ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കുവാന്‍ സഹായിക്കുന്ന ചില ആത്മീയ നിര്‍ദ്ദേശങ്ങള്‍

    ഈശോയുടെ ജനനത്തിനു മുന്നോടിയായുള്ള 25 നോമ്പിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ അവശേഷിക്കുകയുള്ളൂ. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം 25 നോമ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചിലര്‍ക്ക് നോമ്പ് എടുക്കണം എന്നുണ്ടെങ്കിലും ഭക്ഷണ സാധനങ്ങളോടുള്ള അമിതമായ ഇഷ്ടവും അത് ഒഴിവാക്കാനാകാത്ത അവസ്ഥയും അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. മറ്റുചിലര്‍ ആകട്ടെ അവര്‍ക്ക് ഇഷ്ടമുള്ളത് ഒരു നിയന്ത്രണവും കൂടാതെ കഴിക്കും.

    നോമ്പ് മിതത്വം പാലിക്കുവാനും ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളോട് കുറച്ചു നാളത്തേയ്ക്ക് ‘നോ’ പറയാനും ഉള്ള അവസരമാണ്. ഭക്ഷണ സാധനങ്ങളോടുള്ള അമിതമായ ഇഷ്ടം,ആര്‍ത്തി തുടങ്ങിയവ ഇല്ലാതാക്കുവാനും ഭക്ഷണ കാര്യത്തില്‍ മിതത്വം പുലര്‍ത്തുവാനും സഹായിക്കുന്ന ചില ആത്മീയ നിര്‍ദേശങ്ങള്‍ ഇതാ:

    1 . ആര്‍ത്തി നമ്മെ മറ്റു പാപങ്ങളിലേയ്ക്ക് നയിക്കും എന്ന് ഓര്‍ക്കുക 

    ഭക്ഷണ സാധനങ്ങളോടുള്ള അമിതമായ ആര്‍ത്തി ആശയടക്കമില്ലായ്മയിലേയ്ക്കും സ്വന്തമായ ആവശ്യങ്ങള്‍ മാത്രം നോക്കി പോകുന്ന അവസ്ഥയിലേയ്ക്കും നയിക്കും. നമ്മള്‍ ഒരു കാര്യം വേണ്ട എന്ന് വയ്ക്കുമ്പോള്‍ അത് ചെയ്യാനുള്ള പ്രേരണ കൂടുതലാണ്. അത് മനസിലാക്കുക. നിങ്ങള്‍ വേണ്ട എന്ന് വെച്ച ഭക്ഷണ സാധനം കഴിക്കാതിരിക്കുമ്പോള്‍ അത് നിങ്ങളുടെ തന്നെ ദൃഡനിശ്ചയത്തിന്റെ വിജയമാണ്.

    2 . ഈശോയുടെ ഉപവാസത്തെ കുറിച്ച് ചിന്തിക്കുക

    ഈശോയുടെ മരുഭൂമിയിലെ ഉപവാസത്തെ കുറിച്ചു ചിന്തിക്കുക. ശരീരത്തെയും മനസിനെയും വിശുദ്ധമായി നിലര്‍ത്തുവാനായി നാല്‍പതു ദിവസം ഈശോ അനുഷ്ടിച്ച ഉപവാസം നമുക്ക് മാതൃകയാക്കാം. സാത്താന്റെ പല പരീക്ഷണങ്ങളെയും അതി ജീവിച്ചാണ് ഈശോ തന്റെ ഉപവാസം പൂര്‍ത്തിയാക്കിയത്.

    3 . വിശപ്പടക്കാന്‍ ഒരുനേരത്തെ ഭക്ഷണം ലഭിക്കാത്തവരെ ഓര്‍ക്കാം

    നാം അമിതമായ ഭക്ഷണ പ്രിയത്തിനു അടിമയാകുമ്പോള്‍ നാം മനപൂര്‍വം വിസ്മരിക്കുന്ന ഒരു കൂട്ടര്‍ ഉണ്ടെന്നു ചിന്തിക്കുക. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ധാരാളം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. നമുക്ക് അധികം ഭക്ഷണം ദൈവം നല്‍കുന്നുണ്ടെങ്കില്‍ അത് ഭക്ഷണം ഇല്ലാത്തവര്‍ക്ക് കൂടി നല്‍കുവാന്‍ വേണ്ടിയാണെന്ന് തിരിച്ചറിയുക. അതനുസരിച്ച് ചെയ്യുവാനും ശ്രമിക്കുക.

    4 . ഭക്ഷണം ആവശ്യാനുസരണം തിരഞ്ഞെടുക്കുക 

    ഭക്ഷണം നമ്മുടെ ആവശ്യത്തിനനുസരിച്ച് തയ്യാറാക്കുക. നമുക്ക് ഇഷ്ടമാണ് എന്ന ഒരു കാരണം കൊണ്ട് ഭക്ഷണ പദാര്‍ത്ഥം അമിതമായി ഉണ്ടാക്കി കഴിക്കുന്നതിനേക്കാള്‍ ആരോഗ്യത്തിനു ഉതകുന്ന ഭക്ഷണം മിതമായ അളവില്‍ കഴികുക. വിശപ്പിനെ നിയന്ത്രിക്കുക. ആദ്യം ഈ കാര്യങ്ങള്‍ ഒക്കെ പ്രയാസമായി തോന്നാം എങ്കിലും പരിശ്രമത്തിലൂടെ വിശപ്പിനെ നിയന്ത്രിക്കാം. നോമ്പുകാലത്ത് ഒരു നേരം ഉപവാസം നില്‍ക്കാന്‍ ശ്രമിക്കുന്നതും നന്ന് .

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.