ക്രിസ്തീയ സ്‌നേഹത്തിന്റെ നാല് പ്രത്യേകതകള്‍

സ്‌നേഹിക്കപ്പെടാന്‍ താതപര്യപ്പെടാത്തവരില്ല. എന്നാല്‍, ഓരോ ആളുകളും സംസ്‌കാരങ്ങളും സ്‌നേഹത്തെ മനസിലാക്കിയിരിക്കുന്നത് ഓരോ രീതിയിലാണ്. ഇതില്‍ എന്താണ് ക്രൈസ്തവസ്‌നേഹത്തിന്റെ പ്രത്യേകത… ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നതു പോലെ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക എന്നതുകൊണ്ട് എന്താണ് ഈശോ അര്‍ത്ഥമാക്കിയത്.

ഫോക്കലോര്‍ മൂവ്‌മെന്റ് സ്ഥാപകനായ ചിയാര ലുബിച്ചിന്റെ അഭിപ്രായത്തില്‍ ക്രൈസ്തവസ്‌നേഹത്തിന് നാല് ഭാവങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..

1. ക്രിയാത്മകമായ സ്‌നേഹം

ക്രിയാത്മകമായി സ്‌നേഹിക്കുക എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ട് സ്‌നേഹം പ്രകടമാക്കുക എന്നാണര്‍ത്ഥം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തെ പ്രതിനിധീകരിക്കുന്ന തരത്തില്‍ സ്‌നേഹത്തില്‍ പരസ്പരം ഐക്യപ്പെടുക.

2. എല്ലാവരെയും സ്‌നേഹിക്കുക

ചിലരെ മാത്രം തിരഞ്ഞെടുത്തു സ്‌നേഹിക്കാതെ, കണ്ടുമുട്ടുന്ന എല്ലാവരിലും ദൈവത്തെ കണ്ട് അവരെയെല്ലാം സ്‌നേഹിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്‌നേഹത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കരുതെന്ന് ചുരുക്കം.

3. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക

ഈശോ നേരിട്ട് പഠിപ്പിച്ച കാര്യം, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. പങ്കുവയ്ക്കലിന്റെ മനോഭാവമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഉള്ളത് മറ്റുള്ളവരുമായി പങ്കുവച്ച് സ്‌നേഹം പ്രകടിപ്പിക്കുക. സ്വയം ത്യജിച്ചുപോലും മറ്റുള്ളവര്‍ക്കായി നല്‍കുക.

4. ശത്രുക്കളെ സ്‌നേഹിക്കുക

സ്‌നേഹം എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന ഒന്നല്ല. ധാരാളം വെല്ലുവിളികള്‍ നിറഞ്ഞതാണത്. പലപ്പോഴും കൊടുക്കുന്ന സ്‌നേഹം തിരിച്ചുകിട്ടിയെന്നു വരില്ല. അതിനു പകരം നിന്ദനവും അപമാനവുമാവും ലഭിക്കുക. എന്നാല്‍, ഇവിടെയാണ് ക്രിസ്തു പഠിപ്പിച്ച സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന അവിടുത്തെ തിരുവചനം ഓര്‍ത്തുകൊണ്ട് നമ്മെ വെറുക്കുന്നവരെ കൂടുതല്‍ സ്‌നേഹിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.