ശാന്തമായി ഉറങ്ങാൻ സഹായിക്കുന്ന ചില ആത്മീയ മാർഗ്ഗങ്ങൾ

    ഒരു മനുഷ്യന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ് ശരിയായ ഉറക്കം. ഉറക്കം ശരിയാകാതെ വന്നാൽ അത് ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മനസിന്റെ ആരോഗ്യത്തെ കൂടെ ഇല്ലാതാക്കും. തന്നെയുമല്ല നമ്മുടെ ജീവിതക്രമങ്ങളും ഒരു ദിവസത്തെ ജോലികളും എല്ലാം താറുമാറാകാം.

    പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ് ഉറക്കം ശരിയാകുന്നില്ല , മനസ്സിൽ വലിയ ഭാരം പോലെ, ഉറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ. നമ്മുക്ക് താങ്ങാവുന്നതിലും അധികം കാര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നതും അതിനെ കുറിച്ചുള്ള ചിന്തകളും ഒക്കെയാകാം അതിനു കാരണം. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കുവാൻ ഒരു വഴിയുണ്ട്. അത് നമ്മുടെ ഭാരങ്ങൾ ദൈവത്തിനു സമർപ്പിക്കുക എന്നതാണ്. ഒരു ദിവസത്തെ നമ്മുടെ പ്രശ്‍നങ്ങൾ, പ്രതിസന്ധികൾ, ആകുലതകൾ ഇവയൊക്കെ ദൈവത്തിനു സമർപ്പിച്ചു കൊണ്ട് ശാന്തമായി ഉറങ്ങുവാൻ സഹായിക്കുന്ന ഏതാനും ആത്മീയ നിർദ്ദേശങ്ങൾ ഇതാ :

    1 . കിടക്കുന്നതിനു മുൻപ് അമിത ഭക്ഷണം ഒഴിവാക്കാം

    കിടക്കുന്നതിനു തൊട്ടു മുൻപുള്ള ഭക്ഷണ ശീലം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പറ്റുമെങ്കിൽ ഉറങ്ങാൻ കിടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാം. ബഹളം വച്ചും വാരിവലിച്ചും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പകരം ശാന്തമായി സാവധാനം ഭക്ഷണം ചവച്ചരച്ചു കഴിക്കുക. ഒപ്പം തന്നെ സമൃദ്ധമായി ഭക്ഷണം തന്നതിന് ദൈവത്തിനു നന്ദി പറയുക.

    2 . കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും ടിവി, ഫോൺ തുടങ്ങിയവ മാറ്റി വയ്ക്കാം

    ഇന്ന് പലരുടെയും ശീലം ആണ് ടിവിയുടെ അല്ലെങ്കിൽ ഫോണിന്റെ മുന്നിൽ കടന്നുറങ്ങി അതിന്റെ മുന്നിൽ തന്നെ എഴുന്നേൽക്കുക എന്നത്. അത് പൂർണ്ണമായും ഒഴിവാക്കിയാൽ തന്നെ ശാന്തമായ ഉറക്കത്തിനുള്ള അവസരം ഉണ്ടാകും. ആവശ്യത്തിലേറെ തിരക്കുകൾക്കും അലച്ചിലുകൾക്കും ഇടയിൽ നിന്നാണ് നാം വീട്ടിലേയ്ക്കു എത്തുന്നത്. അതും പോരാത്തതിന് മാധ്യമങ്ങളുടെ സാന്നിധ്യം നമ്മിൽ കൂടുതൽ അസ്വസ്ഥത ഉളവാക്കുകയെ ഉള്ളു. അത് നമുക്ക് പെട്ടന്ന് മനസിലാക്കണം എന്നില്ല. അതിനാൽ കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും ടിവി, ഫോൺ തുടങ്ങിയവ മാറ്റി വയ്ക്കാം. മനസ് ശാന്തമാക്കുവാൻ ശ്രമിക്കാം.

    3 . ജപമാല കൈകളിൽ എടുക്കാം

    നമ്മുടെ ജീവിതത്തെ മുഴുവൻ മാതാവിലൂടെ ഈശോയ്ക്ക് സമർപ്പിക്കുന്ന മനോഹരമായ പ്രാർത്ഥന ആണ് ജപമാല പ്രാർത്ഥന. ആ പ്രാർത്ഥനയ്ക്ക് എത്ര കലുഷിതമായ സാഹചര്യങ്ങളെ പോലും ശാന്തമാക്കുവാനുള്ള ശക്തിയുണ്ട്. അതിനാൽ തന്നെ മനസ് ഒന്ന് ശാന്തമാക്കിയ ശേഷം ജപമാല ചൊല്ലാം. ഓരോ രഹസ്യം ചൊല്ലുമ്പോഴും നമുക്ക് നമ്മുടെ ആ ദിവസം അനുവദിച്ച അനുഗ്രഹങ്ങളെ ഓർക്കാം. തെറ്റിപ്പോയ വഴികളെ ഓർത്ത് മാപ്പപേക്ഷിക്കാം. നമ്മുടെ ഭാരങ്ങൾ മാതാവിന് ഭരമേല്പിക്കാം.

    4 . ബൈബിൾ വായിക്കാം

    കിടക്കുന്നതിനു മുൻപ് ബെഡിൽ ഇരുന്നു കൊണ്ട് ബൈബിൾ വായിക്കാം. വലിയ ഭാഗം ആകണം എന്നില്ല. ചെറിയ ഒരു ഭാഗം അത് ഏറ്റവും ശ്രദ്ധയോടെ വായിക്കാൻ ശ്രദ്ധിക്കുക. വായിച്ചതിനു ശേഷം അല്പം നേരം കണ്ണുകൾ അടച്ച് വചനത്തെ ധ്യാനിക്കാം. വചനത്തിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നത് ശ്രവിക്കാം.

    5 . കുരിശടയാളം വരച്ചു കിടക്കാം

    ബൈബിൾ സുരക്ഷിതമാക്കി വച്ചതിനു ശേഷം കാവൽ മാലാഖമാരോട് സംരക്ഷണം ആവശ്യപ്പെട്ടു പ്രാർത്ഥിക്കാം. തുടർന്ന് നെറ്റിയിൽ കുരിശടയാളം വരച്ചു ദൈവത്തിനു പൂർണ്ണമായും വിട്ടു കൊടുത്ത് കൊണ്ട് ഉറങ്ങാൻ കിടക്കാം. കിടക്കുമ്പോൾ മൊബൈൽ ഫോൺ കിടക്കയിൽ നിന്നും മാറ്റി വയ്ക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

    ഈ കാര്യങ്ങൾ ഒരു ദിനചര്യയാക്കി മാറ്റിയെടുത്താൽ ഒരു പ്രതിസന്ധിക്കും പ്രശ്നത്തിനും നിങ്ങളെ തകർക്കാൻ കഴിയില്ല. സ്വസ്ഥമായി ദൈവകരങ്ങളിൽ നിങ്ങളെ തന്നെ സമർപ്പിച്ചു കൊണ്ട് ഉറങ്ങുവാൻ ഈ മാർഗ്ഗങ്ങൾ നിങ്ങളെ സഹായിക്കും.