ക്രിസ്തുമസുമായി ബന്ധപ്പെട്ട് പല പാരമ്പര്യങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. അവയ്ക്കൊക്കെ പിന്നിൽ ഓരോ കഥയും ഉണ്ട്. ഇത്തരത്തിൽ ക്രിസ്തുമസ് ട്രീയിൽ എട്ടുകാലി വല കണ്ടാൽ സന്തോഷിക്കുന്ന, എട്ടുകാലി വല കൊണ്ട് ട്രീ അലങ്കരിക്കുന്ന ഒരു രാജ്യത്തെ കുറിച്ചാണ് ഈ എപ്പിസോഡ്.
ഉക്രൈയിനിലാണ് എട്ടുകാലി വലകൊണ്ട് ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്ന പതിവ് നിലനിൽക്കുന്നത്. അതിനു കാരണമായി നിൽക്കുന്നത് ഒരു പാവപ്പെട്ട അമ്മയുടെ കഥയാണ്. അമ്മയും മക്കളും അടങ്ങിയ ഒരു കുടുംബം. തീർത്തും ദാരിദ്ര്യാവസ്ഥയിൽ കഴിഞ്ഞിരുന്ന അവർക്കു ക്രിസ്തുമസ് ട്രീ അലങ്കരിക്കുവാനുള്ള സാധനങ്ങൾ വാങ്ങിക്കുവാൻ കഴിയുമായിരുന്നില്ല. ആ അമ്മയുടെയും മക്കളുടെയും സങ്കടം കണ്ട, ചിലന്തികൾ രാത്രിയിൽ അവർക്കായി ക്രിസ്തുമസ് ട്രീ അലങ്കരിക്കുവാൻ തുടങ്ങി. രാവിലെ എഴുന്നേറ്റ അമ്മയും മക്കളും കാണുന്നത്, ചിലന്തിവലകൾ കൊണ്ട്, അതി മനോഹരമായി അലങ്കരിച്ച ട്രീ ആണ്. അതിൽ സൂര്യകിരണങ്ങൾ പതിച്ചപ്പോൾ സ്വർണ്ണ, വെള്ളി നിറങ്ങളിൽ അവ തിളങ്ങുകയും കൂടുതൽ മനോഹരമാവുകയും ചെയ്തു. ഈ സംഭവത്തെ ദൈവത്തിന്റെ അനുഗ്രഹമായി ആ സ്ത്രീ കരുതി. അതോടെ അവളുടെ ജീവിതത്തിലെ ദുരിതങ്ങളും അകന്നു പോയി.
ഈ കഥയിൽ നിന്നും പ്രചോദനം സ്വീകരിച്ചു കൊണ്ടാണ് ഉക്രേനിയൻ ജനത, ക്രിസ്തുമസ് ട്രീ ചിലന്തി വലകളാൽ അലങ്കരിക്കുവാൻ തുടങ്ങിയത്.