ദിവ്യകാരുണ്യ സന്ദർശനം പതിവാക്കാൻ ചില നിർദ്ദേശങ്ങൾ

ദിവ്യബലിയിൽ സംബന്ധിക്കുമ്പോഴല്ലാതെ പരിശുദ്ധ കുർബാനയെ സന്ദർശിക്കാൻ സമയം കണ്ടെത്താറുണ്ടോ? സക്രാരിയിലിരിക്കുന്ന യേശുവിനെ വിശ്വാസികൾക്ക് സന്ദർശിക്കാനായി നമ്മുടെ ദൈവാലയങ്ങൾ തുറന്നിടണമെന്ന് ഫ്രാൻസിസ് പാപ്പാ ഇപ്പോഴും നിർദ്ദേശിക്കാറുണ്ട്. ദിവ്യകാരുണ്യ സന്ദർശനം പതിവാക്കുന്നതിനായുള്ള ചില നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. സമയക്രമം പാലിക്കുക

നിങ്ങൾ ദൈവാലയത്തിനടുത്താണെങ്കിൽ, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്ത് ദൈവാലയമുണ്ടെങ്കിൽ ഒരു പ്രത്യേക സമയക്രമം പാലിച്ചുകൊണ്ട് നിങ്ങൾക്ക് വിശുദ്ധ കുർബാന സന്ദർശനം നടത്താം. ഒരുപാട് സമയമൊന്നും ദിവ്യകാരുണ്യ സന്നിധിയിൽ നിങ്ങൾക്ക് ചിലവഴിക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും നൈമിഷികമായ ആ സന്ദർശനം പോലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും.

നമ്മുടെ ദിവ്യകാരുണ്യ സന്ദർശനത്തെക്കുറിച്ച് വി. ജോൺ ബോസ്‌കോ പറയുന്നുണ്ട്: “നിങ്ങൾക്ക് എപ്പോഴും ദൈവാനുഗ്രഹം ആവശ്യമാണോ? എപ്പോഴും ദിവ്യകാരുണ്യ സന്ദർശനം നടത്തുക. വളരെ കുറച്ചു മാത്രം അനുഗ്രഹം മാത്രമാണോ നിങ്ങൾക്കാവശ്യമുള്ളത് ? എങ്കിൽ വല്ലപ്പോഴും മാത്രം അവിടുത്തെ സന്ദർശിക്കുക. നിങ്ങൾക്ക് തിന്മയുടെ ശക്തിയെ കീഴടക്കണമോ? എങ്കിൽ എപ്പോഴും അവിടുത്തെ തൃപ്പാദത്തിൽ അഭയം പ്രാപിക്കുക. നിങ്ങൾ ഒരിക്കലും അവിടുത്തെ സന്ദർശിക്കാൻ മറക്കാതിരിക്കുക. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്യാവശ്യമെന്നവണ്ണം ദിവ്യകാരുണ്യ സന്ദർശനം നടത്തുക.”

2. ലാളിത്യമുള്ള സന്ദർശനങ്ങൾ

നമ്മുടെ ദിവ്യകാരുണ്യ സന്ദർശനം ലാളിത്യമുള്ളതാക്കി മാറ്റുക. വലിയ വലിയ കാര്യങ്ങൾ പറയാതെ യേശുവിനൊപ്പം വെറുതെയൊന്ന് ഇരിക്കാനായി പോവുക. കണ്ണുകൾ കൊണ്ട് പരസ്പരം നോക്കിയിരിക്കുകയും അതുവഴി കലുഷിതമായ നമ്മുടെ മനസ്സിനെ ശാന്തമാക്കുന്ന ഒരു ഇടവേളയാക്കിയും മാറ്റുക ഈ ദിവ്യകാരുണ്യ സന്ദർശനങ്ങൾ.

3. ഡ്രൈവിങ്ങിനിടയിലെ ദിവ്യകാരുണ്യ സന്ദർശനം

യാത്രകളിലും സ്വയം വാഹനമോടിക്കുമ്പോഴും നാം ദൈവാലയങ്ങൾക്കു മുന്നിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാൽ പലപ്പോഴും തിരക്കുകൾ മൂലവും മറ്റു പല സാഹചര്യങ്ങൾ മൂലവും നമുക്ക് അവിടെ സന്ദർശിക്കുവാൻ സാധിക്കാറില്ല. അപ്പോൾ നാം ചെയ്യേണ്ട ലളിതമായ ഒരു കാര്യമുണ്ട്. നെറ്റിയിൽ കുരിശു വരച്ചുകൊണ്ടോ, ത്രീത്വസ്തുതി ചൊല്ലിക്കൊണ്ടോ ആ ദൈവാലയം നമുക്ക് കടന്നുപോകാം. അതിനോടൊപ്പം സക്രാരിയിലിരിക്കുന്ന യേശുവിനെ നമ്മുടെ മനസിലേക്ക് കൊണ്ടുവരികയും ചെയ്യാം.

ഇതുപോലെയുള്ള ചെറിയ ചെറിയ മാർഗ്ഗങ്ങളിലൂടെ നമുക്കും ദിവ്യകാരുണ്യ സന്ദർശനങ്ങൾ പതിവാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.