വെളിച്ചമാകേണ്ട സമര്‍പ്പിത ജീവിതം

ഓമ്ഹമ്മദ് സാധു വിധവയും ഒരു പാവപ്പെട്ട മുസ്ലീം മിഡ്വൈഫുമായിരുന്നു. തന്‍റെ പ്രവര്‍ത്തികള്‍ക്കൊന്നും മനുഷ്യനില്‍നിന്നും യാതൊരു പ്രതിഫലവും അവള്‍ പ്രതീക്ഷിച്ചില്ല. അവളുടെ ഏക പുത്രന്‍ അവളെ പറ്റി പറയുന്നത് ദൈവം തന്‍റെ അമ്മയ്ക്കുവേണ്ടി ഒരുപാട് അത്ഭുതങ്ങള്‍ ചെയ്തുവെന്നാണ്. അവന്‍ പറഞ്ഞു, “ഒരു ശീതകാല രാത്രിയുടെ പാതിരാവില്‍ അമ്മയെന്നോട്‌ പറഞ്ഞു വിളക്കു തെളിക്കാ൯. ഒരു തുള്ളിപോലും എണ്ണയില്ലാത്ത വിളക്കില്‍ എങ്ങനെ തിരിതെളിയും? ഞാ൯ അമ്മയോട് പരിഭവം പറഞ്ഞു. അമ്മ പറഞ്ഞു കുഞ്ഞു സംഭ്രമിക്കേണ്ട: അല്പം വെള്ളംകോരി ആ വിളക്കിലൊഴിക്ക്. ഇനി കണ്ണടച്ച്ദൈവത്തെ ഭജിക്കൂ. ഞാന്‍ അപ്രകാരം ചെയ്തു വിളക്കു കത്തി ശോഭ പരത്തി. അന്തിച്ചു നിന്ന എന്നോട് അമ്മ പറഞ്ഞു; “കുഞ്ഞേ, ദൈവത്തെ അനുസരിക്കുന്നവരെ ഈ പ്രകൃതി പോലും അനുസരിക്കും.”

ദൈവം ഇറങ്ങിവന്നിരിക്കുന്ന ഭവനമാണ് സന്യാസഭവനം. ലോകത്തിനു മുഴുവ൯ പ്രകാശം കൊടുക്കാ൯ ദൈവം സമ൪പ്പിതഭവനങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നു, അന്ധകാരത്തെ തുടച്ചുനീക്കാന്‍, ചുറ്റുപാടുമുള്ള പ്രദേശത്തെ അവരിലൂടെ വിശുദ്ധീകരിക്കാ൯. പക്ഷേ, ഈ ലോകത്തില്‍ പ്രഖ്യാപിക്കപെടാത്ത ഒരു മൂന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. കൂട്ടക്കൊലകള്‍ പെരുകുന്നു, വീടുകളില്‍നിന്നു മനസ്സില്ലാമനസ്സോടെ പലായനം ചെയ്യപെടുന്നവരുടെ എണ്ണം അതിക്രമിച്ചിരിക്കുന്നു, കൈകുഞ്ഞുങ്ങളും കുട്ടികളും കുരുതി കഴിക്കപെടുന്നു. യുവതികള്‍ നഗ്നരാക്കപെടുന്നു. യുവാക്കള്‍ തൂക്കുമരത്തില്‍ ഏറ്റപെടുന്നു. മാതാക്കള്‍ ബലാല്‍സംഗം ചെയ്യപെടുന്നു. പിതാക്കള്‍ വഴിവക്കില്‍ വാളിനിരയാകുന്നു. ലോകത്തിന്‍റെ സഞ്ചാരങ്ങള്‍ അപഥസഞ്ചാരമായി മാറുകയും പ്രപഞ്ചത്തിന്‍റെ ഒഴുക്കുകള്‍ കുത്തോഴുക്കുകളായി അധ:പതിക്കുകയും ചെയ്യുമ്പോള്‍ സമ൪പ്പിതരുടെ ഹൃദയത്തിന്‍റെ കോണിലൊരു തേങ്ങലവശേഷിക്കാം. “എന്‍റെ പ്രാ൪ത്ഥനകള്‍ക്കും പരിത്യാഗങ്ങള്‍ക്കും പരിമിതി വന്നുപോയോ? ഞാ൯ എന്നില്‍ തന്നെ ഒതുങ്ങി കൂടിയതും എന്‍റെ സുഖത്തെ ആശ്ലെഷിച്ചതും മഹാപരാധമായി പോയോ? ഞാ൯ പോലും അറിയുന്നില്ല ലോകത്തിന്‍റെ മായ എന്നെ വരിഞ്ഞുമുറുക്കുന്നത്.”

എമ്മാവൂസിലേക്കു ഒളിച്ചോടിയ ശിഷ്യന്മാരെ അനുധാവനം ചെയ്ത് അവരുടെ കണ്ണുതുറപ്പിച്ച്, ഭരമേല്‍പിച്ച ഉത്തരവാദിത്വം ചെയ്യാ൯ ജറുസലേമിലേക്കവരെ ആനയിക്കുന്ന ഗുരുവിന്‍റെ മാതൃക എങ്ങനെ വിസ്മരിക്കും. കുറവിനെ ഏറ്റെടുത്ത്, അപരന്‍റെ ഭാരം വഹിച്ച്, സ്നേഹം നിറച്ച് അവനെ ഉപയോഗിക്കുന്ന ഈശോയുടെ പ്രിയ സന്യാസിയെ ചൂണ്ടി ഇന്നുലോകം ചോദിക്കുന്നു; “സന്ന്യാസം ഒരു മണ്ടത്തരമല്ലേ?” അല്ല, എന്നു എനിക്ക് നല്ല ഉറപ്പുണ്ട്. കാരണം എന്‍റെ പാടത്തു ആരാലും കാണപെടാതെ കിടക്കുന്ന നിധിയെ പറ്റി എനിക്ക് നല്ല സുബോധമുണ്ട്. സമര്‍പ്പിത൪ ജീവ൯ കൊടുത്തും സ്നേഹിക്കണ്ടവരാണന്നു എനിക്കറിയാം.

നിസംഗതയാണ് ആധുനികലോകത്തിന്‍റെ പാപം എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുമ്പോഴും അസംതൃപ്തയായ സന്യാസിയുടെ ജീവിതം ദു:ഖമാണെന്നും പാപ്പ  സമര്‍പ്പിതരെ ഓര്‍മ്മിപ്പിക്കുന്നു. സന്യാസി ഇന്നെവിടെയാണ്? അല്പം പ്രാര്‍ത്ഥിക്കുന്നു, എന്തോ പ്രവര്‍ത്തിക്കുന്നു അവ൯ ഊരുചുറ്റുന്നു, ഉല്ലസിക്കുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു. അവനെ ഉറക്കികിടത്തിയിട്ട്‌ പിശാച് സംഹാരതാണ്ഡവമാടുന്നു. സന്യാസിയെ ദൈവം ഭരമേല്പിച്ചവരെ മുഴുവ൯ ബന്ധിച്ചിട്ടിട്ട് അവനെ ആരാധിക്കാ൯ അവന്‍ അവരെ പഠിപ്പിക്കുന്നു. ആത്മാവില്‍ അന്ധകാരത്തിന്‍റെ ബലി (ബ്ലാക്ക്‌ മാസ്) അര്‍പ്പിച്ചു സാത്താനെ പൂജിച്ചു മൃതിയടയുന്നു.

രക്ഷയുടെ പേടകത്തിന്‍റെ കിളിവാതില്‍ തുറന്നു, എല്ലാറ്റിനേയും വീക്ഷിച്ചു സുരക്ഷിതത്വം ഉറപ്പുവരുത്താ൯ മുകളിലേക്ക് പറന്നുയര്‍ന്ന പ്രാവിനെപോലെ, പ്രാ൪ത്ഥനയുടെയും അപ്പസ്തോലിക പ്രവര്‍ത്തനങ്ങളുടെയും ചിറകുവിരിച്ചു ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ പറന്നു വിമോചനത്തിന്‍റെ സദ്വാര്‍ത്ത സകലരെയും അറിയിക്കുവാനുള്ള ദൗത്യം സമര്‍പ്പിതരുടെതാണ്. അപരനുവേണ്ടി വ്യയം ചെയ്യപ്പെടുന്ന സമ൪പ്പിതരുടെ ജീവിതതാളുകളില്‍ പാവപെട്ടവന്‍റെ നെടുവീര്‍പ്പുകളും പരിത്യക്തന്‍റെ വിലാപങ്ങളും നീതി നിഷേധിക്കപെട്ടവന്‍റെ ഗദ്ഗദങ്ങളും കരയുന്നവന്‍റെ കണ്ണീരും ആശയറ്റവന്‍റെ ശാപസ്വരങ്ങളും കരളലിയിക്കുന്ന കവിത രചിക്കുന്നു.

ബന്ധിത൪ക്കു മോചനവും അടിച്ചമ൪ത്തപ്പെട്ടവ൪ക്കു സ്വാതന്ത്ര്യവും അന്ധ൪ക്കു കാ ഴ്ചയും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിച്ചു ഗലീലിയാ തീരങ്ങളില്‍ പ്രത്യക്ഷനായവനു വീണ്ടുമൊരിക്കല്‍ കൂടി സമര്‍പ്പിത ഹൃദയങ്ങളിലൂടെ പാവപ്പെട്ടവനെ അന്വേഷിച്ചിറങ്ങണം പോലും. അവന്‍റെ ദൃഷ്ടികളിലൂടെ സകലരെയും നോക്കി കാണാനും അവന്‍റെ കരങ്ങള്‍കൊണ്ടെന്ന പോലെ നന്മചെയ്തു കടന്നുപോകാനും അവന്‍റെ ഹൃദയംകൊണ്ടെന്ന പോലെ എല്ലാവരെയും ഉള്‍കൊള്ളുവാനും അവന്‍റെ കുരിശിലെന്ന പോലെ സകലര്‍ക്കും വേണ്ടി ജീവ൯ സമര്‍പ്പിക്കുവാനും അതുവഴി അവിടുന്നു സന്നിധി ചെയ്യുന്ന ദൈവഭവനത്തില്‍ സകലരെയും ഒരുമിച്ചുകൂട്ടാനും സമ൪പ്പിത൪ക്കു കഴിഞ്ഞാല്‍ അവന്‍റെ ആഗ്രഹം പൂ൪ണ്ണമാകും. ഇനിയും കടന്നിട്ടില്ലാത്ത ഇടുങ്ങിയ വഴികളിലേയ്ക്ക് ധൈര്യപൂര്‍വ്വം കടന്നു ചെന്നു, അവഗണിച്ചുതള്ളിയ ഇടങ്ങളിലേക്ക് മനസ്സുതിരിച്ചു, വഴിപിണഞ്ഞു പോയതിനെ ആലയിലേയ്ക്കു കൂട്ടികൊണ്ടു വരുവാനുള്ള പ്രതിബദ്ധതയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക  സമ൪പ്പിതയ്ക്ക് അസാധ്യം!

സ്നേഹിച്ചും ശാസിച്ചും പിണങ്ങിയും ഉപദേശിച്ചും പഠിപ്പിച്ചും പരിതപിച്ചും നമ്മുടെ ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. അള്‍ത്താര ശുശ്രൂഷയിലും കറികട്ടിങ്ങിലും ടോയ്‌ലറ്റ് ക്ലീനിങ്ങിലും സാമൂഹ്യസേവനത്തിലും അദ്ധ്യാപനത്തിലും ആതുര ശുശ്രൂഷയിലും എന്നുവേണ്ട സദാ അവന്‍ നമ്മോടൊപ്പം തന്നെ. നമ്മുടെ എല്ലാകാര്യങ്ങളും നമ്മെക്കാള്‍ തീക്ഷ്ണതയില്‍ ചെയ്യാ൯ അവിടുന്ന് മുന്നിലുണ്ട്. അവന്‍റെ കിന്നാരം കേള്‍ക്കാ൯ കിന്നരിച്ചു നില്‍ക്കുന്ന മൊബൈല്‍ഫോണ്‍ ഒരു തടസ്സമാണെങ്കില്‍ അതിന്‍റെമേല്‍ നമുക്കൊരു ആധിപത്യം തന്നെ വേണം. വാട്സപ്പും ഫേസ് ബുക്കും ജീവിതത്തിന്‍റെ ത്വരയാക്കിമാറ്റിയ സന്യാസിയുടെ തത്തികളിക്കൊരു വിരാമം വേണം.

ചിലരെ കാണുമ്പോള്‍ മുഖത്ത് അമാവാസി വിരിയുകയും ചിലരെ കാണുമ്പോള്‍ പൗര്‍ണമി വിരാജിക്കുകയും ചെയ്യുന്നത് സന്ന്യാസമല്ല. യഥാര്‍ത്ഥ സന്ന്യാസിക്ക്‌ മരണവും ജീവനും തമ്മിലോ, സുഹൃത്തും ശത്രുവും തമ്മിലോ, സന്തോഷവും ദു:ഖവും തമ്മിലോ, വലിയ വ്യത്യാസമില്ല. സന്യാസത്തിലെ സൗഹൃദങ്ങള്‍ക്ക്‌ ഒരു കല്ലേറു ദൂരമുണ്ട്. അത് സന്ന്യാസിയുടെ നിയോഗമാണ്.

ഉപ്പുകലരാത്ത ജീവിതം, വാഴ്ത്തപെടാത്ത ആഗ്രഹങ്ങള്‍, സ്നേഹം ചാലിക്കാത്ത സഹനം, നന്മ ചെയ്യാത്ത ദിവസങ്ങള്‍, സമര്‍പ്പിക്കാത്ത അലച്ചിലുകള്‍, സന്തോഷമില്ലാത്ത സമര്‍പ്പണം ഇവ കൊണ്ടു സന്യാസിയുടെ സമര്‍പ്പിതജീവിതത്തിന്‌ ഇന്നു എന്ത് നേട്ടം? ക്രിസ്തുവിന്‍റെ ഇന്നിനെ എന്‍റെ ഇന്നില്‍ കണ്ടെത്താ൯ എനിക്കാവുമോ? മലിനഹൃദയന്‍റെ പ്രാര്‍ത്ഥനയേക്കാള്‍ ദൈവം ഇഷ്ടപെടുന്നത് നായ്ക്കളുടെ കുരയും, കാലികളുടെ മുക്കറയിടലുമാണ് (Sir.2:1) എന്ന് വചനം പഠിപ്പിക്കുന്നു.

കേരളസഭയുടെ പ്രഥമ വിശുദ്ധ വി. അല്‍ഫോണ്‍സാമ്മ ക്രിസ്തു സ്നേഹത്തില്‍ ലയിച്ചുപറഞ്ഞു; “ഞാ൯ എത്ര സ്നേഹത്തോടെ ഇറങ്ങി പുറപ്പെട്ടുവോ അതേ അരൂപിയോടുകൂടി മുന്നോട്ടുപോകുവാ൯ ശ്രമിക്കുന്നതാണ്. എനിക്കുള്ള സ൪വ്വവും നിന്നെപ്രതി ഞാ൯ ത്യജിച്ചു. ഈ ലോകസന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമേ.” ഈ ഒരു പ്രാ൪ത്ഥന ഇന്നത്തെ മുഴുവന്‍ സന്യാസിയുടെയും പ്രാ൪ത്ഥനയാകേണ്ടതല്ലേ?

അംബരചുംബികളായ ദേവാലയങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളും ആശ്രമങ്ങളും രൂപപെടുത്തിയിട്ട് ആഡംബരത്തിന്‍റെ സ്ഥൂലസത്ത കണ്ടെത്തി ആത്മനിര്‍വൃതി തേടുന്നതു തികച്ചും ശോചനീയമാണ്. ലോകത്തിന്‍റെ പ്രതിച്ഛായ തന്നെ മാറികഴിഞ്ഞു. അധികാരികളെ പ്രീതിപെടുത്താനും കൂടപിറപ്പിനെ അടിച്ചൊതുക്കാ നും വൈഭവമുള്ളവരെ നേതാക്കളായി കാണുന്ന അനീതിയുടെ അതിപ്രസരണം നടന്നു കൊണ്ടിരിക്കുമ്പോള്‍ നീതിയും സത്യവും സുതാര്യതയും അന്യംനിന്ന് പോയിരിക്കുന്നു.

പ്രകാശം പ്രസരിപ്പിക്കുവാനും ജീവ൯ പകര്‍ന്നു നല്‍കുവാനും വിളിക്കപെട്ട സമ൪പ്പിത൪ സുവിശേഷവല്‍കരണത്തിന്‍റെ ആനന്ദം തങ്ങളില്‍ നിന്ന് അപഹരിക്കപെടാ൯ ഒരിക്കലും അനുവദിക്കരുതെന്ന് അപ്പസ്തോലിക ലേഖനത്തിലുടനീളം ഫ്രാന്‍സിസ് പാപ്പ  ആഹ്വാനം ചെയ്യുന്നു. സമകാലിക ലോകം നേരിടുന്ന വെല്ലുവിളികളെകുറിച്ച്  ഏറെ ഉത്കണ്ഠപെടുന്ന പാപ്പ കാലത്തിന്‍റെ അടയാളങ്ങളെ നിതാന്ത ജാഗ്രതയോടുകൂടി പരിശോധിയ്ക്കാ൯ നമ്മെ ആഹ്വാനം ചെയ്യുന്നു. ജനങ്ങളുടെ ക്ഷേമം, മെച്ചപ്പെടുത്തിയ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, തുടങ്ങിയ മേഖലകളെ പരിശുദ്ധപിതാവ്  ക്രിയാത്മകമായും അനുകൂലമായും വിലയിരുത്തുന്നുണ്ട്. സമ്പന്നരെന്നു  പറയുന്ന നിരവധി ആളുകളുടെ ഹൃദയങ്ങളില്‍പോലും ഭയവും നിരാശയും പിടിമുറുകുന്നതിനെകുറിച്ചു നാം ചിന്തിയ്ക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ സന്തോഷം മാഞ്ഞുപോവുകയും അന്യരോടുള്ള ആദരവിന്‍റെ അഭാവവും അക്രമവും വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നതു സര്‍വ്വസാധാരണമായി തീര്‍ന്നുകൊണ്ടിരിക്കുന്നു.

മനുഷ്യ൪ തന്നെയും ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കപെടേണ്ട ഉപഭോഗസാധന ങ്ങളായി പരിഗണിക്കപെടുന്നു എന്ന് മാര്‍പ്പാപ്പ പരിതപിക്കുന്നു. ഇത്തരത്തിലുള്ള ഒരു വലിച്ചെറിയല്‍ സംസ്കാരം സന്യാസ ഭവനങ്ങളിലും വന്നിട്ടില്ലേ? എസ്.ഡി സഭയുടെ സ്ഥാപക൯ ദൈവദാസ൯ വ൪ഗ്ഗീസ് പയ്യപ്പിള്ളിയച്ച൯ തന്‍റെ ആത്മീയ മക്കളോടു പറയുന്നു “ ഏന്‍റെ മക്കളെ പാവങ്ങള്‍ക്കു നാം ചെയ്തു കൊടുക്കുന്ന ഓരോ നിസ്സാര കാര്യവും ഈശോക്കാണ് നാം ചെയ്യുന്നത്‌.”

ബ്രഹ്മചാരി ഒരു മിസ്റ്റിക് ആണ്. ബ്രഹ്മചര്യജീവിതം ആരെയും നിര്‍വ്വികാരനാക്കുന്നില്ല. പ്രലോഭനങ്ങള്‍ ഉണ്ടെന്നുള്ളതു  തന്നെ ദൈവവിളിയുടെ വലിയ അടയാളമാണ്. ഇതു സ്നേഹബന്ധങ്ങളുടെ ഒഴിവാക്കലല്ല, തീക്ഷണതയോടെയുള്ള ബന്ധം രൂപികരിക്കലാണ്.

ദുശ്ശാഠൃങ്ങള്‍ ഏല്പിക്കുന്ന മുറിവുകള്‍ ആഴമേറിയതാണ്. കാട്ടിലെ ക്രൂരമൃഗത്തേ ക്കാള്‍ ക്രൂരമാണ് മുറിവേറ്റ മനുഷ്യ൯. സ്നേഹബന്ധത്തില്‍ വിള്ളല്‍വീണാല്‍ പിന്നീടുണ്ടാകുന്ന ചെറിയ സഹനം പോലും അസഹ്യമായിതീരും. പരാതിയും കുറ്റപെടുത്തലും ഏറ്റുമുട്ടലും പിന്തുടരാ൯ പിന്നെയധികം സമയം വേണ്ട.

“ദൈവം തന്‍റെ പുത്രന്‍റെ കുരിശു നമ്മുടെ മേല്‍ വയ്ക്കുമ്പോള്‍ അവിടുന്നു നമ്മെ ഏറ്റവും സമീപിച്ചിരിക്കുന്നുവെന്ന് നാം ഗ്രഹിച്ചിരിക്കണം. കുരിശില്‍ നിന്നും ഒരദ്ധ്യാപകനാകാനുള്ള അറിവും ഒരു മിഷനറിയാകാനുള്ള തീക്ഷണതയും ഒരു രക്തസാക്ഷിയാകാനുള്ള ധൈര്യവും നമുക്കു ലഭിക്കുന്നു”. എം.എസ്.ജെ സഭയുടെ സ്ഥാപകന്‍ ദൈവദാസ൯ ജോസഫ് പഞ്ഞിക്കാര൯ തന്‍റെ ആത്മീയ മക്കളെ ഉത്ബോധിപ്പിക്കുന്നതാണിത്‌. ഈ വാക്കുകളില്‍ നിന്ന് ഒരു സന്യാസി ദൈവകരങ്ങളിലെ എത്രയോ വഴക്കമുള്ള ഉപകരണമായിരിക്കണമെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സന്യാസ ആശ്രമത്തിന്‍റെ വാതായനങ്ങളിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികൾ ദൈവികസാന്നിധ്യം വിളിച്ചോതുന്നു.  നിഴലും വെളിച്ചവും ഇടകലർത്തി വരയ്ക്കുന്ന മനോഹര ചിത്രങ്ങൾ വീണ ഇടനാഴികളിലൂടെ കയ്യിൽ ജപമാലയും അധരങ്ങളിൽ സുകൃത ജപങ്ങളുമായി ധ്യാനാത്മകമായി നടന്നു നീങ്ങുന്ന സന്യാസിയുടെ മനസ് പ്രകാശിതമായ അനേകം കാഴ്ചകളുടെ വെള്ളിത്തിരയാണ്.

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലാണ് സഭയില്‍ ഏറ്റവും വലിയ പൊളിച്ചെഴുത്ത് നടത്തിയത്. വിശ്വാസികളും അവിശ്വാസികളും ക്രിസ്തുവിനെ ദര്‍ശിക്കതക്കവിധത്തില്‍ സന്യാസികള്‍ ജാഗരൂകരായിരിക്കണം എന്ന് വത്തിക്കാ൯ കൌണ്‍സിലിന്‍റെ സമര്‍പ്പിതജീവിതത്തെ പറ്റിപറയുന്ന ഭാഗം അനുശാസിക്കുന്നു. ഇതു കാലാനു വ൪ത്തിയായ ഒരു  ദൗത്യമാണ്. ഇതിനു പുരാതനമെന്നോ, നവീനമെന്നോ വ്യത്യാസമില്ല. ഇതില്‍ ക്രിസ്തുവിനെ കാണിച്ചു കൊടുക്കേണ്ട മാര്‍ഗ്ഗങ്ങളില്‍മാത്രമേ വ്യത്യാസമുള്ളൂ. എല്ലാ കാലഘട്ടങ്ങളിലും ദൗത്യം ഒന്നേയുള്ളൂ അതാതു കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കി അനുവര്‍ത്തിക്കേണ്ടതാണ് ഇതിന്‍റെ  മാര്‍ഗ്ഗങ്ങള്‍. അങ്ങനെയെങ്കില്‍ സന്യാസജീവിതത്തെ പ്രസക്തമാക്കുന്നത് ഈ ഒരു കാര്യം മാത്രമാണ്. ക്രിസ്തുവിനെ അവതരിപ്പിക്കുകയെന്നത് ക്രിസ്തു നല്‍കിയ സനാതനമായ സുവിശേഷം പ്രാവര്‍ത്തികമാക്കുകയെന്നതാണ്. സന്യാസി സ്വന്തം ജീവിതത്തില്‍ ഇതു സാര്‍ത്ഥകമാക്കുക എന്നതാണ് ഇതില്‍ പരമപ്രധാനം. അവിടെയാണ് ക്രിസ്തുവിനെ ദ൪ശന യോഗ്യമാകതക്ക വിധത്തിലുള്ള ജാഗരൂകത ഇന്നത്തെ സന്യാസികളില്‍ ഉണരേണ്ടത്.

കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുക, സമൂഹം തങ്ങളില്‍നിന്നു എന്ത് പ്രതീക്ഷിക്കുന്നു എന്നു  തിരിച്ചറിയുക, സ്വന്തം കുടുംബങ്ങ ളിലെ നഷ്ടങ്ങള്‍  എന്നതുപോലെ ലോകത്തിന്‍റെ മുഴുവ൯ വേദനയെ തിരിച്ചറിയുക, സാമൂഹ്യ ദ്രോഹികളുടെ ഗൂഢ തന്ത്രങ്ങളില്‍നിന്ന് ദൈവജനത്തെ പ്രാര്‍ത്ഥനകൊണ്ടും പരിഹാരം കൊണ്ടും രക്ഷിക്കുക ഇവയെല്ലാം ഇന്നിന്‍റെ പ്രധാനപെട്ട ആവശ്യങ്ങളാണ്.

ബന്ധങ്ങളുടെകണ്ണികള്‍ അറ്റുപോയ്കൊണ്ടിരിക്കുന്നു എന്നതു ഇന്നത്തെ സന്യാസ ത്തേയും ബാധിച്ചിരിക്കുന്നു എന്ന നഗ്നസത്യം തന്നെ. പൊതുവായി  കരുതാവുന്ന വയെല്ലാം സ്വരുക്കൂട്ടിവയ്ക്കാനും, സ്വന്തമാക്കാനുമുള്ള ഇന്നത്തെ കാലത്തിന്‍റെ വ്യ ഗ്രത സമര്‍പ്പിതഹൃദയത്തിന്‍റെയും വ്രണമായിമാറിയിരിക്കുന്നു. ഒപ്പം ഉപഭോഗ സംസ്കാരം (consumerism), താന്‍പോരിമ (individualism), ഭൌതികത (materialism), ഇവ മൂന്നും മനുഷ്യന്‍റെ തലച്ചോറില്‍ വിഷം വമിപ്പിക്കുന്നു. സന്യാസം തികച്ചും ഇവ മൂന്നിനും എതിരായ ഒരു നീന്തലാണ്. ക്രിസ്തുവിന്‍റെ മുഖം പ്രകാശിപ്പിക്കാനുള്ള നീന്തല്‍….

സമര്‍പ്പിതഹൃദയങ്ങളില്‍ അതിനുള്ള കര്‍മ്മകാണ്ഡം തീര്‍ക്കുവാനുള്ള ഏറ്റവും മഹത്തായ രീതിയാണ് പൂ൪ണ്ണമായ സന്യാസ സമര്‍പ്പണജീവിതം.  സന്യാസിയെ ദൈവമെടുത്തുയര്‍ത്തിയാലെ അവന്‍റെ ജീവിതം മഹത്തരമാകൂ. അതുകൊണ്ടുതന്നെ നമുക്കു പറയാനാകും സമര്‍പ്പണമെന്നത് ദൈവം ഒരുവനെ പേരുചൊല്ലി വിളിച്ചു എടുത്തുയര്‍ത്തി വിഭജിച്ച് മനുഷ്യവംശത്തിനു വേണ്ടി നല്‍കുന്ന വിലയേറിയ പ്രക്രിയയാണ്. എന്നിരുന്നാലും ജീവിതപാതയില്‍ സമര്‍പ്പിതരുടെ പാദങ്ങള്‍ ചിലപ്പോഴെങ്കിലും ഇടറിയേക്കാം. ദൈവത്തോടു പറയാ൯ വാക്കുകളും, ദൈവത്തെ കേള്‍ക്കാ൯ നിശബ്ദതയും, ദൈവത്തെ സേവിക്കാ൯ ആഗ്രഹവും, ദൈവത്തെകൊടുക്കാ൯ സന്മനസ്സുംഇല്ലാതെ പോയാല്‍ അര്‍ത്ഥമില്ലാത്ത സമ൪പ്പിത ജീവിതം അസംതൃപ്തജീവിതത്തിന്‍റെ തേങ്ങലായി പര്യവസാനിക്കും.

ദൈവത്തോടൊപ്പം ഇരിക്കാന്‍ സമര്‍പ്പിതര്‍ക്കിന്നു സമയമുണ്ടോ? അവന്‍റെ വിലാവില്‍ സ്പ൪ശിച്ച് അവന്‍റെ നൊമ്പരം തൊട്ടറിയാ൯ സമ൪പ്പിതന് ഇന്നു ഹൃദയമുണ്ടോ? അവന്‍റെ കണ്ണുനീ൪ തുടക്കാ൯ സമ൪പ്പിച്ചവന് കൈകളുണ്ടോ? അവിടുത്തോടു സകലതും ചോദിച്ചു ചെയ്യാ൯ സമ൪പ്പിതന്‍റെ യുക്തി ഭക്തിയാകുമോ? ദൈവികകാര്യങ്ങള്‍ അവനില്‍ നിസ്സാരമായി കടന്നുപോകുന്നു! ഈ തിരക്കും ഓട്ടവും തന്നെയാണ് അവന്‍റെ പതനകാരണവും.

ദൈവവിളി നന്നായി വളരണം എന്നുണ്ടെങ്കിൽ കുടുംബവും സമൂഹവും സഭയും അതിനെ നന്നായി പരിപോഷിപ്പിക്കേണ്ടതുണ്ട്, ദൈവസാന്നിധ്യത്തിന്‍റെ അടയാളങ്ങള്‍ ദൃഷ്ടിപഥത്തില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ദൈവ സാന്നിദ്ധൃത്തിന്‍റെ അടയാളങ്ങളാകുവാനാണ് ഒരു സമര്‍പ്പിത വിളിക്കപെട്ടിരിക്കുന്നത് (VC.72)

സന്ന്യാസജീവിത നവീകരണത്തെക്കുറിച്ചുള്ള ഡിക്രി സന്ന്യാസികളെ ഓര്‍മിപ്പിക്കുന്നുണ്ട്. സമര്‍പ്പിത൪ എല്ലാവരും ഒരു കാര്യം ഓര്‍ത്തിരിക്കട്ടെ. “സഭയുടെ ഒന്നാംതരം സാക്ഷിപത്രവും സന്ന്യാസജിവിതത്തിലേയ്ക്കുള്ള ക്ഷണക്കത്തും അവരുടെ ജീവിത മാത്യക തന്നെയാണ്” (PC No. 24/3).

അസംതൃപ്തരും വിഷാദസ്വഭാവക്കാരുമായ സമര്‍പ്പിത൪  സമര്‍പ്പിത ജീവിതത്തെ അനാകര്‍ഷകമാക്കുന്നു. ഇങ്ങനെയുള്ളവ൪ സമര്‍പ്പിതജീവിതത്തിലേയ്ക്ക് മറ്റാരെയും ക്ഷണിക്കുന്നില്ല, എന്നുമാത്രമല്ല, ചിലപ്പോള്‍ നിരുല്‍സാഹപെടുത്തുകയും ചെയ്യും. വ്യക്തികള്‍ അവരുടെ ദൈവവിളിയെ സന്തോഷമുള്ള ഒരു ജീവിതംകൊണ്ടു സാക്ഷ്യം നല്‍കേണ്ടിയിരിക്കേ സ്ഥാപനങ്ങള്‍ നടത്തി കൊണ്ടുപോവുന്ന വ്യഗ്രതയില്‍ വിളി മറന്നുപോകുന്നതു അതിദയനീയംതന്നെ. മാത്രമല്ല വരുംതലമുറയ്ക്കൊരു എതി൪സാക്ഷ്യം എന്നതില്‍ യാതൊരു സംശയവുമില്ല. ഇതു കുട്ടികളെയും യുവജനങ്ങളെയും ദൈവവിളി പുണരുന്നതില്‍ നിരുല്‍സാഹപ്പെടുത്തും. ആദര്‍ശ ങ്ങളെ കുറിച്ചുള്ള പ്രസംഗമല്ല, ആദര്‍ശം പ്രാവ൪ത്തികമാക്കുന്ന ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്‌. സ്ഥാപനങ്ങള്‍ ആവശ്യമാണ്. ഒപ്പം പ്രാ൪ത്ഥനയും. പ്രാ൪ത്ഥനയിലൂന്നിയ ധാരാളം പ്രവര്‍ത്തനങ്ങളും ലോകത്തിനു നല്‍കിയ പുണൃാത്മാക്കള്‍ നമുക്കു മാതൃകയാകട്ടെ.

ഹെന്‍ട്രി ന്യൂമാ൯ മനുഷ്യകുലത്തെ മുഴുവന്‍ ഓ൪മ്മിപ്പിക്കുന്ന ഒന്നുണ്ട് ”നമ്മളാരും നമ്മുടെ ജീവിതം അന്ത്യത്തിലേക്കടുത്തുകൊണ്ടിരിക്കുന്നു എന്നോര്‍ത്ത് ആകുലപെടേണ്ട. നമ്മുടെ ജീവിതത്തിനു ഒരു ആരംഭമുണ്ടാകാതെ പോയിട്ടുണ്ടങ്കില്‍ അതോര്‍ത്തു ആകുലപെട്ടെ മതിയാകൂ”. സന്യാസിയുടെയും, സന്യാസജീവിതത്തിന്‍റെയും കാലം കഴിഞ്ഞു എന്ന് ഓളിയിടുന്ന, പരക്കെ പ്രഖ്യാപിച്ചു നടക്കുന്ന വ്യാജപ്രവാചകന്‍മാ൪ക്കു തെറ്റുപറ്റി. ദൈവം തെരെഞ്ഞെടുത്ത നല്ലസമറായനാണ് സമര്‍പ്പിത൯. അവന്‍റെ പ്രവര്‍ത്തികള്‍ അന്ന് എന്നപോലെ ഇന്നും പ്രശംസനീയം തന്നെ.

കര്‍ത്താവുപറഞ്ഞ ദൂരപരിസ്ഥിതിയില്‍ സന്യാസത്തിന്‍റെ കര്‍മ്മപഥം നിശ്ചയിക്കേണ്ടത് ജറുസലേമിനും ജറീക്കൊയ്ക്കും ഇടയിലാണ്. ഇവിടെ പരിക്കുകള്‍ക്ക് വ്യത്യാസമുണ്ട്. ശരീരത്തിന്‍റെ കരുത്തിനുള്ളില്‍ പരിക്കേറ്റവനെ തപ്പിയാല്‍ ഒരുപക്ഷെ പരിക്കു കാണണമെന്നില്ല. മറിച്ച് അവന്‍റെ ആത്മാവിനോ മനസ്സിനോ ക്ഷതമേറ്റിട്ടുണ്ടോ എന്നുള്ളത് നിഗൂഢതയില്‍ ഉറങ്ങുന്ന ഒരു സത്യമാണ്. ഇവിടെ ചെയ്തികള്‍ക്കു വ്യത്യാസമൊന്നുമില്ല. പരികര്‍മ്മിയുടെ മനോഭാവത്തിനും വ്യത്യാസമൊന്നും വരുത്തേണ്ടതില്ല. ശുശ്രൂഷകന്‍റെ മനോഭാവത്തിന്‍റെ അന്തസ:ത്തയറിയാ൯ സന്യാസത്തിന്‍റെ ദൈവശാസത്രം മുഴുവ൯ വിശകലനം ചെയ്യേണ്ട ആവശ്യവുമില്ല. ദൈവശാസ്ത്രത്തെക്കാള് ഉപരിയായി ശിഷ്യന്‍റെ ദൈവോന്മുഖതയും ദൈവികതയും നിര്‍വചിക്കപെടുന്നത് ജറുസലേമിനും ജറീക്കോയ്ക്കും ഇടയിലുള്ള പാതയില്‍ തന്നെയാണ്. കാരണം ദൈവപുത്ര൯ തന്‍റെ വചനത്തില്‍ കുറിച്ചു. “ഞാ൯ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു”…..

യഹൂദനുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന, സമറായ൯ അവ൯ ആരും അല്ലാതിരുന്ന, “അപരന്‍” മാത്രമായിരുന്ന സമരിയാകാര൯ സമര്‍പ്പിതനായതിന്‍റെ ചരി ത്രമുറങ്ങുന്നതു ജറീക്കൊയിലേയ്ക്കുള്ള പാതയില്‍വച്ചാണ്. താന്‍ സ്വന്തമെന്നു കരു തിയ സമയവും, ബന്ധങ്ങളും, ശത്രുതാമനോഭാവവും, വേണ്ടന്നു വയ്ക്കുന്നത്‌ സമ രിയാക്കാരന്‍റെ ഔന്നത്യത്തിന്‍റെ അടയാളമാണ്. അവന്‍റെ മൂല്യങ്ങളുടെ ഔന്നത്യം ദൈവപുത്രന്‍റെ മനസ്സിലൊരു കഥയായി ചേക്കേറിയതുകൊണ്ടാണ് യുഗയുഗാ ന്തരങ്ങളായി നല്ലസമരിയാക്കാരന്‍റെ പ്രവര്‍ത്തികളിന്നും നമ്മുടെ സ്മൃതിപഥത്തില്‍ എത്തുന്നത്‌. അത്  യേശുവിന്‍റെ ശിഷ്യ൯ പറഞ്ഞിരുന്നുവെങ്കില്‍  സമരിയാക്കാര൯ എന്ന വാക്കിനു ഇത്രയും തീക്ഷ്ണത ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ദൈവാനുഭവമുള്ളവ൪ പറയുന്നത് മനുഷ്യന്‍റെ സത്പ്രവര്‍ത്തികള്‍ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മനസ്സില്‍ കുറിച്ചിടുമ്പോഴാണ് മനുഷ്യജന്മം സാര്‍ത്ഥമാകുന്നതെന്ന്. മനുഷ്യപ്രവര്‍ത്തികള്‍ മനുഷ്യ൯തന്നെ പ്രഘോഷിക്കുമ്പോള്‍ അതിനു വലിയ അര്‍ത്ഥമൊന്നുമില്ല. എന്നാലവന്‍റെ സല്‍പ്രവര്‍ത്തികള്‍ ദൈവത്തിന്‍റെ അധരങ്ങ ളില്‍നിന്നു പൊഴിയുമ്പോഴാണ്‌ രക്ഷസാധ്യമാകുന്നത്.

ബൈബിള്‍ പ്രതിപാദിക്കുന്ന നിഷ്കാമകര്‍മ്മിയായ സമരിയാക്കാരനും, ഒരു സമര്‍പ്പിതയുടെ ധ്യാനോന്മുഖതയും കര്‍മ്മോന്മുഖതയും സമുന്നയിപ്പിച്ച ലാസറിന്‍റെ സഹോദരിമാരും, ക്രിസ്തുവിനെ ഒരിക്കലും വിട്ടുപിരിയാതിരുന്ന മഗ്ദലേനമറിയവും, അവിടുത്തെ ഒരുവാക്കില്‍  എല്ലാം ഉണ്ടാകും എന്ന് വിശ്വസിച്ച ശതാധിപനും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമര്‍പ്പിതയിലേയ്ക്കു സന്നിവേശിക്കപെട്ടാലേ ക്രിസ്തുവിന്‍റെ ഉള്ളില്‍ നിറഞ്ഞുവികസിതമായ വചനങ്ങള്‍ അര്‍ത്ഥവത്താകൂ. “ഞാന്‍ പരദേശിയായിരുന്നു…(Mt.25:44)”. എന്നാല്‍ ദു:ഖിപ്പിക്കുന്ന ഒരു സത്യമുണ്ട്. സന്യാസി ഇന്നു സത്രം സൂക്ഷിപ്പുകാരനോ? അതോ  സന്യാസിയുടെ ഹൃദയം  ഇപ്പോള്‍ സത്രം സൂക്ഷിപ്പുകാരന്‍റെ മനോഭാവത്തിലേയ്ക്ക് ചേക്കേറിയിരിക്കുന്നുവോ? അവന്‍റെ ശുശ്രൂഷയ്ക്കിന്നു ദനാറയുടെ മോഹമുണ്ടോ?

വി.അമ്മത്രേസ്യായുടെ വാക്കുകള്‍ ഇപ്രകാരമാണ് ”നിങ്ങളുടെ ആത്മീയ മണവാളനില്‍ കണ്ണുകള്‍ അര്‍പ്പിക്കുക അവിടുന്നാണ് നിങ്ങളെ സംരക്ഷിക്കേണ്ടത്. അവിടുന്നു നിങ്ങളില്‍ പ്രസാദിക്കുമെങ്കില്‍ നിങ്ങളോടു സ്നേഹമില്ലാത്തവ൪ പോലും സ്വമനസ്സിനുവിരുദ്ധമായി നിങ്ങള്ക്ക് ആഹാരം തരുമെന്ന് അനുഭവംകൊണ്ടു നിങ്ങള്‍ അറിയും.”

പലതും സമ൪പ്പിതരുടെ പോരായ്മയായി നിലനില്ക്കുമ്പോഴും അവരനുഭവിക്കുന്ന മൗന നോമ്പരങ്ങളുടെ പട്ടിക എണ്ണി തീ൪ക്കാനാവുന്നതല്ല. പ്രഥമദിവ്യകാരുണൃ സ്വീകരണം നമ്മുടെ സന്യാസിനികള്‍ ഇടവകയില്‍ രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ദിവസങ്ങളാണ്. പക്ഷേ അവരുടെ കഷ്ടപാടുകള്‍ പ്രശംസിക്കപെടുന്നുണ്ടോ എന്ന് സംശയം? അള്‍ത്താര അലങ്കരിച്ചും ദേവാലയം ശുചിയാക്കിയും ലേവായ ശുശ്രൂഷചെയ്യുന്ന ആ പാവപ്പെട്ടവരെ എത്ര വേഗം മറന്നുകളയാ൯ സാമൂഹത്തിനാകും! ചെയ്തതെല്ലാം പാഴ്വേലയായിരുന്നോ എന്ന് മനസ്സാ പഴിക്കുമ്പോള്‍ അവ൯ അവ൪ക്കു മുന്‍പില്‍ പ്രത്യക്ഷനാകും: പിന്നീടവ൯ അവരെ ഒട്ടിയവയറുകളുടെ വിശപ്പും, കുഴിഞ്ഞ കണ്ണുകളിലെ ദാഹവും, മുറിവേറ്റ ഹൃദയങ്ങളുടെ നൊമ്പരവും, നഗ്നമാക്കപ്പെട്ട മനസ്സുകളുടെ ലജ്ജയും ബന്ധനത്തിലായ ആത്മാക്കളുടെ നിസ്സഹായതയും കാണിച്ചുകൊടുക്കും. എന്നിട്ടവ൯ അവരോടു ചോദിക്കും. “നിങ്ങള്‍  ഇവ൪ക്കെല്ലാം  അപ്പമാകില്ലെ?”

”വാതിലുകള്‍ മല൪ക്കെ തുറന്ന നിത്യപിതാവിന്‍റെ ഭവനമാകുവാ൯ സഭ വിളിക്കപെടുന്നു” എന്ന ഫ്രാന്‍സിസ് പപ്പയുടെ ഈ പ്രസ്താവന ലോകത്തെ ഉണ൪ത്തുവാ൯ സമ൪പ്പിതരായ നമുക്ക് പ്രചോദനമാകട്ടെ. ഈ സമര്‍പ്പിതോത്സവം ഏറ്റവും കമനീയമാകുന്നത് ആത്മാ൪ത്ഥയുടെയും, ദൃഡനിശ്ചയത്തിന്‍റെയും, സമ്പൂര്‍ണ്ണ സമ൪പ്പണത്തിന്‍റെയും, ആഘോഷങ്ങളാലാണ്. ഭക്തിയുടെ നിറവില്‍, സ്നേഹത്തിന്‍റെ തികവില്‍, പ്രാ൪ത്ഥനയുടെ പൂ൪ണ്ണതയില്‍ നമുക്കു ഉത്തരം കൊടുക്കാം. ഇതാ ഞാ൯ എന്നെ കൈകളിലെടുത്തു വാഴ്ത്തി മുറിച്ചു  ഇവ൪ക്കെല്ലാം അപ്പമായി അങ്ങു വിളമ്പിയാലും. അങ്ങനെ നമുക്കു മനുഷ്യന്‍റെ വിശപ്പിനുള്ള അപ്പമാകാം. ഇനി ആ൪ക്കും വിശക്കാതിരിക്കട്ടെ. കാരണം ക്രിസ്തു നമ്മില്‍ ജീവിക്കുന്നു.!!!

സിസ്റ്റര്‍ ജിനു എം എസ് ജെ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.