മാർപാപ്പാ പാദത്തിൽ ചുംബിച്ചപ്പോൾ ഭയന്നു പോയെന്ന് സൗത്ത് സുഡാൻ പ്രസിഡന്റ്

അന്ന് അപ്രതീക്ഷിതമായി ഫ്രാൻസിസ് മാർപാപ്പ പാദത്തിൽ ചുംബിച്ചപ്പോൾ താൻ ഭയന്നു പോയതായി സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കീർ മയാദിത്ത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ആ അത്യപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ച് അനുസ്മരിച്ചത്.

ഒരു മാസം മുമ്പ് സൗത്ത് സുഡാനിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാനിൽ പാപ്പാ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പരിശുദ്ധ പിതാവ് നോർത്ത്, സൗത്ത് സുഡാൻ നേതാക്കളുടെ പാദങ്ങൾ ചുംബിച്ചത്.

“പാപ്പാ പാദത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഞെട്ടിവിറച്ചു പോയി. ജനങ്ങളുടെ ജീവൻ വച്ച് കളിക്കുമ്പോൾ ചിലപ്പോൾ അതൊരു അനുഗ്രഹവും ചിലപ്പോൾ ശാപവുമായി മാറാം എന്ന് ഞാൻ മനസിലാക്കി.” പ്രസിഡന്റ് സാൽവ കീർ മയാദിത്ത് പറഞ്ഞു.

ശത്രുക്കളോട് താൻ ക്ഷമിച്ചതായും തന്നെ എതിര്‍ക്കുന്നവരെ ചേർത്തുനിർത്താൻ പരിശ്രമിക്കുന്നതായും രാജ്യത്തെ സുസ്ഥിതിയിലും സമാധാനത്തിലും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.