പുൽക്കൂട്ടിൽ നിന്ന് പഠിക്കാൻ ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന പത്ത് കാര്യങ്ങൾ

2019-ൽ ഫ്രാൻസിസ് മാർപാപ്പ പുൽക്കൂടിന്റെ അർത്ഥത്തെയും പ്രാധാന്യത്തെയും കുറിച്ച് ഒരു അപ്പസ്തോലിക കത്ത് പുറത്തിറക്കി. ഈ കത്തിൽ മാർപാപ്പ പറയുന്ന പത്ത് കാര്യങ്ങൾ നമുക്ക് പരിശോദിക്കാം.

1. പുൽക്കൂട് ജീവിക്കുന്ന സുവിശേഷമാണ്

പുൽക്കൂട് ഒരുക്കുക എന്നത് ദൈവപുത്രന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ ലളിതവും സന്തോഷകരവുമായ പ്രഖ്യാപനമാണ്. പുൽക്കൂടിനെ ധ്യാനിക്കുന്നവരെ ഒരു ആത്മീയ യാത്രയിലേക്ക് ക്ഷണിക്കുകയാണ് ഈശോ.

2. ഈ പാരമ്പര്യം ബൈബിൾ അധിഷ്ഠിതമാണ്

ഈശോയുടെ ജനന രംഗം വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് തന്നെയാണ് നമുക്ക് ലഭിക്കുന്നത്. വി. ലൂക്കാ 2:7 ൽ പറയുന്നു : “അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി. കാരണം സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല “. പുൽത്തൊട്ടി തന്നെയാണ് ഈശോയുടെ ജനന രംഗങ്ങളുടെ ശ്രദ്ധാകേന്ദ്രവും.

3. ഇറ്റലിയിലെ പട്ടണത്തിലാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് 1223 നവംബറിൽ തന്റെ സന്യാസ സമൂഹത്തിന്റെ ഭരണഘടനയ്ക്ക് മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചതിന് ശേഷം റോമിൽ നിന്ന് മടങ്ങും വഴി ഗ്രെസിയോയിൽ എത്തി. ക്രിസ്‌തുമസിന് പതിനഞ്ച് ദിവസം മുമ്പ്, അദ്ദേഹം ജോൺ എന്ന ഒരു നാട്ടുകാരനോട് യേശുവിന്റെ ജനന രംഗം ഒന്ന് പുനരാവിഷ്‌ക്കരിക്കാൻ സഹായം ആവശ്യപ്പെട്ടു. ബെത്‌ലഹേമിൽ ജനിച്ച ഉണ്ണീശോയുടെ ഓർമ്മകൾ ജീവസുറ്റതാക്കുക, ശിശുവിന്റെ ആവശ്യങ്ങളും അസ്വസ്ഥതകളും, അവൻ എങ്ങനെ കിടന്നുറങ്ങുന്നുവെന്നും, അവൻ കിടക്കുന്ന പുൽത്തൊട്ടിയും തൻറെ കണ്ണുകൾകൊണ്ട് കാണാൻ കഴിയുക – ഇതായിരുന്നു ഫ്രാൻസിസ് അസ്സിസി ജനനരംഗാവിഷ്കരണത്തിലൂടെ ഉദ്ദേശിച്ചത്. ക്രിസ്തുമസ് ദിനത്തിൽ വി: ഫ്രാൻസിസ് അസ്സിസിയും മറ്റ് ചില സന്യാസിമാരും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളും ചേർന്ന് വൈക്കോൽ നിറഞ്ഞ പുൽത്തൊട്ടി ഉണ്ടാക്കുകയും അതിന്റെ മുമ്പിൽ ഒരു കാളയെയും കഴുതയെയും കാവലായി നിർത്തുകയും ചെയ്തു.

4. ആദ്യ ജനനരംഗം വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗ്രെസിയോയിൽ ഈശോയുടെ ജനനരംഗം ആവിഷ്കരിച്ചപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം ക്രിസ്തുമസ് രംഗത്തിന്റെ പുനരാവിഷ്ക്കരണത്തിന്റെ സന്തോഷം അനുഭവിച്ചു. ദൈവപുത്രന്റെ മനുഷ്യാവതാരവും വിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധം പ്രകടമാക്കിക്കൊണ്ട് പുരോഹിതൻ പുൽത്തൊട്ടിക്ക് മുകളിൽ അന്ന് ദിവ്യബലിയർപ്പിച്ചു. അന്നത്തെ പുൽക്കൂടുകളിൽ രൂപങ്ങൾ ഇല്ലായിരുന്നുവെന്ന് മാർപ്പാപ്പ പറയുന്നു. പകരം ക്രിസ്തുവിന്റെ ജനന രംഗം അവിടെ സന്നിഹിതരായിരുന്ന എല്ലാവരും ചേർന്ന് അവതരിപ്പിക്കുകയാണ് ചെയ്തിരുന്നത്.

5. ജനനാവിഷ്കരണം ദർശനത്തിന് കാരണമായി

ആദ്യത്തെ ജനന രംഗത്തിന്റെ സാക്ഷികളിലൊരാൾ അത്ഭുതകരമായ ഒരു ദർശനം കണ്ടതായി പാപ്പാ അനുസ്മരിക്കുന്നു. വി. ഫ്രാൻസിസിന്റെ ആദ്യ ജീവചരിത്രകാരനാണ് സെലാനോയിലെ തോമസ്. അന്നത്തെ ജനനരംഗത്തിന്റെ സാക്ഷികളിലൊരാൾ ഉണ്ണിയേശുവിനെ തന്നെ പുൽത്തൊട്ടിയിൽ കിടക്കുന്നത് കണ്ടതായി തോമസ് രേഖപെടുത്തിയിട്ടുണ്ട്.

6. യേശുവിന്റെ മനുഷ്യാവതാരരംഗം സുവിശേഷവത്കരണത്തിന് കാരണമാകുന്നു

ജനനരംഗം പുനർസൃഷ്ടിച്ചുകൊണ്ട് വി. ഫ്രാൻസിസ് സുവിശേഷവൽക്കരണത്തിന്റെ മഹത്തായ ഒരു പ്രവർത്തനം നടത്തി എന്ന് പ്പാപ്പാ പറയുന്നു, അത് ഇന്നും ഹൃദയങ്ങളെ സ്പർശിക്കുന്നു. എല്ലാവർക്കും പ്രാപ്യമായ വിശ്വാസത്തിന്റെ സൗന്ദര്യം ചിത്രീകരിക്കുന്നതിനുള്ള ലളിതവും എന്നാൽ ആധികാരികവുമായ മാർഗ്ഗമാണ് വിശുദ്ധൻ കണ്ടെത്തിയത്.

7. പുൽക്കൂട് ദൈവസ്നേഹത്തിന്റെ അടയാളമാണ്

ജനനരംഗങ്ങൾ വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് ദൈവത്തിന്റെ ആർദ്രമായ സ്നേഹം പ്രകടമാക്കുന്നതിനാലാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ എഴുതുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മുടെ നിസ്സാരത ഏറ്റെടുക്കാൻ സ്വയം താഴ്ന്നതായി പുൽക്കൂടുകൾ ചൂണ്ടികാണിക്കുന്നു. മനുഷ്യാവതാരത്തിൽ ഈശോ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം അനുഭവിക്കാൻ ഇത് ആളുകളെ സഹായിക്കുന്നു.

8. ഈശോയുടെ മനുഷ്യാവതാരരംഗങ്ങളിൽ സുവിശേഷ വേലക്കുള്ള വിളിയും ഉൾപ്പെടുന്നു

ക്രിസ്തു ജനിച്ച പുൽത്തൊട്ടിലിൽ മഹത്തായ ഒരു സന്ദേശം അടങ്ങിയിട്ടുണ്ട്. ബെത്‌ലഹേമിലെ പുൽത്തൊട്ടിയിൽ നിന്ന് കുരിശിലേക്ക് നയിക്കുന്ന വിനയത്തിന്റെയും ദാരിദ്ര്യത്തിന്റെയും സ്വയം പരിത്യാഗത്തിന്റെയും പാതയിലൂടെ അവനെ പിന്തുടരാൻ ഇത് നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറയുന്നു. വലിയ ആവശ്യങ്ങളുള്ള നമ്മുടെ സഹോദരീ സഹോദരന്മാരോട് കരുണ കാണിച്ചുകൊണ്ട് ക്രിസ്തുവിനെ കാണാനും സേവിക്കാനും പുൽക്കൂടിന്റെ ലാളിത്യം നമ്മോട് ആവശ്യപ്പെടുന്നു.

9. പുൽക്കൂടിന്റെ പരിസരങ്ങൾ പോലും അർത്ഥപൂർണ്ണമാണ്

മനുഷ്യാവതാര രംഗങ്ങളിൽ പലപ്പോഴും പുരാതന വീടുകളുടെയോ കെട്ടിടങ്ങളുടെയോ അവശിഷ്ടങ്ങൾ ഉൾപ്പെടുന്നുണ്ട് . അവശിഷ്ടങ്ങൾ വീണുപോയ മാനവികതയുടെ ദൃശ്യമായ അടയാളമാണ്. പ്രായമാകുന്ന ലോകത്തിന്റെ നടുവിൽ യേശു പുതുമയുള്ളവനാണെന്നും ലോകത്തെയും നമ്മുടെ ജീവിതത്തെയും അവയുടെ യഥാർത്ഥ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനും സൗഖ്യമാക്കാനും പുനർനിർമ്മിക്കാനുമാണ് യേശു വന്നിരിക്കുന്നതെന്നും ഈ മനോഹരമായ ക്രമീകരണം നമ്മോട് പറയുന്നു.

10. മനുഷ്യാവതാര രംഗങ്ങൾ മറിയത്തോടും ജോസഫിനോടും ഉള്ള ഭക്തിയെ പരിപോഷിപ്പിക്കുന്നു

പരിശുദ്ധ കന്യാമറിയം തന്റെ കുഞ്ഞിനെക്കുറിച്ചു ചിന്തിക്കുകയും എല്ലാ സന്ദർശകരെയും തന്റെ പുത്രനെ കാണിക്കുകയും ചെയ്യുന്ന ഒരു അമ്മയാണ്. തന്റെ പുത്രനെ തനിക്കായി മാത്രം സൂക്ഷിക്കാതെ, അവന്റെ വചനം അനുസരിക്കാനും അത് പ്രാവർത്തികമാക്കാനും എല്ലാവരേയും ക്ഷണിക്കുന്ന ദൈവമാതാവിനെ നാം കാണുന്നു. വി. യൗസേപ്പിതാവ് മേരിയുടെ അരികിൽ നിന്നുകൊണ്ട് അവളെയും ഉണ്ണിയേശുവിനെയും സംരക്ഷിക്കുന്നു. യൗസേപ്പിതാവ് എല്ലായ്‌പ്പോഴും ദൈവഹിതത്തിൽ തന്നെത്തന്നെ ഭരമേല്പിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്‌തിരുന്നു. അതുതന്നെ ചെയ്യാൻ യേശുവിന്റെ മനുഷ്യാവതാര രംഗങ്ങൾ നമ്മെയും ഓർമ്മിപ്പിക്കുന്നു.

വിവർത്തനം: ഐശ്വര്യ സെബാസ്റ്റ്യന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.