പുരോഹിതന്‍ അവന് സ്വന്തമല്ല

ഡീ. റോബിന്‍ കോലഞ്ചേരി MCBS

“See the power of the Priest; out of a piece of bread the word of a Priest makes God. It is more than creating the World” – St. John Maria Vianney

നിത്യപുരോഹിതനായ ക്രിസ്തുവിനാല്‍ സ്‌നേഹിക്കപ്പെടുന്നവരേ,

പൗരോഹിത്യം അതിന്റെ ശ്രേഷ്ഠതയില്‍ ജീവിച്ച് വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ദൈവത്തെ സൃഷ്ടിച്ച് പുരോഹിതരുടെ മദ്ധ്യസ്ഥനായിത്തീര്‍ന്ന വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ തിരുസഭ ഇന്ന് ആഘോഷിക്കുമ്പോള്‍ ഈ തിരുനാളിന്റെ എല്ലാ പ്രാര്‍ത്ഥനകളും നന്മകളും എല്ലാവര്‍ക്കും പ്രത്യേകിച്ച്, എല്ലാ വൈദികര്‍ക്കും സ്‌നേഹപൂര്‍വ്വം നേരുന്നു.

അന്ന് പെസഹാ വ്യാഴാഴ്ചയായിരുന്നു. ദുഃഖവെള്ളിക്കുള്ള ഗാഗുല്‍ത്താ ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. രാത്രിയാണ്. കുറച്ചു യുവാക്കളും സിസ്റ്റേഴ്‌സും വികാരിയച്ചനും കൂടിയാണ് ചെയ്യുന്നത്. ഇങ്ങനെ പണി ചെയ്യുന്നതിനിടെ ഒരു യുവാവിന്റെ അപ്പച്ചന്‍ അവനെ കൊണ്ടുപോകാന്‍ വന്നു. വീട്ടില്‍ അപ്പം മുറിക്കല്‍ നടത്താന്‍ (പള്ളിയിലെ അപ്പം മുറിക്കല്‍ ശുശ്രൂഷ കഴിഞ്ഞിരുന്നു). കുറച്ചു കഴിഞ്ഞ് വേറൊരാളുടെ സഹോദരന്‍ വന്നു. അങ്ങനെ പണി പകുതി ആയപ്പോഴേക്കും യുവാക്കളെല്ലാം പോയി. അല്‍പസമയത്തിനു ശേഷം സിസ്റ്റേഴ്‌സും നേരം വൈകിയതിനാല്‍ കോണ്‍വെന്റിലേക്കു പോയി. എന്നാല്‍ അച്ചന്‍ പിന്നെയും കുറേ നേരം പണി ചെയ്തു. ഏകദേശം എല്ലാം കഴിഞ്ഞ് അച്ചന്‍ ക്ഷീണിച്ച് അല്‍പനേരം ഇരുന്ന ശേഷം പോയി കുളി ച്ച് ഭക്ഷണം കഴിക്കാമെന്നു കരുതി ഭക്ഷണമുറിയിലേക്കു വന്നു (അവിടെ അച്ചന്റെ കൂടെ വേറെ അച്ചന്മാരൊന്നും ഇല്ലായിരുന്നു).

സാധാരണ, ഭക്ഷണം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഒരു ആണ്‍കുട്ടിയാണ് കൊണ്ടുവന്നിരുന്നത്. അവന്‍ അന്ന് ഉച്ച കഴിഞ്ഞ് വന്നില്ല; കടകളെല്ലാം അടച്ചുകഴിഞ്ഞു. അടുത്തെങ്ങും വീടുകളുമില്ല. കോണ്‍വെന്റ് അടുത്തല്ലായിരുന്നു. ആയതിനാല്‍ അവിടെ നിന്നും ഭക്ഷണം വാങ്ങാനും ബുദ്ധിമുട്ടാണ്. അന്ന് ഉച്ചക്ക് അച്ചന്‍ ഭക്ഷണം കഴിച്ചില്ലായിരുന്നു – ആ ഭക്ഷണമാണ് കപ്യാര്‍ക്കു നല്‍കിയത്. അച്ചന് ഭക്ഷണം ഉണ്ടാക്കുവാനുള്ള സാധനങ്ങള്‍ ഒന്നും അവിടെ ഇല്ലായിരുന്നു. ഒരു ചെറിയ പാക്കറ്റ് ബിസ്ക്കറ്റ് ആയിരുന്നു ആകെ ഉണ്ടായിരുന്നത്. അച്ചന്‍ അത് കഴിച്ചു.

വിശന്ന് ക്ഷീണിതനായിരുന്നു അച്ചന്‍. അങ്ങനെ അദ്ദേഹം പള്ളിയുടെ പടിക്കല്‍ പോയിരുന്നു. കുറച്ചുനേരം പൂര്‍ണ്ണചന്ദ്രനെ നോക്കിയിരുന്നു. അദ്ദേഹം ഇങ്ങനെ ഉള്ളില്‍ ചിന്തിച്ചു, ‘എല്ലാവരും ഒരുമിച്ചുകൂടി വീടുകളില്‍ അപ്പം മുറിക്കലൊക്കെ നടത്തിയിട്ടുണ്ടാവും; എന്റെ വീട്ടിലും നടത്തിയിട്ടുണ്ടാവും. ഞാനിവിടെ ഒറ്റയ്ക്ക്, കൂടെ ആരുമില്ലാതെ, പണിയൊക്കെ കഴിഞ്ഞ് ക്ഷീണിതനായി, കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെ എല്ലാവരില്‍ നിന്നും മാറിയിരിക്കുന്നു.”

അച്ചന്‍ പള്ളിയുടെ അകത്ത് സക്രാരിയുടെ താഴെ ചെന്നിരുന്നു. നിറകണ്ണുകളോടെ സക്രാരിയിലേക്കു നോക്കി കുറച്ചു നേരം ഇരുന്നിട്ട് ഈശോയോട് ഇങ്ങനെ പറഞ്ഞു: “ദൈവമേ, നിന്റെ വേദനകളെല്ലാം അറിയാന്‍ സാധിക്കുന്നവനാണ് പുരോഹിതന്‍. അതില്‍ ഞാന്‍ സന്തോഷവാനാണ്. എനിക്കറിയാം, ഞാന്‍ ശൂന്യമാണ് ഇപ്പോഴെന്ന്. സ്വന്തമായി ഒന്നുമില്ല, വീട്ടുകാരില്ല, കൂടെയിരിക്കാന്‍ ആരുമില്ല, കഴിക്കാന്‍ ഇപ്പോള്‍ അല്‍പം ഭക്ഷണം പോലുമില്ല. ഇതാണ് ഒരു പുരോഹിതന്റെ ജീവിതം എന്ന് ഞാനറിയുന്നു. അവന് സ്വന്തമായി ഈ ലോകത്തില്‍ ഒന്നുമില്ല. എങ്കിലും ദൈവമേ, നീയുണ്ട്. ഒരു നൂറു വര്‍ഷം കൂടി ജീവിക്കാനായിട്ട്.” അടുത്ത നിമിഷം പെട്ടെന്നുണ്ടായ ഹാര്‍ട്ട് അറ്റാക്ക് മൂലം അദ്ദേഹം അവിടെ മരിച്ചുവീഴുകയായിരുന്നു.

ഇങ്ങനെ കുറിച്ചുവച്ചു കൊണ്ട് എഴുത്തുകാരന്‍ കഥ അവസാനിപ്പിക്കുകയാണ്: “അദ്ദേഹം തന്റെ പൗരോഹിത്യജീവിതം നല്ലവനായ ദൈവത്തില്‍ നിന്നും ആരംഭിച്ചു. നല്ലവനായ ദൈവത്തിന്റെ മുമ്പില്‍ ജീവിച്ചു. നല്ലവനായ ദൈവത്തിന്റെ മുമ്പില്‍ കിടന്നു മരിച്ചു.”

ഈ കഥ പറയുന്നതും ഇന്നത്തെ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും പൗരോഹിത്യത്തെക്കുറിച്ചാണ്, പുരോഹിതനെക്കുറിച്ചാണ്. ആരാണ് ഒരു പുരോഹിതന്‍? പുരോഹിതന്‍ ദൈവം തിരഞ്ഞെടുത്ത ഒരു മനുഷ്യനാണ്. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ ദൈവത്താല്‍ മൂല്യമുള്ളവനായി കാണപ്പെടുന്നു. ദൈവത്തിനും മനുഷ്യനുമിടയിലുള്ള മദ്ധ്യസ്ഥനെന്ന നിലയില്‍ അവന്‍ ദൈവത്താല്‍ ബഹുമാനിക്കപ്പെടുന്നു. ‘ക്രിസ്തുവാഹകന്‍’ എന്ന നിലയില്‍ അവന്‍ ദൈവത്താല്‍ മഹത്വപ്പെടുത്തപ്പെടുന്നു. ‘ദൈവത്തിന്റെ പുരോഹിതന്‍’ എന്ന നിലയില്‍ അവന്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഫുള്‍ട്ടണ്‍ ജെ. ഷീന്‍ പറയുന്നു: “പുരോഹിതന്‍ അവനു സ്വന്തമല്ല.” പുരോഹിതന് സ്വന്തമായ ഒന്നുണ്ട്, ദൈവം. ഈ ഒരൊറ്റ കാരണം മതി, ഒരു പുരോഹിതന് ഭൂമിയില്‍ ജീവിക്കാന്‍. എല്ലാ പുരോഹിതരുടെയും ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയാണ്. ക്രിസ്തു നടന്നുനീങ്ങിയ വഴികളിലൂടെ നടന്നുനീങ്ങുന്നവനാണവന്‍. അതുകൊണ്ടാണ് അവനെ ‘Altar Christus’ എന്നു വിളിക്കുന്നത്.

എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും ജീവിതത്തില്‍ പുരോഹിതനുണ്ട്. ഒരു ‘പുരോഹിതന്‍’ കുമ്പസാരക്കൂട്ടില്‍ പാപങ്ങള്‍ മോചിക്കുന്ന, ക്ഷമിക്കുന്ന ദൈവമായി നിലകൊള്ളുന്നു. ‘പുരോഹിതന്‍’ ക്രിസ്തു അര്‍പ്പിച്ച സ്ഥാനത്തു നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ‘പുരോഹിതന്‍’ തനിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ‘പുരോഹിതന്‍’ തനിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും വേണ്ടി ജീവിക്കുന്നു. പുരോഹിതന്‍ എത്ര മഹത്വമേറിയ സ്ഥാനത്താണെന്ന് വി. ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: “പുരോഹിതന്‍ പാപം മോചിക്കുമ്പോള്‍ പറയുന്നത്, ദൈവം നിന്നോട് ക്ഷമിക്കുന്നു എന്നല്ല. ഞാന്‍ നിന്റെ പാപം മോചിക്കുന്നു” എന്നാണ്. വിശുദ്ധ കുര്‍ബാന സ്ഥാപനവിവരണത്തില്‍ അവന്‍ പറയുന്നത്, ഇത് നമ്മുടെ കര്‍ത്താവിന്റെ ശരീരം എന്നല്ല, മറിച്ച് “ഇത് എന്റെ ശരീരമാകുന്നു” എന്നാണ്.

ക്രിസ്തുവിന്റെ പ്രതിപുരുഷനായ പുരോഹിതന്‍ പലപ്പോഴും ക്ലേശങ്ങളുടെ പാതയിലൂടെ കടന്നുപോകുന്നവനാണ്. നമുക്കൊക്കെ വൈദികന്റെ അടുത്തുപോയി നമ്മുടെ പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും പറയാം. തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനകളും ആരോടാണ് പുരോഹിതന്‍ പറയുക? മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും പരിഹസിക്കുമ്പോഴും ആരോടാണ് പറയുക? ലോകത്തിലെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമായാലും പുരോഹിതന് തന്റെ അവസാനത്തെ ആശ്രയം നഷ്ടമാകുന്നില്ല എന്ന് ദൈവം ഉറപ്പു വരുത്തുന്നു – അത് ദൈവം തന്നെയാണ്.

ആവശ്യഘട്ടങ്ങളില്‍ ദൈവമുണ്ട് ഒരു പുരോഹിതന്. കരയുമ്പോള്‍ അവന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ ദൈവമുണ്ട്, ഒറ്റയ്ക്കാക്കപ്പെടുന്ന നിമിഷങ്ങളില്‍ ദൈവമുണ്ട് അവനോടു കൂടെയിരിക്കുവാന്‍, നിന്ദിക്കപ്പെടുമ്പോള്‍ ദൈവമുണ്ട് അവനെ വിലയുള്ളവനായി കാണാന്‍, ആഴമേറിയ ദുഃഖത്തിലായിരിക്കുമ്പോള്‍ ദൈവമുണ്ട് ആശ്വാസം നല്‍കുവാന്‍, സക്രാരിയിലുള്ള ദൈവത്തിന്റെ ഹൃദയം കാത്തുസംരക്ഷിക്കുമ്പോള്‍ ഓരോ പുരോഹിതനും ദൈവമുണ്ട് അവന്റെ ജീവിതം സംരക്ഷിക്കുവാന്‍, മറ്റാരും അവനെ സ്‌നേഹിക്കാനില്ലാത്തപ്പോഴും ദൈവമുണ്ട് അവനെ സ്‌നേഹിക്കുവാന്‍… ദൈവം ഇത്രയും ഒരു പുരോഹിതനു വേണ്ടി ചെയ്യുന്നുണ്ടെങ്കില്‍ ഒരു പുരോഹിതന്‍ ആരാണ്? ദൈവത്തിന്റെ സ്വന്തമാണവന്‍, സമ്പത്താണവന്‍. അതുപോലെ തന്നെ ദൈവമാണ് ഓരോ പുരോഹിതന്റെയും സമ്പത്ത്.

ലോകപ്രശസ്ത പ്രഭാഷകനായിരുന്ന ലക്കോര്‍ഡയറിന്റെ അധരങ്ങള്‍ ഒരിക്കല്‍ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ ലോകത്തില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിലും ജീവിക്കാതെ എല്ലാ കുടുംബത്തിലും അംഗമാകുന്നവന്‍, എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നവന്‍, എല്ലാ ഹൃദയരഹസ്യങ്ങളിലേക്കും കടന്നുചെല്ലുന്നവന്‍, എല്ലാ വ്രണങ്ങളും സുഖപ്പെടുത്തുന്നവന്‍, മനുഷ്യരില്‍ നിന്നും പുറപ്പെട്ട് അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കുന്നവന്‍, ദൈവത്തില്‍ നിന്നും മടങ്ങി മനുഷ്യര്‍ക്ക് പാപമോചനവും പ്രത്യാശയും സമാധാനവും കൊണ്ടുവരുന്നവന്‍, പരസ്‌നേഹത്താല്‍ ജ്വലിക്കുന്നതും ബ്രഹ്മചര്യത്തില്‍ സുദൃഢവുമായ ഹൃദയമുള്ളവന്‍, എപ്പോഴും പഠിപ്പിക്കുകയും ആ ശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍… ഓ ദൈവമേ, എത്ര ഉത്കൃഷ്ഠമായ ജീവിതം… ക്രിസ്തുവിന്റെ പുരോഹിതാ, ഈ ജീവിതം നിന്റേതാണ്.”

സ്‌നേഹമുള്ളവരേ, ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവനാണ് പുരോഹിതന്‍. ദൈവജനത്തെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്നവന്‍. പൗരോഹിത്യത്തെ അത്യധികം സ്‌നേഹിച്ച് ദൈവത്തെ മാത്രം സമ്പത്തായി കണ്ട് ദൈവജനത്തെ വഴിനടത്തിയ വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ സഭ ഇന്ന് ആഘോഷിക്കുമ്പോള്‍ എല്ലാ വൈദികര്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥിക്കാം, ‘നിത്യപുരോഹിതനായ ഈശോയേ, അങ്ങേ വൈദികരെ അങ്ങേ ഹൃദയത്തോട് ചേര്‍ത്തുപിടിക്കണമേ’ എന്ന സുകൃതജപം കുറഞ്ഞത് പത്തു തവണയെങ്കിലും ചൊല്ലി അവര്‍ക്കു വേണ്ടി ഇന്നേ ദിനം സമര്‍പ്പിക്കുകയും ചെയ്യാം. എല്ലാമറിയുന്ന നല്ലവനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

“The Angel is the friend of God
but the Priest holds his place” – St. John Maria Vianney

ഡീ. റോബിന്‍ കോലഞ്ചരി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.