
മകന് വിൽഫ്രഡ് ജോൺസൺ മാമ്മോദീസ സ്വീകരിച്ച വിവരം ഔദ്യോഗികമായി വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയമായ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് ജ്ഞാനസ്നാന ശുശ്രൂഷകള്‍ നടന്നത്. കത്തോലിക്കനായിരുന്നു എങ്കിലും പിന്നീട് ആംഗ്ലിക്കന്‍ സഭയില്‍ ചേര്‍ന്ന ബോറിസ് നാലു മാസം പ്രായമുള്ള തന്റെ മകനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്നാനപ്പെടുത്തിയതാണ് കത്തോലിക്കാരിൽ അത്ഭുതം ഉളവാക്കിയത്. സോഷ്യൽ മീഡിയ ഈ വാർത്ത ഏറ്റെടുത്തു കഴിഞ്ഞു.
വിൽഫ്രെഡിനെ സ്നാനപ്പെടുത്തിയ വൈദികന് കത്തീഡ്രലിന്റെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഫാ. ഡാനിയേൽ ഹംഫ്രീസാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ജോൺസന്റെ ആറാമത്തെ കുട്ടി ഏപ്രിൽ 29 -നാണ് ജനിച്ചത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ക്രിസ്തീയ വിശ്വാസത്തോട് ചേർന്നുനിൽക്കാത്ത തീരുമാനങ്ങൾ എടുക്കുന്നു എന്ന ആരോപണം അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് മകന്റെ മാമ്മോദീസ ശ്രദ്ധേയമാകുന്നത്. സെപ്റ്റംബർ 12 -നാണ് മാമ്മോദീസ നടന്നത്.