സമയം തികയുന്നില്ലെന്ന പരാതിയാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

‘എനിക്ക് ഒന്നിനും സമയം തികയുന്നില്ല’ എന്ന് ഒരിക്കലെങ്കിലും പരാതിപ്പെടാത്തവർ ഉണ്ടാകില്ല. ഒരു ദിവസം 24 മണിക്കൂർ എന്നത് 48 മണിക്കൂർ ആക്കിയിരുന്നെങ്കിൽ എന്ന് ആലോചിക്കുന്നവരും ധാരാളം. ഇന്നത്തെ അതിവേഗ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ സൂക്ഷമമായി പരിശോധിക്കുകയാണെങ്കിൽ ഈ പരാതി പൊള്ളയാണെന്ന സത്യം നമുക്ക് മനസ്സിലാകും. സമയം ഇല്ലാത്തതിനാൽ അല്ല, അത് എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കാത്തതാണ് പ്രശ്‌നം.

നാം ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ സമയം നമുക്കുണ്ട്. എട്ടു മണിക്കൂർ ഉറങ്ങാനും, ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യാനും ജോലി, കുടുംബ സമയം, അല്ലെങ്കിൽ നമുക്ക് പ്രാധാന്യമുളള മറ്റേതെങ്കിലും കാര്യങ്ങൾ ഒഴിവാക്കാതെ നമുക്ക് ചെയ്യാൻ സാധിക്കുമോ? തീർച്ചയായും നമുക്ക് കഴിയും. ഒരു ആഴ്ചയില്‍ നമുക്ക് ലഭ്യമായിരിക്കുന്ന സമയം 168 മണിക്കൂറുകളാണ്. അതിനെ ഒന്ന് പുനഃപരിശോധന നടത്തുകയാണെങ്കിൽ നമുക്ക് നമ്മുടെ എല്ലാകാര്യങ്ങൾക്കും സമയം തികയും.

നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആവശ്യം എന്താണെന്നു മനസ്സിലാക്കുകയാണ് ആദ്യപടി. അത് കണ്ടെത്തിക്കഴിഞ്ഞാൽ നാം അനാവശ്യമായി ഏറ്റവും കൂടുതൽ സമയം കളയുന്ന മേഖല എന്തെന്ന് കണ്ടെത്താം. അത് മിക്കവാറും ഒരേയൊരു കാര്യത്തിൽ ചെന്നെത്താൻ സാധ്യതയുണ്ട്. നമ്മുടെ മൊബൈൽ ഫോൺ. പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാതെ ഫോണിൽ സ്ക്രോൾ ചെയ്യാനുള്ള പ്രലോഭനം എല്ലാവർക്കും ഉണ്ടാകാറുണ്ട്. ഇത് കുറയ്ക്കാൻ സാധിച്ചാൽ നമ്മുടെ സമയത്തെകുറിച്ചുള്ള പരാതികളും പരിഹരിക്കാൻ സാധിക്കും. മൊബൈൽ സ്‌ക്രീൻ സമയം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അതിൽ നിന്ന് ലഭിക്കുന്ന സമയം നമുക്ക് കൂടുതൽ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളിലേക്ക് ഉപയോഗിക്കാൻ സാധിക്കും. പ്രാർത്ഥിക്കാനും വ്യായാമം ചെയ്യാനും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവിടാനും നമുക്ക് സമയം ലഭിക്കും. നമ്മുടെ മൊബൈൽ ഫോൺ എത്ര സമയം ഉപയോഗിക്കുന്നു എന്ന് കണ്ടെത്തുക. അത് മനസ്സിലാക്കിക്കഴിഞ്ഞാൽ നമുക്ക് സമയത്തെ കൂടുതൽ നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിക്കും.

സ്‌ക്രീൻ സമയം കുറയ്ക്കുന്നതിനായി ചില നിർദ്ദേശങ്ങൾ

1. നോട്ടിഫിക്കേഷൻസ് ഓഫ് ചെയ്തിടുക

ഇടയ്ക്കിടെ നമുക്ക് പുതിയതായി വരുന്ന മെസ്സേജുകളുടെ നോട്ടിഫിക്കേഷൻസ് മെസ്സേജുകളായി വരുമ്പോൾ എത്ര സമയമില്ലെങ്കിൽ പോലും അതെന്താണെന്നു നോക്കാനുള്ള താല്പര്യം ഉണ്ടാകും. അതിലൂടെ നമ്മുടെ സമയം ഒരുപാട് നഷ്ടപ്പെടും.

2. ഒരു പുസ്തകം കൈയ്യിൽ കരുതുക

എല്ലായ്പ്പോഴും ഒരു പുസ്തകം കൈയ്യിൽ കരുതുക. നമുക്ക് എപ്പോഴെങ്കിലും അല്പം സമയം കിട്ടിയാൽ ഫോണിലേക്ക് തിരിയാനുള്ള ഒരു സാധ്യത ഉണ്ട്. അത് നാം പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് നമ്മുടെ സമയം കളയും. എന്നാൽ എല്ലായ്പ്പോഴും ഒരു പുസ്തകം നാം കൈയ്യിൽ കരുതിയാൽ അൽപനേരം വായനയ്ക്കായി ചിലവഴിക്കാം. നമ്മുടെ സമയത്തെ കൃത്യമായി വിഭജിക്കാൻ ഈ വായന സഹായകരമാക്കും.

3. ഫോൺ വാൾപേപ്പറുകൾ മങ്ങിയ നിറത്തിലാക്കുക

മങ്ങിയ നിറത്തിലുള്ള വാൾപേപ്പറുകളും പശ്ചാത്തലവും നമ്മുടെ ഫോണിന്റെ ഉപയോഗത്തെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൂടാതെ നമ്മുടെ കണ്ണുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

4. പരിധികൾ നിശ്ചയിക്കുക

സ്‌ക്രീൻ സമയത്തിനുള്ള പരിധികൾ നിശ്ചയിക്കുക. ഭക്ഷണം കഴിക്കുമ്പോഴും കിടപ്പുമുറിയിലും രാത്രി ഏഴുമണിക്ക് ശേഷവും ഫോൺ ഉപയോഗിക്കാതിരിക്കുക.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.