്ചു. റിമിനിയിലെ മിസാനോ അഡ്രിയാറ്റിക്കോ മുനിസിപ്പാലിറ്റിയിൽ തന്റെ കുട്ടിക്കാലം ചെലവഴിച്ചു. പിന്നീട്, ഇവരുടെ കുടുംബം സാൻ ഗിറോളാമോയുടെ റെക്ടറിയിലേക്കു മാറി.

വൈദ്യശാസ്ത്രത്തിൽ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച അവൾ ഒഴിവുസമയങ്ങളും അവധിക്കാലവും രോഗികളെ ശുശ്രൂഷിക്കുന്നതിനായി വിനിയോഗിച്ചു. എപ്പോഴും പ്രാർത്ഥനയുടെ ഒരു ജീവിതമായിരുന്നു അവൾ നയിച്ചിരുന്നത്. ജപമാലയും ദൈവവചന ധ്യാനവും എല്ലാ ദിവസവും അതിരാവിലെ 12 മുതൽ ഒരു മണി വരെ, ദിവസത്തിന്റെ ആദ്യ മണിക്കൂർ പ്രാർത്ഥിക്കുന്ന പതിവും സാന്ദ്രയ്ക്ക് ഉണ്ടായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ ഗിഡോ റോസിയെ കണ്ടു. ആഫ്രിക്കയിലേക്ക് പോവുക എന്ന തന്റെ സ്വപ്നം അദ്ദേഹവുമായി അവൾ പങ്കുവയ്ക്കുമായിരുന്നു. 1984 ഏപ്രിൽ 29 -ന് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ഗിഡോയുടെ വാഹനത്തിൽ നിന്നിറങ്ങിയ അവൾ മറ്റൊരു വാഹനമിടിച്ച് മരിച്ചു. അവൾ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ എതിർദിശയിൽ സഞ്ചരിച്ച ഒരു വാഹനം അവളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയ അവർ മെയ് രണ്ടിനു മരിച്ചു.

വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുടെ വിശുദ്ധയാണ് സാൻഡ്ര സബാറ്റിനി.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.