ചങ്ങനാശേരി അതിരൂപതയില്‍ ഇന്ന് മുതല്‍ മെയ് 23 വരെ തീവ്ര പ്രാര്‍ത്ഥനായജ്ഞം

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ചങ്ങനാശേരി അതിരൂപതയില്‍ വി. യൗസേപ്പിതാവിന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥ തിരുനാള്‍ ദിനമായ മെയ്‌ ഒന്നു മുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ 23വരെ തീവ്ര പ്രാര്‍ത്ഥനായജ്ഞമായി ആചരിക്കുമെന്നും പ്രാര്‍ത്ഥനയില്‍ അതിരൂപതാംഗങ്ങള്‍ പങ്കാളികളാകണമെന്നും ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രത്യേക സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു. ലോകം കരുതുന്നതിനേക്കാള്‍ വളരെയേറെ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് യജ്ഞത്തില്‍ അണിചേരണമെന്നും ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദേദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പെരുന്തോട്ടം ഉദ്‌ബോധിപ്പിച്ചു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു വരെ അരമന കപ്പേളയില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. അതിരൂപതയിലെ എല്ലാ കുടുംബങ്ങളും അവരവരുടെ ഫൊറോനകള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളില്‍ ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ അണിചേരണം.

സിബിസിഐ പ്രാര്‍ത്ഥനാദിനമായി ആഹ്വാനം ചെയ്തിരിക്കുന്ന മെയ്‌ ഏഴിന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണം. സമര്‍പ്പിതഭവനങ്ങളും തിരുമണിക്കൂറില്‍ പങ്കാളികളാകണമെന്നും ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.