കരുതാം ഈ ഒൻപത് മിനിറ്റ് മക്കൾക്കായി

തിരക്കുപിടിച്ച ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. പലപ്പോഴും നമ്മുടെ പരാതി ‘ഒന്നിനും സമയമില്ല’ എന്നതാണ്. എന്നാൽ, ജീവിതത്തിൽ സമയം ചെലവഴിക്കേണ്ട ചില സാഹചര്യങ്ങളും വ്യക്തികളും ഉണ്ട്. സ്വന്തം മക്കളുടെ അടുത്ത് നാം നിർബന്ധമായും കുറച്ചു സമയം ചെലവഴിക്കണം. അത് കുട്ടികൾ വളരെ ചെറുപ്പമായിരിക്കുമ്പോൾ മുതൽ മുതിർന്നവർ ആയിരിക്കുമ്പോൾ വരെ തുടരേണ്ടതാണ്. കുട്ടിയുടെ അടുത്ത് അമ്മയുണ്ടല്ലോ, അല്ലെങ്കിൽ അപ്പനുണ്ടല്ലോ എന്ന് മാതാപിതാക്കൾ പരസ്പരം കരുതാറുണ്ട്. എന്നാൽ, ദിവസത്തിൽ കുറച്ചു സമയം മാതാപിതാക്കൾ മക്കളോടൊപ്പം ചിലവഴിക്കണം.

മാതാപിതാക്കളുടെ ഒരു ദിവസത്തെ ഒൻപതു മിനിറ്റ് കുഞ്ഞുങ്ങൾക്ക് വേണ്ടി നിർബന്ധമായും മാറ്റിവെയ്ക്കണം. എത്ര തിരക്കാണെങ്കിലും മക്കളുമായി ഹൃദയബന്ധം സൂക്ഷിക്കാൻ ഈ സമയം ഉപയോഗപ്പെടുത്താം. രാവിലെയും വൈകിട്ടും രാത്രിയും മൂന്ന് മിനിറ്റ് വീതം കുട്ടികൾക്കായി മാറ്റി വെയ്ക്കുക. മക്കളുമായി ഹൃദയബന്ധം ദൃഢമാക്കാൻ ഇക്കാര്യങ്ങൾ ആവശ്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

1. രാവിലെ മൂന്ന് മിനിറ്റ്

കുഞ്ഞുങ്ങൾ ഉണർന്നെണീറ്റ് ഉടനെയുള്ള മൂന്ന് മിനിറ്റ് സമയം മാതാപിതാക്കൾ കുഞ്ഞുങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചെറിയ പ്രായത്തിൽ ആ സമയം അവരോട് പോസിറ്റീവ് ചിന്തകൾ നിറയ്ക്കുന്ന കാര്യങ്ങൾ സംസാരിച്ചാൽ അത് അവരുടെ വ്യക്തിത്വ രൂപീകരണത്തെ തന്നെ സ്വാധീനിക്കും. അതിനാൽ, കുട്ടി ഉണർന്ന ഉടനെ മാതാപിതാക്കൾ അവരുടെ അരികിലിരുന്ന് ഇത്തരം കാര്യങ്ങൾ ശാന്തമായി സംസാരിക്കുക.

2. വൈകിട്ട് മൂന്ന് മിനിറ്റ്

കുട്ടികൾ അവരുടെ സ്‌കൂളിലെ വിശേഷങ്ങൾ ഒക്കെ പങ്കുവെയ്ക്കുന്ന സമയമാണ് സ്‌കൂൾ വിട്ടു വരുന്ന വൈകുന്നേരം സമയം. ‘പോയി പഠിക്ക്’, ‘എനിക്ക് ഇപ്പോൾ കേൾക്കാൻ സമയമില്ല’…എന്നിങ്ങനെയുള്ള ശകാരങ്ങൾ പതിയെ പതിയെ മക്കൾ കാര്യങ്ങൾ മാതാപിതാക്കളോട് പങ്കുവെയ്ക്കാത്ത ഒരു സാഹചര്യത്തിലേക്ക് നയിക്കും. മക്കളോട് കാര്യങ്ങൾ ചോദിക്കാനും അവർ പറയുന്നത് കേൾക്കാനും തയ്യാറായാൽ ഓരോ ദിവസവും അന്നത്തെ വിശേഷങ്ങൾ പറയുന്ന ഒരു ശീലം കുട്ടിക്ക് ഉണ്ടാകും. ഒപ്പം, മാതാപിതാക്കളോടുള്ള സ്നേഹബന്ധവും ശക്തിപ്പെടും.

3. രാത്രി മൂന്ന് മിനിറ്റ്

ഒരു ദിവസത്തിന്റെ അവസാനം കുട്ടി കിടക്കാനായി പോകുമ്പോൾ അവരുടെ അരികത്തായി കുറച്ചു സമയം ഇരിക്കുന്നതും അവരെ ശ്രവിക്കുന്നതും നല്ലതാണ്. മാതാപിതാക്കൾ അരികിലിരിക്കുന്ന ഈ നിമിഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഇത് കുട്ടിയിലുണ്ടാക്കുന്ന സുരക്ഷിതത്വ ബോധം വളരെ വലുതാണ്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.