വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുകയെന്ന പ്രത്യേക സമ്മാനം ലഭിക്കുന്നതെങ്ങനെ

“പന്തക്കുസ്‌താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന്‌ ആകാശത്തുനിന്നുണ്ടായി.

അത്‌ അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു. ആത്‌മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1-4)”.

പരിശുദ്ധാത്മാവിന്റെ കടന്നുവരവോടെ ശ്ലീഹന്മാർ വിവിധ ഭാഷകളിൽ സംസാരിക്കുകയുണ്ടായി. വിവിധ ഭാഷകൾ സംസാരിക്കുന്നവരായിരുന്നിട്ടും ഓരോരുത്തരും താന്താങ്ങളുടെ ഭാഷകളിൽ ശ്ലീഹന്മാരുടെ പ്രസംഗങ്ങൾ കേട്ടു. അതിന് ശേഷവും പിന്നീട് ഇന്നുവരെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ സഭയിൽ ക്രൈസ്തവരിൽ പലർക്കും ഇന്നും ഭാഷാവരം ലഭിച്ചുകൊണ്ടാണിരിക്കുന്നത്. അപരിചിതമായ ഭാഷകളിൽ സംസാരിക്കാൻ പലർക്കും പരിശുദ്ധാത്മാവ് കൃപ നൽകുന്നു.

പരിശുദ്ധാത്മാവ് നൽകുന്ന പ്രത്യേക ഊര്‍ജ്ജമെന്നാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഈ അത്ഭുത സമ്മാനത്തെ വിശേഷിപ്പിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ വിൻസെന്റ് ഫെറർ എന്നിവർ താന്താങ്ങളുടേതല്ലാത്ത ഭാഷകളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നവരാണ്.

ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്നതിനുവേണ്ടി ദൈവം പ്രത്യേകമായി നൽകുന്ന വരമാണ് ഇത്. സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ ഈ വരം പ്രത്യേകമായി ചൊരിയപ്പെടുന്നുണ്ട്. എന്നാൽ വ്യത്യസ്ത ഭാഷകളിൽ പ്രാർത്ഥിക്കാനുള്ള വരവും വ്യത്യസ്ത ഭാഷകളിൽ സുവിശേഷം പ്രസംഗിക്കാനുള്ള വരവും രണ്ടാണ്. വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാനുള്ള കഴിവ് ചുരുക്കം ആളുകൾക്കേ ലഭിച്ചിട്ടുള്ളു.

വിശുദ്ധ പൗലോസ് ശ്ലീഹാ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്‌മാവ്‌ ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ്‌ ഒന്നുതന്നെ.

പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്‌മാവുവെളിപ്പെടുന്നത്‌ പൊതുനന്‍മയ്‌ക്കുവേണ്ടിയാണ്‌.

ഒരേ ആത്‌മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍െറ വചനവും മറ്റൊരാള്‍ക്കു ജ്‌ഞാനത്തിന്‍െറ വചനവും നല്‍കുന്നു. ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.

ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു. (1 കോറിന്തോസ്‌ 12 : 4-10) “.

ചുരുക്കിപ്പറഞ്ഞാൽ തുറന്ന ഹൃദയത്തോടെ സ്വീകരിച്ച് ദൈവം നൽകിയ പ്രത്യേക ദൗത്യം ഏറ്റെടുക്കുകയാണ് ഈ പ്രത്യേക വരം ലഭിച്ചവരുടെ കർത്തവ്യം.