മറ്റുള്ളവരോടുള്ള വിദ്വേഷം അകറ്റാന്‍ ചില ആത്മീയ നിര്‍ദ്ദേശങ്ങള്‍ 

നമ്മുടെ ചുറ്റുമുള്ളവരുടെ ചില പ്രവൃത്തികള്‍ നമ്മില്‍ വേദന ഉളവാക്കാം. ആ വേദനകള്‍ പലപ്പോഴും നമ്മെ, അവരോടുള്ള തീരാത്ത വിദ്വേഷത്തിലേയ്ക്കും വൈരാഗ്യത്തിലേയ്ക്കും നയിക്കാം. മറ്റുള്ളവരോടുള്ള ദേഷ്യം മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ട് നമുക്ക് മാത്രമാണ് നഷ്ടം വരുന്നത്. അത് നമ്മുടെ മനസ്സിന്റെ സ്വസ്ഥത തന്നെ ഇല്ലാതാക്കാം. അതിനാല്‍ നമ്മുടെ ഉള്ളിലെ വിദ്വേഷത്തെ ഇല്ലാതാക്കാം. അതിന് സഹായിക്കുന്ന ചില ആത്മീയ നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. പ്രകൃതിയെ നിരീക്ഷിക്കാം 

നമുക്ക് അതിയായ ദേഷ്യം മറ്റുള്ളവരോട് തോന്നുമ്പോള്‍ പതിയെ ചുറ്റുമുള്ള പ്രകൃതിയിലേക്ക് കണ്ണോടിക്കാം. അവിടെ പക്ഷികളും മൃഗങ്ങളും കുരുവികളും ഒക്കെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ശ്രദ്ധിക്കാം. അവയൊക്കെ സമാധാനപരമായി കടന്നുപോകുന്നു. മനുഷ്യര്‍ തമ്മിലടിക്കുന്നു. ആ ഒരു ബോധ്യം ഉണ്ടാവുകയും അതില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

2. മറ്റുള്ളവരോടുള്ള ദേഷ്യം ഈശോയെ വേദനിപ്പിക്കുന്നു 

നാം മറ്റുള്ളവരോട് ദേഷ്യപ്പെടുമ്പോള്‍, അവരോടുള്ള വിദ്വേഷം മനസ്സില്‍ വയ്ക്കുമ്പോള്‍ അത് ഈശോയെ കൂടുതല്‍ വേദനിപ്പിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാകണം. കാരണം, മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതിനായാണ് അവിടുന്ന് മനുഷ്യനായി അവതരിച്ചത്, കുരിശില്‍ പീഢകള്‍ സഹിച്ചത്. ഈശോയുടെ സഹനത്തോളമൊന്നും നമ്മുടെ സഹനം വരില്ല. ആ തിരിച്ചറിവില്‍ നിന്ന് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ നമുക്ക് കഴിയണം.

3. ദൈവത്തിന്റെ ക്ഷമയെക്കുറിച്ച് ചിന്തിക്കാം 

നമ്മുടെ ജീവിതത്തെ തന്നെ ഒന്ന് വിലയിരുത്താം. നാം നമ്മുടെ ജീവിതത്തില്‍ എത്രയേറെ തെറ്റുകള്‍ ചെയ്യുന്നുണ്ട്. അവയൊക്കെ നമ്മുടെ സൃഷ്ടാവായ ദൈവത്തെ വേദനിപ്പിക്കുന്നുണ്ട്. എങ്കിലും അവിടുന്ന് നമ്മോട് ക്ഷമിക്കുന്നു. നമ്മോട് കരുണ കാണിക്കുന്നു. ആ ക്ഷമയും കരുണയും മറ്റുള്ളവരോട് കാണിക്കുവാന്‍ നാം ബാധ്യസ്ഥരാണ്.

4. വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കാം 

ചിലരോടുള്ള ദേഷ്യം നമുക്ക് മറക്കാന്‍ പറ്റുന്നില്ല, ക്ഷമിക്കാന്‍ പറ്റുന്നില്ല. ചില അവസരങ്ങളില്‍ അങ്ങനെ സംഭവിക്കുക സാധാരണമാണ്. അങ്ങനെയുള്ള വ്യക്തികളെ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് സമര്‍പ്പിക്കാം. അവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. അപ്പോള്‍ ദൈവം അവിടെ പ്രവര്‍ത്തിച്ചു കൊള്ളും.

5. മറ്റുള്ളവരിലെ നന്മ കണ്ടെത്താം 

നമ്മെ വേദനിപ്പിച്ച ആളുകള്‍ നമുക്ക് നല്‍കിയ നല്ല നിമിഷങ്ങള്‍ ഓര്‍ക്കാം. അവരെ സ്‌നേഹിക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.