അമലോത്ഭവ മാതാവ്

ബ്ര. അഭിഷേക് ജോഷി MCBS

സൂര്യോദയത്തിനു മുമ്പ് പ്രഭാതതാരം ഉദിക്കുന്നതു പോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരം അറിയിച്ചുകൊണ്ട് ഉദിച്ച പ്രഭാതതാരമാണ് മറിയം. ജനനം കൊണ്ട് പാപരഹിതയും കര്‍മ്മം കൊണ്ട് പാപത്തില്‍ നിന്ന് അകന്നു ജീവിച്ചവളുമായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ തിരുനാളിന്റെ മംഗളങ്ങള്‍ ഏറെ സ്‌നേഹത്തോടെ നേരുന്നു.

ജോബിനെ പരീക്ഷിച്ച് പരാജയപ്പെട്ട പിശാച്, കുറേ കാലത്തിനു ശേഷം ദൈവസന്നിധിയില്‍ മാലാഖമാര്‍ ഒത്തുകൂടിയപ്പോള്‍ അവിടെ വീണ്ടും വന്നു. ദൈവം അവനോട് ചോദിച്ചു: “നീ എവിടെ നിന്നു വരുന്നു?”

പിശാച് പറഞ്ഞു: “ഞാന്‍ ഭൂമി മുഴുവനും ചുറ്റിസഞ്ചരിച്ചിട്ടു വരുന്നു.”

ദൈവം ചോദിച്ചു: “നീ എന്റെ മകളായ മറിയത്തെ കണ്ടുവോ? അവളെപ്പോലെ സത്യസന്ധയും നിഷ്‌കളങ്കയും ദൈവത്തെ ഭയപ്പെടുന്നവളും തിന്മയില്‍ നിന്ന് അകന്നു ജീവിക്കുന്നവളുമായി ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന വേറെ ആരെങ്കിലുമുണ്ടോ?”

അപ്പോള്‍ പിശാച് പറഞ്ഞു: “അവള്‍ സ്ത്രീ ആയതുകൊണ്ട് പരീക്ഷയില്‍പെട്ടാല്‍ അങ്ങയെ അവള്‍ തള്ളിപ്പറയും.”

ദൈവം അവന് അനുവാദം കൊടുത്തു. പിശാച് വളരെ സന്തോഷത്തോടെ അവിടെ നിന്നും പോയി. ഹവ്വായെ വളരെ എളുപ്പത്തില്‍ പ്രലോഭനത്തില്‍ വീഴിച്ച പിശാച് ഇവളെയും വളരെ എളുപ്പത്തില്‍ പ്രലോഭനത്തില്‍ വീഴ്ത്താമെന്നു വിചാരിച്ചു. പക്ഷേ, പിശാചിന് അവളെ പരീക്ഷയില്‍ വീഴ്ത്താൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അപ്പോള്‍ ദൈവം അവനോടു പറഞ്ഞു: “നിന്നെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന പാപമാകുന്ന ചങ്ങല അവളില്‍ ഇല്ല. ജനനം മുതല്‍ മനുഷ്യരില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവളാണ്.”

മനുഷ്യരോടുള്ള സ്‌നേഹത്തെപ്രതി ദൈവം പ്രകൃതിനിയമങ്ങളെ പോലും പരിവര്‍ത്തനം ചെയ്യാന്‍ സന്നദ്ധത കാണിച്ചു. ദൈവം മനുഷ്യനാകുന്നു, കന്യക ഗര്‍ഭം ധരിക്കുന്നു, അവള്‍ ഒരേ സമയം കന്യകയും മാതാവുമായിരിക്കുന്നു. ഇങ്ങനെ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ രഹസ്യങ്ങളാണ് മറിയം എന്ന നസ്രത്തുകാരിയായ യഹൂദ കന്യകയില്‍ നിറവേറിയത്.

ദൈവത്തിന്റെ മകള്‍, പരിശുദ്ധാത്മാവിന്റെ മണവാട്ടി, ഈശോയുടെ അമ്മ എന്നൊക്കെ മാതാവിനെ വിശേഷിപ്പിക്കുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്ന വിശ്വാസ സത്യങ്ങളിലൊന്നാണ് ‘അവള്‍ അമലോത്ഭവയാണ്’ എന്നത്. ജന്മപാപമില്ലാതെ ദൈവത്തിന്റെ പദ്ധതിക്കായി മാറ്റപ്പെട്ടവള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ 1854 ഡിസംബര്‍ 8 -ന് ഒൻപതാം പിയൂസ് മാര്‍പാപ്പാ അപ്പസ്‌തോലിക കോണ്‍സ്റ്റിറ്റിയൂഷനായ ‘ഇനെഫാബിലീസ് ദേവുസ്’ എന്ന ഡോക്മാറ്റിക് ബുള്‍ വഴി ഈ വിശ്വാസസത്യം പ്രഖ്യാപിച്ചു. ഇതിനെ ഊട്ടിയുറപ്പിക്കലാണ് 1858 മാര്‍ച്ച് 25 -ാം തീയതി ലൂര്‍ദ്ദില്‍ പരിശുദ്ധ അമ്മ വി. ബര്‍ണദീത്ത പുണ്യവതിക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞത്, “ഞാന്‍ അമലോത്ഭവയാണ്” എന്ന്.

സഭാപിതാക്കന്മാര്‍ക്കും ദൈവശാസ്ത്ര പണ്ഡിതന്മാര്‍ക്കും ഒത്തിരി ആശയക്കുഴപ്പമുണ്ടായെങ്കിലും ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇന്നും സഭയിലുണ്ട്. എന്നിരുന്നാലും, ഈ വിശ്വാസസത്യത്തെ അളന്നു നോക്കേണ്ടത് ബുദ്ധി കൊണ്ടല്ല വിശ്വാസം കൊണ്ടാണ് എന്ന് സഭ പഠിപ്പിക്കുന്നു.

സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ് പരിശുദ്ധ അമ്മ എന്ന് സഭ പഠിപ്പിക്കുന്നു. മറിയം അമലോത്ഭവയായിരിക്കുന്നത് നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ്. സാത്താനുമായുള്ള യുഗാന്ത യുദ്ധത്തില്‍ അവള്‍ ശത്രുവിന്റെ തല തകര്‍ക്കാനും സഭയ്ക്ക് സംരക്ഷണമേകാനും അത് അത്യാവശ്യമാണ്. അവളുടെ അമലോത്ഭവത്വം നമുക്ക് ശാശ്വതവിജയം ലഭിക്കുമെന്നതിന്റെ ഉറപ്പും സാക്ഷ്യപത്രവുമാണ്. ആകയാല്‍, യുഗാന്തസഭ സാത്താന്റെ കെണിയില്‍ നിന്ന് സംരക്ഷിതമാകാന്‍ അമലോത്ഭവ മറിയത്തിന്റെ വിമലഹൃദയത്തില്‍ അഭയം പ്രാപിക്കണം. സാത്താനോട് ഒരിക്കലും ബന്ധം പുലര്‍ത്താതിരുന്ന മറിയത്തെപ്പോലെ ആകാന്‍ നമുക്ക് ശ്രമിക്കാം. അപ്പോള്‍ യുഗാന്തയുദ്ധത്തില്‍ മറിയത്തോടൊപ്പം മറിയത്തിന്റെ മക്കളും വിജയം വരിക്കും. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി നമുക്കും പ്രാര്‍ത്ഥിക്കാം. വിശുദ്ധമായി ജീവിക്കാന്‍ പരിശുദ്ധ അമ്മയുടെ കൂട്ടു പിടിക്കാം.

ബ്ര. അഭിഷേക് ജോഷി MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.