മകൻ പുരോഹിതൻ, പിതാവ് ഡീക്കൻ; ധന്യമീ ജീവിതം

ഫാ. എറിക് സെയ്‌റ്റ്‌സ് 2020 ആഗസ്റ്റ് എട്ടിനാണ് പൗരോഹിത്യം സ്വീകരിച്ചത്. രണ്ടു മാസത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവ് ബെൻ ഡീക്കൻ പട്ടം സ്വീകരിച്ചു. നോർത്ത് ഡക്കോട്ടയിലെ ഇവാഞ്ചലിസ്റ്റ് ദൈവാലയത്തിലെ വികാരിയായിരിക്കുന്ന ഫാ. എറിക്, തന്റെയും തന്റെ പിതാവിന്റെയും ദൈവവിളിയെക്കുറിച്ച് സംസാരിക്കുകയാണ്.

വളരെ നാളുകൾക്കു മുൻപ് എറിക് നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഡീക്കനാകുന്നതിനെപ്പറ്റി പിതാവ് സംസാരിക്കുന്നത് ആദ്യമായി കേൾക്കുന്നത്. ആ ആഗ്രഹമാണ് വർഷങ്ങൾക്കു ശേഷം ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. “ഒരു ക്രൈസ്തവന്റെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ എന്റെ പിതാവാണ് എന്റെ വിശ്വാസത്തിന് അടിത്തറ നൽകിയത്. അദ്ദേഹത്തിന്റെ മാതൃകയായിരുന്നു എന്റെ വിശ്വാസത്തിനാധാരം. ഈ ആധുനിക യുഗത്തിൽ വിശ്വാസം എത്രയോ ഗൗരവമുള്ള ഒന്നാണെന്ന് എന്നെ മനസ്സിലാക്കാൻ സഹായിച്ചത് അദ്ദേഹമാണ്” – ഫാ. എറിക് പറയുന്നു.

വാഹ്പെറ്റോൺ ഇടവകയിലാണ് ഫാ. എറിക്ക് ഇപ്പോൾ സേവനം ചെയ്യുന്നത്. ഡീക്കൻ ബെൻ ആകട്ടെ ഏകദേശം 50 മൈൽ ദൂരത്തിലുള്ള ഫാർഗോയിലെ സെന്റ് അന്നയുടെയും ജോവാക്കിമിന്റെയും ദൈവാലയത്തിലുമാണ്.

മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചിരുന്ന എറിക്കിന്റെ പിതാവ് തികഞ്ഞ വിശ്വാസിയായിരുന്നു. അതിനാൽ തന്നെ തന്റെ മകനെ കത്തോലിക്കാ സ്‌കൂളുകളിൽ തന്നെ പഠിപ്പിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എറിക്ക് ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഒരു പുരോഹിതനാകണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. “ഞാൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഒരുപാട് പേർ, ഞാൻ ഒരു വൈദികനായി കാണുവാൻ ആഗ്രഹിക്കുന്നു എന്ന് എന്നോട് പറയാനാരംഭിച്ചു” – ഈ വൈദികൻ കൂട്ടിച്ചേർത്തു. അങ്ങനെ ഹൈസ്‌കൂൾ പഠനത്തിനു ശേഷം എറിക്ക് സെമിനാരിയിൽ പ്രവേശിച്ചു. പൗരോഹിത്യത്തിലേക്കുള്ള വിളിയിൽ എറിക്ക് തെല്ലിട സംശയിച്ചെങ്കിലും തന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ദൈവം തന്നെ വിളിക്കുന്നുവെന്നും ദൈവത്തിന് തന്നെക്കൊണ്ട് വലിയ ആവശ്യമുണ്ടെന്നും തോന്നിത്തുടങ്ങി. അതു തന്നെയായിരുന്നു യഥാർത്ഥത്തിൽ എറിക്ക് ആഗ്രഹിച്ചതും. എന്നാൽ പരിശീലന കാലയളവിൽ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് എറിക്കിനുണ്ടായി, “ദൈവത്തിന് നമ്മെ ആവശ്യമുണ്ടെന്നതിലുപരി ഞാൻ ചെയ്യാനാഗ്രഹിച്ചത് അവിടുത്തേക്ക് വേണ്ടി ചെയ്യുക. അത് എന്റെ ആത്മാവിന്റെ ആഗ്രഹമായിരുന്നു” – എന്നതായിരുന്നു അത്.

എറിക്ക് നാലാം ക്ലാസിൽ പഠിക്കുമ്പോൾ, ഡീക്കൻ ആകുക എന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹം അന്ന് നടന്നിരുന്നില്ല. കാരണം മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ അവിടുത്തെ നിയമങ്ങൾ അതിന് അനുവദിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നു. പിന്നീട് വിരമിച്ചതിനു ശേഷം ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുകയും അഞ്ചു വർഷത്തെ പഠനത്തിനും ഒരുക്കത്തിനും ശേഷം ഡീക്കൻ പട്ടം സ്വീകരിക്കുകയും ചെയ്തു. തന്റെ മകന്റെയും ഭർത്താവിന്റെയും ദൈവവിളിക്ക് എല്ലാവിധ പ്രാർത്ഥനാസഹായവും പിന്തുണയും നൽകിക്കൊണ്ട് എറിക്കിന്റെ അമ്മയും കൂടെയുണ്ട്.

തങ്ങൾക്കു ലഭിച്ച വിളിയിൽ അങ്ങേയറ്റം സംതൃപ്തരാണ് ഇരുവരും. ദൈവത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വിളിയെ മനസ്സിലാക്കുകയും അത് സ്വീകരിക്കാൻ മനസ്സു കാണിക്കുകയും ചെയ്യണമെന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ പറയുന്നു.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.