പ്രിയ പപ്പായ്ക്കും മമ്മിക്കും സ്നേഹപൂർവ്വം…

മാതാപിതാക്കൾ മക്കൾക്ക് നിരവധി നിർദ്ദേശങ്ങൾ നൽകാറുണ്ട്. എന്നാൽ മക്കൾ തങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. കൊച്ചുമനസ്സുകളിലെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും നമ്മൾ മാതാപിതാക്കളും വില കൊടുക്കേണ്ടതുണ്ട്. അതിലേക്കായി, നമ്മുടെ മക്കളുടെ ഭാഗത്തു നിന്നുള്ള ആഗ്രഹങ്ങൾ.

1. ഞങ്ങൾ നിങ്ങളെയാണ് അനുകരിക്കുന്നത്

ഞങ്ങളുടെ എക്കാലത്തെയും റോൾ മോഡൽസ് നിങ്ങൾ മാത്രമാണ്. വിശുദ്ധരും മറ്റു പ്രശസ്തരായ വ്യക്തികളും ഞങ്ങൾക്ക് മുൻപിലുണ്ടെങ്കിലും പ്രിയപ്പെട്ട പപ്പാ, മമ്മീ… നിങ്ങൾ തന്നെയായിരിക്കും ഞങ്ങളുടെ എക്കാലത്തെയും ഹീറോയും ഹീറോയിനും. അതിനാൽ ഞങ്ങൾക്ക് എന്നും നല്ല മാതൃക നല്കിക്കൊണ്ടിരിക്കണേ. നിങ്ങളിലെ ചെറിയ പ്രശ്നങ്ങൾ പോലും ഞങ്ങളെയും നന്നായി ബാധിക്കും. ഉപദേശമല്ല, മാതൃകയാണ് ഞങ്ങളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്നതെന്ന് ഒന്ന് ഓർമ്മിക്കണേ.

2. ഞങ്ങളെ ശ്രദ്ധിച്ചു കേൾക്കുക / മനസ്സിലാക്കാക്കുക

കുറ്റപ്പെടുത്തലുകളേക്കാളുപരി ഞങ്ങൾ ഇഷ്ടപ്പെടുന്നത് ഞങ്ങളെയും കേൾക്കുവാനുള്ള നിങ്ങളുടെ വലിയ മനസ്സിനെയാണ്. ശ്രദ്ധാപൂർവ്വം ഞങ്ങളെ കേൾക്കുക. അതിനായി ഞങ്ങൾ മനസ്സിലാക്കുന്ന ചില അടയാളങ്ങളാണ് ഞങ്ങളോടുള്ള നിങ്ങളുടെ ദയാപരമായ സമീപനം. കടുത്ത വാക്കുകൾ ഞങ്ങളോട് ഉപയോഗിക്കുന്നതിനു മുൻപ് ഒന്ന് മനസ്സിലാക്കണേ, ഞങ്ങൾ വളർന്നുവരുന്നതേ ഉള്ളൂ! ഞങ്ങളുടെ മുഖഭാവം കാണുമ്പോൾ ഞങ്ങൾക്ക് മാറ്റങ്ങളുണ്ടെന്നു നിങ്ങൾക്ക് മനസ്സിലാകുമല്ലോ അല്ലേ? പിന്നെ വിവേകമുള്ളവരാകുക. നിങ്ങളും ഞങ്ങളെപ്പോലെ ക്ഷിപ്രകോപികളും എടുത്തുചാട്ടക്കാരും ആകുന്നത് ഞങ്ങൾക്ക് നന്നായി വിഷമം ഉണ്ടാക്കുമേ.

3. ഞങ്ങൾക്ക് താക്കീത് നൽകുന്നതിൽ പിശുക്ക് കാണിക്കരുത്

ഞങ്ങളുടെ തെറ്റുകൾ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തരിക. തെറ്റ് തെറ്റു തന്നെയാണെന്നു ഞങ്ങൾ മനസ്സിലാക്കട്ടെ. നിങ്ങളെ ഒരിക്കലും വേദനിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ മൂലം നിങ്ങൾക്ക് എന്തെങ്കിലും വേദനയുണ്ടെങ്കിൽ ഞങ്ങളോടും അത് പറയാൻ മറക്കണ്ട.

4. ശാന്തത നിലനിർത്തുമല്ലോ അല്ലേ?

ഞങ്ങൾ തെറ്റു പറയുമ്പോഴും ചെയ്യുമ്പോഴുമെല്ലാം ശാന്തത നിലനിർത്തുന്ന മാതാപിതാക്കളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അല്പം കൂടി ‘കൂൾ’ ആകുവാൻ ആഗ്രഹമുണ്ട് . പക്ഷേ, സാധിക്കുന്നില്ല. ആ ഒരു ഏരിയയിൽ കൂടി ഞങ്ങൾക്ക് മാതൃകയിരുന്നെകിൽ തീർച്ചയായും ഞങ്ങൾക്കും നിങ്ങളെപ്പോലെ നല്ല മാതാപിതാക്കളാകുവാൻ സാധിക്കും.

5. വെളിച്ചമായി മാറില്ലേ നിങ്ങൾ രണ്ടു പേരും

പ്രിയപ്പെട്ട പപ്പായോടും മമ്മിയോടും പറയുവാനാകാത്ത ഒരുപാട്  കാര്യങ്ങളുണ്ട് ഞങ്ങളുടെ മനസ്സിൽ. നമ്മെക്കാളും വലിയ ഒന്നിനോട് (ദൈവത്തോട്) പറയുവാൻ ഞങ്ങളെ പഠിപ്പിക്കാമോ? അവിടുന്ന് നമ്മെ കേൾക്കുമെന്നും  ഉത്തരം നൽകുമെന്നും ഞങ്ങൾക്ക് ബോധ്യം തരിക. വെളിച്ചത്തെക്കുറിച്ച് ഉപദേശമല്ല വെളിച്ചമാണ് ഞങ്ങൾക്ക് വേണ്ടത്.  നിങ്ങൾക്ക് രണ്ടു പേർക്കും എന്താണോ പ്രിയപ്പെട്ടത് അതു മാത്രമായിരിക്കും ഞങ്ങൾക്കും പ്രാധാന്യമുള്ളത്.

6. ശിക്ഷിക്കുക

തെറ്റ് ചെയ്‌താൽ ശിക്ഷിക്കുക. ഞങ്ങളുടെ വികാരാവേശത്തിനു പുറത്തുള്ള ഭീഷണികൾക്ക് മുൻപിലൊന്നും നിങ്ങൾ പതറരുത്. നന്മയും തിന്മയും തമ്മിലല്ല വേർതിരിവ്. ഞങ്ങൾക്ക് അറിയണം. ചിലതൊക്കെ നിഷേധിക്കുമ്പോഴാണ് ഞങ്ങൾക്ക് ആവശ്യവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസം അറിയുകയുള്ളൂ.

7. ഞങ്ങൾക്ക് അഭിനന്ദനം നൽകുവാൻ മറക്കരുതേ

പരാജയങ്ങളെ വലിയ വീഴ്ചകളായും നേട്ടങ്ങളെ സാധാരണമായും കാണുമ്പോൾ ഞങ്ങളിൽ  സ്വയം മതിപ്പ് നഷ്ടപ്പെടും. കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ, സ്വന്തമായ നിങ്ങൾ  പോലും ഞങ്ങൾക്ക് ശത്രുക്കളെപ്പോലെ തോന്നിപ്പോകും. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തതല്ലേ ഞങ്ങളെ വളർത്തുന്നത്. അതിനൊപ്പം ഞങ്ങളുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ തീർച്ചയായും ഞങ്ങൾക്ക് നിങ്ങളോട് കൂടുതൽ സ്നേഹവും ഉത്തരവാദിത്വവും കാണിക്കുവാൻ സാധിക്കും. കുറവുകളെ പറഞ്ഞുതരാം. പക്ഷെ കുറ്റപ്പെടുത്തരുതേ. ഞങ്ങൾ തളർന്നുപോകും.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.