“നേരത്തെ അവൻ/ അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല. ഈ അടുത്തായിട്ടാ ഇങ്ങനെ” കൗമാരപ്രായക്കാരായ കുട്ടികൾ ഉള്ള മിക്ക മാതാപിതാക്കളുടെയും പരാതി പറച്ചിൽ ആണ് ഇത്. ശരിയാണ്, കൗമാര പ്രായത്തിലേയ്ക്ക് കടക്കുന്ന കുട്ടികളിൽ സ്വഭാവത്തിലും ശരീരപ്രകൃതിയിലും അനുസരണാ ശീലത്തിലും ഒക്കെ കാര്യമായ മാറ്റങ്ങൾ സംഭവിക്കും. അത് ഒരു യഥാർഥ്യമായി അംഗീകരിച്ചുകൊണ്ട് ഇക്കൂട്ടരേ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ കഴിയുന്ന അല്ലെങ്കിൽ ഈ പ്രായക്കാരോട് പെരുമാറേണ്ട ചില മാർഗ്ഗങ്ങൾ ആണ് ഇവിടെ ചേർക്കുന്നത്.
1. മാറ്റം അംഗീകരിക്കാം
കൗമാരക്കാരായ കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ അംഗീകരിക്കുവാൻ മാതാപിതാക്കൾ തയ്യാറാവുക എന്നതാണ് ആദ്യത്തെ കാര്യം. നിസാരം എന്ന് തോന്നാമെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആണ് ഇത്. അതുവരെ ഇല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ അംഗീകരിച്ചിരുന്ന മക്കൾ ചിലകാര്യങ്ങളിൽ എങ്കിലും എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ അല്ലെങ്കിൽ അമിതമായ ലാളനയെയും ശകാരത്തേയും ‘ഞാൻ കൊച്ചു കുട്ടിയൊന്നുമല്ലലോ’ എന്ന ഡയലോഗ് കൊണ്ട് നിശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ അതിനെ ആദ്യം തിരിച്ചറിയാം, കൗമാര പ്രായത്തിന്റെ പ്രത്യേകതകളാണ് ഇതെന്ന്. അതിനാൽ തന്നെ അവരെ സൗമ്യമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
2. വ്യക്തിത്വത്തെ മാനിക്കാം
കൗമാര പ്രായത്തിൽ എത്തുന്ന കുട്ടികൾക്ക് തങ്ങൾ കൊച്ചു കുട്ടികൾ അല്ല എന്ന ബോധ്യം ഉണ്ടാവുക സ്വഭാവികമാണ്. അവർക്കു അവരുടേതായ വീക്ഷണങ്ങളും ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഒക്കെ ഉണ്ടാകുന്ന സമയം. ഈ സമയം അവരുടെ വ്യക്തിത്വത്തെ മാനിക്കുന്നതായ പ്രവർത്തനങ്ങൾ ചുറ്റുമുളവരിൽ നിന്ന് ഉണ്ടാകുവാൻ അവർ ആഗ്രഹിക്കും. അതിനാൽ അവർക്കും പറയാനുള്ളത് എന്താണെന്നു കേൾക്കുവാനും നല്ലതെങ്കിലും അവയെ അംഗീകരിക്കുവാനും ഉള്ള സാവകാശം മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നൽകണം. അത് കുടുംബത്തോടുള്ള അവരുടെ സൗഹൃദത്തെയും ബന്ധത്തെയും വർധിപ്പിക്കും.
3. സ്നേഹത്തോടെ സംസാരിക്കാം; സൗഹൃദം സ്ഥാപിക്കാം
കൗമാരക്കാരായ കുട്ടികൾ പലപ്പോഴും എടുത്തുചാട്ടക്കാരായി മാറാറുണ്ട്. എന്ത് പറഞ്ഞാലും എതിർക്കുന്ന സ്വഭാവക്കാരും ആകാം. എന്ത് തന്നെ ആയാലും അവരുടെ പ്രായത്തിന്റെ പ്രത്യേകതയായി കണ്ടുകൊണ്ട് സ്നേഹത്തോടെ സംസാരിക്കുവാൻ ഉള്ള വിവേകം മാതാപിതാക്കൾ കാണിക്കണം. അല്ലാതെ എതിർക്കുമ്പോൾ തിരിച്ചു ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്താൽ അത് മാതാപിതാക്കളോടുള്ള മക്കളുടെ ഇഷ്ടക്കേടിനും വെറുപ്പിനും വഴിതെളിക്കുകയേ ഉള്ളു. അതിനാൽ സ്നേഹത്തോടെ മനസു തുറന്നു സംസാരിക്കുകയും അവരുടെ മനസാക്ഷി സൂക്ഷിപ്പുകാരായി മാറുകയും ചെയ്യുവാൻ മാതാപിതാക്കൾക്കു കഴിയണം. അത് പുറത്ത് തെറ്റായ സൗഹൃദങ്ങളിലേക്ക് പോകാതെ നിങ്ങളുടെ കുട്ടിയെ നിങ്ങളോട് ചേർത്തു നിർത്തുന്നതിനു കാരണമാകും.
4. സ്വാതന്ത്ര്യം ആവശ്യമായ മേഖലയിൽ അനുവദിക്കാം
എല്ലാ മേഖലകളിലും ഏർപ്പെടുത്തുന്ന കഠിനമായ നിയന്ത്രണങ്ങൾ കൗമാരക്കാരെ ശ്വാസം മുട്ടിക്കുന്നുണ്ടാവും. അതിനാൽ ഈ പ്രായത്തിൽ എത്തുന്നവർക്ക് അൽപ്പം സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ തെറ്റില്ല. എങ്കിലും മാതാപിതാക്കളുടെ ഒരു കണ്ണു അവർക്കു മേൽ ഉണ്ടാകണം എന്ന് മാത്രം. ഒപ്പം കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുവാൻ മാതാപിതാക്കൾ സമയം മാറ്റിവയ്ക്കുവാൻ തയ്യാറാകണം. ഉചിതമായ സമയത്ത് സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുവാൻ ഉള്ള സ്വാതന്ത്ര്യം കുട്ടികളെ കാര്യശേഷിയുള്ളവരാക്കി തീർക്കും. ഒപ്പം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും കൃത്യമായി ചെയ്യുവാനും കഴിയും.
5. വിശ്വാസ പരിശീലനത്തിൽ ശ്രദ്ധചെല്ലുത്തണം
കൗമാരക്കാരായ കുട്ടികളുടെ വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്വഭാവികമായി പ്രാർത്ഥിക്കുവാനും മറ്റുമുള്ള നിർദ്ദേശങ്ങൾ ഇക്കൂർ ഇഷ്ടപ്പെടുന്നില്ല എങ്കിലും സ്നേഹപൂർവ്വം ഉള്ള നിർദ്ദേശങ്ങളും നല്ല ജീവിത മാതൃകകളും ഇവരെ വളരെയധികം സ്വാധീനിക്കും. അതിനാൽ വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കൾ മക്കൾക്കു എപ്പോഴും മാതൃക ആകണം.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാതാപിതാക്കൾക്കു കൗമാരക്കാരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
മരിയ ജോസ്