ഈ വാഴ്ത്തപ്പെട്ട സന്യാസിനിയുടെ ജീവിതത്തിലെ ചില ആദര്‍ശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സ്വാധീനിക്കും

പോളണ്ടിലെ ക്രാക്കോവില്‍ പാവങ്ങളെ ശുശ്രൂഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു വി. ആര്‍ബര്‍ട്ട് ഷെമിലോസ്‌ക്കി നടത്തിയിരുന്നത്. അദ്ദേഹത്തിന് സഹായവുമായി കൂടെയുണ്ടായിരുന്ന ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയിലെ മദര്‍ സുപ്പീരിയറായിരുന്നു വാഴ്ത്തപ്പെട്ട ബെര്‍ണര്‍ഡൈന മരിയ ജബ്ലോന്‍സ്‌ക.

1997-ല്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയ സമയത്ത്, അവരുടെ പുണ്യങ്ങളെക്കുറിച്ച് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ സംസാരിക്കുകയുണ്ടായി. ചില പ്രത്യേക ആദര്‍ശങ്ങള്‍ ജീവിതത്തില്‍ കൊണ്ടുനടന്ന വ്യക്തിയായിരുന്നു അവര്‍. ‘നല്‍കുക, തുടര്‍ച്ചയായി നല്‍കുക’ എന്നതായിരുന്നു അവരുടെ സുപ്രധാന ലക്ഷ്യം. ക്രൂശിതനായ ക്രിസ്തുവിലേയ്ക്ക് നോട്ടം ഉറപ്പിച്ചുകൊണ്ട് അവര്‍ അവിടുത്തെ സ്‌നേഹം അനേകര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. തന്റെ അടുക്കല്‍ എത്തുന്നവരുടെയെല്ലാം കണ്ണുനീര്‍ തുടച്ചുകൊടുത്തു. വേദനിക്കുന്ന ഓരോ ആത്മാവിനെയും സ്വാന്ത്വനപ്പെടുത്തി.

അവര്‍ എപ്പോഴും പറയുമായിരുന്നു, ‘എന്റെ അയല്‍ക്കാരന്റെ വേദന എന്റെ വേദനയാണ്’ എന്ന്. അത് വെറും വാക്കല്ല എന്ന് അനുഭവിച്ചറിഞ്ഞവരില്‍ അഗതികളും അശരണരും രോഗികളുമായി ആയിരങ്ങളുണ്ടായിരുന്നു. ഈ ദൈവദാസിയായ സന്യാസിനിയുടെ വാക്കുകളും ആദര്‍ശവും നാമും മാതൃകയാക്കേണ്ടതാണ്. അയല്‍ക്കാരന്റെ വേദന സ്വന്തം വേദനയായി പരിഗണിക്കാനും അവരില്‍ ക്രിസ്തുവിനെ കണ്ട് സഹായിക്കാനും സാധിച്ചാല്‍ മാത്രമേ ക്രിസ്തുവിന്റെ അനുയായി, നല്ല സമരായന്‍ എന്നൊക്കെ വിളിക്കപ്പെടാന്‍ നാം യോഗ്യരാവുകയുള്ളൂ.